Connect with us

National

ജയലളിത വീണേക്കും; രംഗസ്വാമിയും

Published

|

Last Updated

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തോഴി ശശികലക്കൊപ്പം വോട്ട് ചെയ്യാനെത്തിയപ്പോള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 76 ശതമാനവും പുതുച്ചേരിയില്‍ 81 ശതമാനവും വോട്ടര്‍മാര്‍ ജനാധികാരം പ്രയോജനപ്പെടുത്തി. 2011ലെ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ പോളിംഗ് 78.01 ശതമാനമായിരുന്നു. നിലവിലെ പ്രതിപക്ഷമായ ഡി എം കെക്ക് പ്രതീക്ഷ നല്‍കുന്നതാണ് കൂടുതല്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങളളും.
സി എന്‍ എന്‍- ഐ ബി എന്‍, ന്യൂസ് നേഷന്‍ ടെലിവിഷന്‍ എന്നിവര്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഡി എം കെക്കാണ് മുന്‍തൂക്കം. രണ്ട് ചാനലുകളുടെയും കണക്കുകളില്‍ ഡി എം കെ 118 സീറ്റുവരെ നേടും. എ ഐ എ ഡി എം കെ 99 വരെ സീറ്റുനേടും.
ടൈംസ് നൗ ചാനലിന്റെ സര്‍വേ മാത്രമാണ് ജയലളിതക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ 38.4 ശതമാനത്തില്‍ നിന്ന് 39 ശതമാനമായി വോട്ടിംഗ് കൂടുന്ന അണ്ണാ ഡി എം കെ 139 സീറ്റുകളില്‍ വിജയിക്കുമെന്ന് അവര്‍ പറയുന്നു. ഡി എം കെ- കോണ്‍ഗ്രസ് സഖ്യത്തിന് 78 സീറ്റുകള്‍ ലഭിക്കും. ഗ്രാമങ്ങളില്‍ വോട്ടിംഗ് ശതമാനം കൂടിയതും നഗരങ്ങളില്‍ കുറഞ്ഞതും എ ഐ എ ഡി എം കെക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
പുതുച്ചേരിയില്‍ മുഖ്യമന്ത്രി എന്‍ രംഗസാമിയുടെ എന്‍ ആര്‍ കോണ്‍ഗ്രസും ഡി എം കെ- കോണ്‍ഗ്രസ് സഖ്യവും തമ്മിലായിരുന്നു മുഖ്യമത്സരം. ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന പുതുച്ചേരിയില്‍ ഡി എം കെ- കോണ്‍ഗ്രസ് സഖ്യം വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. എന്‍ ആര്‍ കോണ്‍ഗ്രസ് പിന്നിലേക്ക് പോകുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചന നല്‍കുന്നത്.

Latest