മുഖ്യമന്ത്രിക്കും കെ.ബാബുവിനുമെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്

Posted on: May 17, 2016 1:17 pm | Last updated: May 18, 2016 at 12:33 pm

k babu oommen chandyതലശേരി: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി കെ.ബാബുവിനുമെതിരെ ത്വരിത പരിശോധനക്ക് ഉത്തരവ്. സ്വകാര്യ ഹരജിയില്‍ തലശേരി വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കണ്ണൂര്‍ വിമാനത്താവളത്തിലെ മരംമുറി അഴിമതിയുമായി ബന്ധപ്പെട്ടാണ് കോടതി ഉത്തരവ്. വരെ കൂടാതെ കണ്ണൂര്‍ വിമാനത്താവള നിര്‍മാണ കമ്പനിയുടെ എം.ഡി ചന്ദ്രമൗലി, സിയാല്‍ എം.ഡി വി.ജെ.കുര്യന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ടോം ജോസഫ് എന്നിവര്‍ക്കെതിരേയും അന്വേഷണം നടത്തി ജൂണ്‍ 17നകം റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
അനധികൃതമായി മരം മുറിച്ചത് വഴി സര്‍ക്കാരിന് 30 കോടിയുടെ നഷ്ടമുണ്ടായെന്ന പരാതിയിലാണ് ത്വരിത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചത്. വിമാനത്താവളത്തിനായി മരം മുറിക്കുന്നതിലും, ഭൂമി ഏറ്റെടുക്കുന്നതിലും ഉദ്യോഗസ്ഥര്‍ അനധികൃതമായി ഇടപെട്ടെന്ന് പരാതിയില്‍ പറയുന്നു. മരം മുറിയുടെ വരവുചെലവുകള്‍ കണക്കില്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടേയും വിമാനത്താവള നിര്‍മ്മാണത്തിന്റെ ചുമതല വഹിച്ച കെ.ബാബുവിന്റേയും അറിവോടെയാണ് ക്രമക്കേട് നടന്നതെന്നും പരാതിക്കാരാന്‍ കോടതിയില്‍ വാദിച്ചു.മരം മുറിക്കാന്‍ കരാര്‍ നേടിയ സ്വകാര്യ കമ്പനിക്ക് 30,000 മരങ്ങള്‍ മുറിക്കാനാണ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ ഇത് മറികടന്ന് ഒരു ലക്ഷത്തിലധികം മരങ്ങള്‍ മുറിച്ച കമ്പനി സര്‍ക്കാരിന് വന്‍നഷ്ടമുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. ഇരിട്ടി സ്വദേശിയായ ജെയിംസാണ് പരാതിക്കാരന്‍. നേരത്തെ ഇതേക്കുറിച്ച് അന്വേഷണം നടത്തിയ ഉത്തരമേഖല എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി മരംമുറിച്ച് വിറ്റതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.