മെഡിക്കല്‍ ഉപകരണ നിര്‍മാണത്തിന് അല്‍ മഹ മെഡിക്കല്‍ രംഗത്തു വരുന്നു

Posted on: May 15, 2016 7:04 pm | Last updated: May 15, 2016 at 7:04 pm

ദോഹ: രാജ്യത്ത് അതിനൂതന മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണ യൂനിറ്റ് ആരംഭിക്കുന്നതിന് മെഡിക്കല്‍ ഇന്‍ഡസ്ട്രി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ അല്‍ മഹ മെഡിക്കല്‍ രംഗത്തു വരുന്നു. മെഡിക്കല്‍ എക്യുപ്‌മെന്റ് രംഗത്ത് അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഉപകരണങ്ങള്‍ വര്‍ധിച്ചു വരുന്നതു കൂടി കണക്കിലെടുത്താണ് നിര്‍മാണ രംഗത്തേക്കു പ്രവേശിക്കുന്നതിനുള്ള സാധ്യതകള്‍ അല്‍ മഹ ആരായുന്നത്. ഈ മാസം 18ന് ആരംഭിക്കുന്ന രണ്ടാമത് ഖത്വര്‍ ഇന്റര്‍നാഷനല്‍ മെഡിക്കല്‍ കോണ്‍ഗ്രസില്‍ ആശയം അല്‍ മഹ അവതരിപ്പിക്കുമെന്ന് ജനറല്‍ മാനേജര്‍ ഡോ. മുഹമ്മദ് ഹമദ് അല്‍ നുഐമി അറിയിച്ചു.
കോണ്‍ഗ്രസില്‍ മെഡിക്കല്‍ രംഗത്ത് പ്രൊഫഷനലുകള്‍ക്കും സാങ്കേതികവിദ്യകള്‍ക്കും ഉപകരണങ്ങള്‍ക്കുമുള്ള സാധ്യതകളുടെ പ്രദര്‍ശനങ്ങളും ചര്‍ച്ചകളും പ്രഖ്യാപനങ്ങളും നടക്കും. 18 മുതല്‍ 20 വരെയാണ് സമ്മേളനം. കാന്‍സറും പകര്‍ച്ചരോഗങ്ങളും കണ്ടുപിടിക്കുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യകള്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെടും. ഖത്വര്‍ വിപണയില്‍ ലഭ്യമായ മെഡിക്കല്‍ രംഗത്തെ സാങ്കേതികവിദ്യകളും ഉപകരണങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.
രാജ്യാന്തര പ്രശസ്തരായ വിദഗ്ധര്‍ മെഡിക്കല്‍ സാങ്കേതിക വിദ്യാ രംഗത്തെ പുതിയ പ്രവണതകളെക്കുറിച്ച് പ്രഭാഷണങ്ങളും വര്‍ക്ക്‌ഷോപ്പുകളും നയിക്കും. മെഡിക്കല്‍ വ്യവസായ രംഗത്ത് പുതിയ കരാറുകള്‍ക്കും പദ്ധതി പ്രഖ്യാപനങ്ങള്‍ക്കും കോണ്‍ഗ്രസ് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. മുഹമ്മദ് പറഞ്ഞു. മെഡിക്കല്‍ ഉപകരണങ്ങള്‍ ഖത്വറില്‍ നിര്‍മിക്കുന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞുകൊണ്ട് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ ചര്‍ച്ചകളില്‍ കാണിക്കുന്ന താത്പര്യം ഈ കോണ്‍ഗ്രസിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതായി അല്‍ മഹ എക്‌സിക്യുട്ടീവ് മാനേജര്‍ മുറാദ് മല്ലാഹ് പറഞ്ഞു. രാഷ്ട്ര നേതൃത്വം പ്രകടിപ്പിക്കുന്ന ഉത്സാഹവും പിന്തുണയുമാണ് ഇതിന്റെ മുഖ്യകാരണം. ഖത്വര്‍ ഡവലപ്‌മെന്റ് ബേങ്ക്, ഫ്രീസോണ്‍ സംരംഭകരായ മനാതിഖ് എന്നിവര്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കാണിക്കുന്ന താത്പര്യവും നിര്‍മാണ യൂനിറ്റ് സാധ്യതകള്‍ക്ക് ബലം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര പ്രശസ്തരായ ഗവേഷകര്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. 14 മെഡിക്കല്‍ എക്യുപ്‌മെന്റുകളുടെ പേറ്റന്റുള്ള കാലിഫോര്‍ണിയ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റി ഗവേഷകനായ പ്രൊഫസര്‍ ജോഹന്നസ് ഷേസര്‍, ഖത്വര്‍ കംപ്യൂട്ടിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകര്‍ കോണ്‍ഗ്രസിനു നേതൃത്വം നല്‍കും. എയ്ഡ്‌സ്, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കു വേണ്ടിയും എബോള, സിക്ക വൈറസ് തുടങ്ങിയ രോഗാവസ്ഥകളും അണുബാധകളും കണ്ടെത്തുന്നതിനും ചികിത്സക്കും രാജ്യാന്തര തലത്തില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളും സംവിധാനങ്ങളും പരിചയപ്പെടുന്നതിന് കോണ്‍ഗ്രസില്‍ അവസരമുണ്ടാകും.