ജെറ്റ് സന്തോഷ് വധം: രണ്ട് പേര്‍ക്ക് വധശിക്ഷ; അഞ്ച് പേര്‍ക്ക് ജീവപര്യന്തം

Posted on: May 17, 2016 12:18 pm | Last updated: May 17, 2016 at 7:45 pm

തിരുവനന്തപുരം : ജെറ്റ് സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ. മറ്റ് അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തവും വിധിച്ചു. ആറ്റുകാല്‍ സ്വദേശി അനില്‍ കുമാര്‍, സോജു എന്നറിയപ്പെടുന്ന അജിത് കുമാര്‍ എന്നിവരെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.പി ഇന്ദിര വധശിക്ഷക്ക് വിധിച്ചത്. മറ്റ് അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്.
പ്രാവ് ബിനു എന്ന് വിളിക്കുന്ന ബിനുകുമാര്‍, സുര എന്ന് വിളിക്കുന്ന സുരേഷ് കുമാര്‍, വിളവൂര്‍ക്കല്‍ നിവാസികളായ കൊച്ചുഷാജി എന്ന് വിളിക്കുന്ന ഷാജി, ബിജുക്കുട്ടന്‍ എന്ന് വിളിക്കുന്ന ബിജു, മുട്ടത്തറ സ്വദേശിയായ കിഷോര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2004 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഗൂണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് ജെറ്റ് സന്തോഷിനെ തട്ടിക്കൊണ്ടു പോയി ആറ് കഷ്ണങ്ങളാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. വിചാരണയ്ക്കിടയില്‍ ജെറ്റ് സന്തോഷിന്റെ മാതാവ് ഉള്‍പ്പെടെയുള്ള സാക്ഷികള്‍ കൂറുമാറിയിരുന്നു. എന്നാല്‍ സാഹചര്യത്തെളിവുകളുടെയും മാപ്പുസാക്ഷിയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.