എന്‍ ഐ എ ആരുടെ വലയത്തില്‍?

Posted on: May 16, 2016 5:54 am | Last updated: May 15, 2016 at 11:55 pm

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) സംഘ്പരിവാറിന്റെ സ്വാധീന വലയത്തിലാണോ? മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളായ അഞ്ച് ഹിന്ദുത്വ ഭീകരരെ പുതിയ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയ നടപടിയാണ് ഈ സന്ദേഹമുണര്‍ത്തുന്നത്. സന്യാസിനി പ്രജ്ഞാ സിംഗ് ഠാക്കുര്‍, ലോകേഷ് ശര്‍മ, ശിവ് നാരായണ്‍ കല്‍സംഗ്ര, ശ്യാം ഭവര്‍ലാല്‍, പ്രവീണ്‍ ടക്കല്‍ക്കി എന്നിവരെയാണ് മതിയായ തെളിവുകുളില്ലെന്ന പേരില്‍ കേസില്‍ നിന്ന് ഒഴിവാക്കിയത്. പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരുന്ന ‘മക്കോക്ക’യും ഒഴിവാക്കിയിട്ടുമുണ്ട്. പ്രജ്ഞയാണ് മുഖ്യഗൂഢാലോചനകയും സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്കിന്റെ ഉടമയുമെന്ന് എന്‍ ഐ എ നരത്തെ കണ്ടെത്തിയതാണ്.
രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്ന ഹിന്ദുത്വ ഭീകരരെ ധീരമായി നേരിട്ടതിന്റെ പേരില്‍ വീരമൃത്യുവരിച്ച ഹേമന്ദ് കര്‍ക്കറെയെ അപമാനിക്കുന്ന നടപടിയാണിത്. അദ്ദേഹം നടത്തിയ സത്യസന്ധമായ അന്വേഷണത്തിലാണ് പ്രജ്ഞാ സിംഗ് അടക്കമുള്ള ഹിന്ദുത്വ ഭീകരരാണ് മലേഗാവ് സ്‌ഫോടനത്തിന് പിന്നിലെന്ന സത്യം വെളിച്ചത്തുവന്നത്. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത എന്‍ ഐ എ അവരുടെ ആദ്യ കുറ്റപത്രത്തില്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. പ്രജ്ഞാ സിംഗ് ജാമ്യത്തിനായി കോടിതിയെ സമീപിച്ചപ്പോള്‍ അവര്‍ക്കെതിരെ വ്യക്തമായ തെളിവുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്നും എന്‍ ഐ എ അന്ന് ബോധിപ്പിക്കുകയും ചെയ്തിരുന്നതാണ്. കേന്ദ്രത്തിലെ അധികാര മാറ്റത്തോടെയാണ് എന്‍ ഐ ഐയുടെ നിലപാട് മാറിയതും ഹിന്ദുത്വ ഭീകരരെ രക്ഷപ്പെടുത്താനുള്ള കരുനീക്കങ്ങള്‍ തുടങ്ങിയതും. മോദി അധികാരത്തിലേറിയ ഉടനെ കേസന്വേഷണത്തില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കാന്‍ എന്‍ ഐ എ നിര്‍ദേശിച്ചതായി അന്നത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ വെളിപ്പെടുത്തിയിരുന്നു.
രാജ്യത്തെമ്പാടും അക്രമങ്ങളും സ്‌ഫോടനങ്ങളും നടത്തി കുറ്റം മുസ്‌ലിം സംഘടനകളുടെ മേല്‍ ആരോപിക്കുന്ന തന്ത്രമാണ് സംഘ്പരിവാറിന്റേത്. ഹിന്ദുസമുദായ വോട്ടുകളുടെ ധ്രുവീകരണമാണ് അവര്‍ ലക്ഷ്യമാക്കുന്നത്. അവര്‍ പറയുന്നതും പ്രചരിപ്പിക്കുന്നതുമത്രയും മാധ്യമങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങുകയും ചെയ്യുന്നു. ഹേമന്ദ് കര്‍ക്കറെ ഈ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ കരങ്ങളെ കണ്ടെത്തിയത് ഹിന്ദുത്വ ശക്തികള്‍ക്ക് കടുത്ത ക്ഷീണമേല്‍പിച്ചിരുന്നു. അന്വേഷണം ഇതേ ദിശയില്‍ നീങ്ങിയിരുന്നെങ്കില്‍ അതീവ രഹസ്യമായി അവര്‍ നടപ്പാക്കിയതും ഭാവിയില്‍ പദ്ധതിയിട്ടതുമായ ഞെട്ടിപ്പിക്കുന്ന പല പദ്ധതികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവരുമായിരുന്നു. ഈ ആശങ്കയായിരിക്കണം കേസുകള്‍ അട്ടിമറിക്കാനുള്ള ശ്രമത്തിന് പിന്നില്‍.
2006ല്‍ നടന്ന ഒന്നാം മലേഗാവ് സ്‌ഫോടനക്കേസില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡും സി ബി ഐയും ആദ്യം പ്രതി ചേര്‍ത്തത് എട്ട് മുസ്‌ലിം ചെറുപ്പക്കാരെയായിരുന്നു. 2008ല സംഝോതാ എക്‌സ്പ്രസ് സ്‌ഫോടന കേസിലെ മുഖ്യപ്രതിയും ആര്‍ എസ് എസ് നേതാവുമായ അസീമാനന്ദയാണ് സംഭവവത്തിന് പിന്നില്‍ തീവ്രഹിന്ദുത്വ സംഘനടയായ അഭിനവ് ഭാരത് ആണെന്ന് വെളിപ്പെടുത്തിയത്. സംഘ്പരിവാര്‍ നേതാവായിരുന്ന സുനില്‍ ജോഷിയുടെ നിര്‍ദേശ പ്രകാരമാണ് സ്‌ഫോടനം നത്തിയതെന്നും കുറ്റസമ്മതം നടത്തുകയുണ്ടായി. കേസില്‍ ആദ്യം പ്രതിചേര്‍ക്കപ്പെട്ട മുസ്‌ലിം യുവാക്കളെ അഞ്ച് വര്‍ഷത്തെ തടവിന് ശേഷം മുംബൈ കോടതി വെറുതെ വിട്ടത് മൂന്നാഴ്ച മുമ്പാണ.് ജയിലില്‍ മാസങ്ങളോളം പീഡിപ്പിച്ചാണ് വ്യാജകുറ്റ സമ്മത പത്രത്തില്‍ തങ്ങളെ ഒപ്പുവെപ്പിച്ചതെന്ന് ജയില്‍ മോചിതമായ ശേഷം ഇവര്‍ വെളിപ്പെടുത്തുകയുണ്ടായി.
മലോഗാവ് സ്‌ഫോടനത്തിന് പിന്നാലെ അജ്മീര്‍, മക്ക മസ്ജിദ്, സംഝോതാ എക്‌സ്പ്രസ്, താനെ സിനിമാ ഹാള്‍, മൊസാഡ, ഗോവ, നന്ദഡ്, കാണ്‍പൂര്‍, രണ്ടാം മലേഗാവ് തുടങ്ങി ഹിന്ദുത്വ ഭീകരര്‍ നടത്തിയ മറ്റു സ്‌ഫോടന കേസുകളും അട്ടിമറിച്ചേക്കാനിടയുണ്ടെന്നാണ് സൂചന. സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും സ്വാധീനിച്ചും പുതിയ തെളിവുകള്‍ കെട്ടിച്ചമച്ചുമൊക്കെയാണ് കേസ് വഴിതിരിച്ചു വിടുന്നത്. അജ്മീര്‍ സ്‌ഫോടനക്കേസില്‍ എന്‍ ഐ എയുടെ 13 സാക്ഷികള്‍ ഇതിനിടെ മൊഴിമാറ്റിപ്പറഞ്ഞിരുന്നു. ഇങ്ങനെ കൂറുമാറിയ പ്രധാന സാക്ഷി രണ്‍ധീര്‍ സിംഗിന് ലഭിച്ച പ്രതിഫലം ഝാര്‍ഖണ്ഡിലെ മന്ത്രിസ്ഥാനമാണ്. ഗുജറാത്തിലെ മൊഡാസ സ്‌ഫോടനക്കേസില്‍ കുറ്റാരോപിതര്‍ക്കെതിരായ തെളിവുകള്‍ വ്യാജമാണെന്ന് വരുത്തിത്തീര്‍ത്ത് കേസ് അവസാനിപ്പിക്കാന്‍ എന്‍ ഐ എക്ക് നിര്‍ദേശം ലഭിച്ച വിവരം ഇതിനിടെ പുറത്തു വന്നതാണ്.
കലാപങ്ങളും സ്‌ഫോടനങ്ങളും സൃഷ്ടിച്ച് രാജ്യത്ത് അരക്ഷിതാവവസ്ഥയും അരാജകത്വവും സൃഷ്ടിക്കുന്ന ഭികര, വിധ്വംസക ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ട അന്വേഷണ ഏജന്‍സികള്‍ അവര്‍ക്ക് വിധേയരും സംരക്ഷകരുമായി മാറിയാല്‍ എങ്ങനെയാണ് സമാധാനവും നീതിയും പുലരുക? ഭരണകൂടം അട്ടിമറിക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുകയും ഭരണ സംവിധാനങ്ങള്‍ കുറ്റവാളികള്‍ക്ക് അനുകൂലമായി തിരിക്കുകയും ചെയ്യുന്നത് നീതിസംവിധാനത്തോടുള്ള വെല്ലുവിളിയും ഭരണഘടനയോടുള്ള അവഹേളനവുമാണ്.