Connect with us

International

നേപ്പാളില്‍ വീണ്ടും മധേശി പ്രക്ഷോഭം

Published

|

Last Updated

കാഠ്മണ്ഡു: പുതിയ ഭരണഘടനയെ ചൊല്ലി നേപ്പാളിലെ മധേശി ന്യൂനപക്ഷ വിഭാഗങ്ങള്‍ വീണ്ടും പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പ്രവിശ്യകളാക്കി തിരിച്ചതിലെ അപാകങ്ങള്‍ പരിഹരിക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം.
വിവിധ സ്ഥലങ്ങളില്‍ മധേശികളും പോലീസുകാരും തമ്മില്‍ ഏറ്റുമുട്ടി. സിംഗ്ദര്‍ബാറില്‍ പ്രക്ഷോഭം മൂലം ഗതാഗതം തടസ്സപ്പെട്ടു. ഇവിടെയാണ് രാജ്യത്തെ പ്രധാന ഭരണനിര്‍വഹണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിച്ച ഉടനെ രണ്ടായിരത്തോളം പ്രതിഷേധക്കാര്‍ സിംഗ്ദര്‍ബാറിലും നയാബനേശ്വറിലും ഒത്തുകൂടി പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. നിരോധിത മേഖലകളിലേക്ക് പ്രവേശിക്കാനും ശ്രമങ്ങളുണ്ടായി. ഇതേ തുടര്‍ന്ന് പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ചെയ്തു. പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം സുരക്ഷക്കായി നിരവധി പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്.
സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധ പരിപാടികള്‍. ഏഴ് മധേശി സംഘടനകളുടെ സഖ്യമായ ഫെഡറല്‍ സഖ്യത്തിലെ നേതാക്കളും പ്രമുഖ വ്യക്തികളും പ്രതിഷേധ പരിപാടികള്‍ പങ്കെടുത്തു. എന്തെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ വേണ്ടി സുപ്രധാന മേഖലകളിലെല്ലാം ഇന്നലെ രാവിലെ മുതല്‍ തന്നെ സുരക്ഷാ സൈനികരെയും പോലീസിനെയും വിന്യസിച്ചിരുന്നതായി സര്‍ക്കാര്‍ അറിയിച്ചു.
ആനുപാതിക പ്രാതിനിധ്യം, ഉചിതമായ പ്രവിശ്യാ വിഭജനം, മധേശികള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍, പൗരവകാശ സര്‍ട്ടിഫിക്കറ്റ്, ഭാഷാപരമായ അവകാശങ്ങള്‍ തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഇവര്‍ മുന്നോട്ടുവെക്കുന്നുണ്ട്.
ഒരു ഇടവേളക്ക് ശേഷം ഇന്നലെയാണ് വീണ്ടും മധേശികള്‍ പ്രക്ഷോഭ രംഗത്തിറങ്ങിയത്. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെ ആറ് മാസം നീണ്ടുനിന്ന പ്രക്ഷോഭ പരിപാടികള്‍ നേരത്തെ സംഘടിപ്പിച്ചിരുന്നു. വിവിധ സംഭവങ്ങളിലായി അന്ന് 50ലേറെ പേര്‍ കൊല്ലപ്പെടുകയും ഉണ്ടായി.

Latest