Connect with us

Kerala

വോട്ടു ചെയ്യാന്‍ പ്രമുഖരുടെ നിര

Published

|

Last Updated

തിരുവനന്തപുരം: തലസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തിയവരില്‍ പ്രമുഖരുടെ നീണ്ടനിര. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം രാവിലെ എട്ടരയോടെ ജവഹര്‍ നഗര്‍ ഗവ. എല്‍ പി എസില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. പത്‌നി സരസ്വതിയും തന്റെ വോട്ട് രേഖപ്പെടുത്തി. ആദ്യമായി കേരളത്തില്‍ വോട്ട് ചെയ്ത കേരള ഗവര്‍ണര്‍ എന്ന പ്രത്യേകതയും പി സദാശിവത്തിന്റെ വോട്ടിനുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ജഗതി യു പി എസില്‍ ഭാര്യ എലിസബത്ത് ആന്റണിക്കും യു ഡി എഫ് സ്ഥാനാര്‍ഥി എം എം ഹസനും ഭാര്യ എം കെ റഹിയക്കും മകള്‍ നിഷ ഹസനുമൊപ്പമെത്തി വോട്ട് ചെയ്തു. മണ്ഡലത്തിലെ വോട്ടറല്ലെങ്കിലും മന്ത്രി വി എസ് ശിവകുമാറും ആന്റണിക്കൊപ്പം പോളിംഗ് ബൂത്തിലെത്തിയിരുന്നു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കോഴിക്കോട് കാന്തപുരം ജി എം യു പി സ്‌കൂളിലെ 141ാം ബൂത്തില്‍ നിന്ന് സമ്മതിദാനം അവകാശം വിനിയോഗിച്ചു. കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കത്തോലിക്ക ബാവ രാവിലെ എട്ടിന് പട്ടം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. കലക്ടറും വരണാധികാരിയുമായ ബിജു പ്രഭാകര്‍ തിരുമല എബ്രഹാം മെമ്മോറിയല്‍ സ്‌കൂളില്‍ വോട്ട് ചെയ്തു.
വട്ടിയൂര്‍ക്കാവിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടി എന്‍ സീമ കല്ലുമൂട് പൊന്നറ സ്‌കൂളിലും ബി ജെ പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് ഫോര്‍ട്ട് എച്ച് എസിലും യു ഡി എഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ ജവഹര്‍നഗര്‍ എല്‍ പി എസിലും സമ്മതിദാനാവകാശം വിനിയോഗിച്ചു.
നേമം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ ഒമ്പത് മണിയോടെ ജവഹര്‍ നഗര്‍ എല്‍ പി സ്‌കൂളില്‍ വോട്ട് ചെയ്തു. മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിക്ക് ഈഞ്ചക്കല്‍ പെരുന്താന്നി എല്‍ പി എസിലായിരുന്നു വോട്ട്. ചലച്ചിത്രതാരവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി ശാസ്തമംഗലം എന്‍ എസ് എസ് എച്ച് എസ് എസില്‍ ഭാര്യ രാധികക്കൊപ്പമെത്തി വോട്ട് ചെയ്തു.
തിരുവനന്തപുരം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി വി എസ് ശിവകുമാര്‍ ശാസ്തമംഗലം എന്‍ എസ് എസ് സ്‌കൂളില്‍ ഭാര്യക്കൊപ്പവും അരുവിക്കര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി കെ എസ് ശബരീനാഥന്‍ അമ്മ സുലേഖ ടീച്ചറിനൊപ്പവും എത്തി വോട്ട് രേഖപ്പെടുത്തി.
കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ കുന്നുകുഴി എല്‍ പി എസില്‍ വോട്ട് ചെയ്തു. കെ പി സി സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ശാസ്തമംഗലം എന്‍ എസ് എസ് സ്‌കൂളിലും നെടുമങ്ങാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി പാലോട് രവി പെരിങ്ങമ്മല ഇക്ബാല്‍ കോളജിലും വോട്ട് രേഖപ്പെടുത്തി. സ്പീക്കര്‍ എന്‍ ശക്തന് പാങ്ങോട് ഗവ. യു പി എസിലായിരുന്നു വോട്ട്.
ശശി തരൂര്‍ എം പി കോട്ടണ്‍ഹില്‍ സ്‌കൂളിലും വോട്ട് ചെയ്തു. സി പി എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബി സെന്റ് ജോസഫ് സ്‌കൂളിലും വോട്ട് ചെയ്തു. നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു ജവഹര്‍ നഗറിലെ സ്‌കൂളില്‍ വോട്ട് ചെയ്തു. നടി പ്രിയങ്ക വെഞ്ഞാറമൂട് ഗവ. യു പി എസില്‍ വോട്ട് രേഖപ്പെടുത്തി. പത്തനാപുരത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ജഗദീഷിന് കരമന സ്‌കൂളിലായിരുന്നു വോട്ട്.

---- facebook comment plugin here -----

Latest