Connect with us

Kerala

സമദ് വോട്ട് ചെയ്തു; കാല് കൊണ്ട്‌

Published

|

Last Updated

കൊടികുത്തിപറമ്പ് 72-ാം നമ്പര്‍ ബൂത്തില്‍ സമദ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കാല് കൊണ്ട് ഒപ്പ് വെക്കുന്നു

മലപ്പുറം: രണ്ട് കൈകളുമില്ലാത്ത യുവാവ് പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരി നില്‍ക്കുന്നത് കണ്ട് പലരും പകച്ചു. കൈകളില്ലാത്ത ഇയാളെങ്ങനെ വോട്ട് ചെയ്യുമെന്നായിരുന്നു സംശയം. എന്നാല്‍, കൊണ്ടോട്ടി പള്ളിക്കലിലെ മുഴങ്ങല്ലൂര്‍ അബ്ദുസ്സമദ് കൂസലില്ലാതെ ബൂത്തില്‍ കയറി തന്റെ സ്ഥാനാര്‍ഥിക്ക് വോട്ടും ചെയ്ത് സംതൃപ്തിയോടെ മടങ്ങുമ്പോഴും ആളുകളുടെ മുഖത്ത് അമ്പരപ്പ് മാറിയിരുന്നില്ല. കേരളത്തിലെ വോട്ടര്‍മാരെല്ലാം കൈവിരല്‍ കൊണ്ട് സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ കാല്‍വിരല്‍ ഉപയോഗിച്ചായിരുന്നു അബ്ദുസ്സമദ് എന്ന ഇരുപത്തിയഞ്ചുകാരന്‍ വോട്ട് ചെയ്തത്. പുളിക്കല്‍ പഞ്ചായത്തിലെ കൊടികുത്തിപറമ്പ് 72-ാം നമ്പര്‍ ബൂത്തിലായിരുന്നു വോട്ട്. തോള്‍ മുതല്‍ താഴോട്ട് രണ്ട് കൈകളും നഷ്ടപ്പെട്ട ഈ യുവാവ് ഇതുവരെയുള്ള ഒരു വോട്ട് പോലും നഷ്ടപ്പെടുത്തിയിട്ടില്ല. ഇടത്തെ കാലിലെ രണ്ടാമത്തെ വിരലിലാണ് പോളിംഗ് ഉദ്യോഗസ്ഥന്‍ മഷി പുരട്ടിയത്. വലത് കാലിന്റെ തള്ളവിരല്‍ കൊണ്ട് വോട്ടിംഗ് യന്ത്രത്തിലെ ബട്ടന്‍ അമര്‍ത്തുകയും ചെയ്തു. പതിനൊന്നാം വയസ്സിലാണ് സമദിന് രണ്ട് കൈകളും ആകസ്മികമായി നഷ്ടമായത്. മദ്‌റസയില്‍ കൂട്ടുകാരോടൊപ്പം കളിച്ച് കൊണ്ടിരിക്കെ ഒരു ഇരുമ്പ് കമ്പി എടുത്ത് ഉയര്‍ത്തിയത് നേരെ തട്ടിയത് താഴ്ന്നു കിടക്കുന്ന 11കെ വി വൈദ്യുതി ലൈനില്‍. കമ്പിയിലൂടെ വൈദ്യുതി ശക്തമായി പ്രവഹിച്ചതോടെ കൈകളുടെ ചലനം നഷ്ടമായി. നാല് മാസത്തെ ചികിത്സക്കൊടുവില്‍ ഇരുകൈകളും എന്നെന്നേക്കുമായി മുറിച്ചു മാറ്റേണ്ടി വന്നു സമദിന്. എന്നാല്‍ തോല്‍ക്കാന്‍ മനസ്സില്ലാത്ത ഈ യുവാവ് ഓട്ടോറിക്ഷയും സൈക്കിളുമെല്ലാം ഓടിക്കാന്‍ പഠിച്ചു. മണിക്കൂറുകള്‍ നീന്താനും തയ്യാറാണ്്.
കാല്‍ കൊണ്ട് എഴുതുകയും കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഉപയോഗിക്കുകയും ചെയ്യും. ഉസ്മാന്‍- സൈനബ ദമ്പതികളുടെ മകനായ സമദ് ഇപ്പോള്‍ എം എ സോഷ്യോളജി വിദ്യാര്‍ഥിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടുകളില്‍ കയറി വോട്ട് ചോദിക്കാന്‍ മുന്നിലുണ്ടായിരുന്നത് സമദായിരുന്നു.

---- facebook comment plugin here -----

Latest