കിഴക്കിന്റെ വെനീസ് ആരെ പിന്തുണക്കും

Posted on: May 15, 2016 4:02 am | Last updated: May 15, 2016 at 12:04 am

ALAPPUZHAആലപ്പുഴ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ്. ഏതെല്ലാം മണ്ഡലങ്ങള്‍ ആരെയെല്ലാം തുണക്കുമെന്ന് പ്രവചിക്കാന്‍ മുന്‍നിര രാഷ്ട്രീയ നിരീക്ഷകര്‍ക്ക് അസാധ്യം. മണ്ഡലം നിറഞ്ഞുള്ള പ്രചാരണത്തിലും വോട്ടര്‍മാരുടെ മനം കവരുന്നതിലും മുന്നണി സ്ഥാനാര്‍ഥികളാരും പിന്നിലല്ല. മുന്നണികളും പാര്‍ട്ടികളും മുമ്പൊന്നുമില്ലാത്ത വിധം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതും തിരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്. എന്‍ ഡി എ മുന്നണിയും അഭിമാന പോരത്തിലാണ്. ബി ഡി ജെ എസിന്റെ ഹൃദയഭൂമിയില്‍ തങ്ങളുടെ ജനപിന്തുണ അളക്കാനുള്ള ആദ്യ അവസരമാണിതെന്നതിനാല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനുള്ള അടവുകളും പാര്‍ട്ടി നേതൃത്വം സ്വീകരിച്ചു. ജാതി, മത ചിന്തകള്‍ക്ക് കൂടി ഇടം നല്‍കിയുള്ള ബി ഡി ജെ എസിന്റെ കടന്നുകയറ്റവും അത് വഴിയുള്ള അടിയൊഴുക്കുകളായിരിക്കും മിക്ക മണ്ഡലങ്ങളിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കുക. പുന്നപ്ര വയലാറിന്റെ സ്മരണകള്‍ ഇരമ്പുന്ന മണ്ണ് ഇടതുപക്ഷത്തിനെന്ന പോലെ യു ഡി എഫിനും വളക്കൂറുള്ളതാണ്. ഇടതുപക്ഷത്ത് നിന്നും യു ഡി എഫില്‍ നിന്നും മുഖ്യമന്ത്രിമാരെ സമ്മാനിച്ച ജില്ലയില്‍ ഇക്കുറി എന്‍ ഡി എയിലെ പ്രമുഖ കക്ഷിയെന്ന നിലയിലും എസ് എന്‍ ഡി പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളിയുടെ തട്ടകമെന്ന നിലയിലും ബി ഡി ജെ എസിനും അഭിമാനപ്പോരാട്ടമാണ്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയത് അടുത്തിടെയാണ്. ബി ഡി ജെ എസിന്റെ സാന്നിധ്യം ജില്ലയില്‍ പോരാട്ടത്തിന് കൂടുതല്‍ ശക്തിപകര്‍ന്നിട്ടുണ്ടെങ്കിലും ബി ജെ പിയുടെ താത്പര്യക്കുറവ് പ്രകടമാണ്.
രമേശ് ചെന്നിത്തല മല്‍സരിക്കുന്ന ഹരിപ്പാട്, എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായ ഡോ. തോമസ് ഐസക്കിന്റെ ആലപ്പുഴ, ജി സുധാകരന്റെ അമ്പലപ്പുഴ, ബി ജെ പി ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ. പി എസ് ശ്രീധരന്‍പിള്ളയും യൂത്ത് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥും പോരടിക്കുന്ന ചെങ്ങന്നൂര്‍ എന്നീ മണ്ഡലങ്ങള്‍ തിളച്ചുമറിയുകയാണ്. 2011ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള ഒമ്പത് സീറ്റില്‍ ഏഴും പിടിച്ചടക്കി ഇടതുമുന്നണി ശക്തിതെളിയിച്ചെങ്കിലും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളും യു ഡി എഫിനാണ് ഭൂരിപക്ഷം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കളം മാറി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സ്വാധീനം നിലനര്‍ത്താനായാല്‍ ഇടതുമുന്നണി 2011 ആവര്‍ത്തിക്കുമെന്നതില്‍ തര്‍ക്കമില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ പ്രതീക്ഷയാണ് യു ഡി എഫ് നേതൃത്വത്തിനുള്ളത്. ആകെയുള്ള ഒമ്പത് സീറ്റില്‍ ആറെണ്ണമാണ് യു ഡി എഫ് പ്രതീക്ഷ. ഇടതുമുന്നണിയാകട്ടെ ചെങ്ങന്നൂര്‍ കൂടി പ്രതീക്ഷിക്കുകയാണ്. ചെങ്ങന്നൂരില്‍ ബി ജെ പി ദേശീയസമിതിയംഗം അഡ്വ പി എസ് ശ്രീധരന്‍പിള്ള ശുഭാപ്തി വിശ്വാസത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞ ചെങ്ങന്നൂര്‍ മേഖലയില്‍ ആദ്യമായി ഒരു പഞ്ചായത്തില്‍ അധികാരം ലഭിച്ചതിന് പുറമെ, നിരവധി ജനപ്രതിനിധികളെയും ലഭിച്ചു. കോണ്‍ഗ്രസിലെ വിമതയായി ശോഭനാ ജോര്‍ജ് മത്സരിക്കുന്നത് ആശ്വാസമായി കരുതുന്ന ശ്രീധരന്‍പിള്ള എന്‍ എസ് എസിന്റെയും പ്രമുഖ ക്രൈസ്തവ സഭാധ്യക്ഷന്റെ പിന്തുണയും തനിക്കുണ്ടെന്നും അവകാശപ്പെടുന്നു.
എന്‍ ഡി എയുടെ പോരാട്ടം നടക്കുന്ന മറ്റൊരു മണ്ഡലമാണ് കുട്ടനാട്. ഇവിടെ ബി ഡി ജെ എസ് ജനറല്‍സെക്രട്ടറി സുഭാഷ് വാസുവാണ് സ്ഥാനാര്‍ഥി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രചാരണത്തിനെത്തിക്കാന്‍ കഴിഞ്ഞതും മണ്ഡലത്തിലെ ഈഴവ രുടെ സ്വാധീനവും സുഭാഷ് വാസുവിന് പ്രതീക്ഷ നല്‍കുന്നു. ഹരിപ്പാട് മന്ത്രി രമേശ് ചെന്നിത്തല ഇക്കുറി മണ്ഡലത്തില്‍ കളം നിറഞ്ഞുള്ള പ്രചാരണമാണ് നടത്തിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സമയം സംസ്ഥാനത്തുടനീളം സഞ്ചരിച്ച് മുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഓടിയ ചെന്നിത്തല ഇത്തവണത്തെ എതിരാളി അത്ര ദുര്‍ബലനല്ലെന്ന വിലയിരുത്തലിലാണ്. എതിരാളിയെ ചെറുതായി കാണരുതെന്ന ഉപദേശം യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയ രമേശ് ഉപദേശം സ്വയം പ്രാവര്‍ത്തികമാക്കാന്‍ മണ്ഡലത്തില്‍ സജീവസാന്നിധ്യമാകുകയായിരുന്നു. എല്‍ ഡി എഫിലെ സോമപ്രസാദിനാകട്ടെ, ഹരിപ്പാടിന്റെ ഭൂപ്രകൃതിയും പരിസ്ഥിതിയും തനിക്ക് ചേര്‍ന്നതാണെന്നും വോട്ടര്‍മാരുടെ മനം കവരാനായിട്ടുണ്ടെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നുമാണ് പറയാനുള്ളത്. എന്‍ ഡി എ സ്ഥാനാര്‍ഥി ബി ജെ പി യിലെ അശ്വിനിദേവ് മണ്ഡലത്തില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും ഇടത് വലതു മുന്നണികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഭീഷണിയാകുമെന്ന ധാരണ പോലും പരത്താനായിട്ടില്ല.
ജില്ലയിലെ എട്ട് മണ്ഡലങ്ങളിലും സിറ്റിംഗ് എം എല്‍ എമാര്‍ മത്സരരംഗത്തുള്ളപ്പോള്‍ കായംകുളത്ത് യുവത്വത്തിന്റെ പോരാട്ടമാണ്.സി പി എമ്മിലെ സിറ്റിംഗ് എം എല്‍ എ. സി കെ സദാശിവന് അവസാന നിമിഷം സീറ്റ് നിഷേധിച്ചത് ചര്‍ച്ചകള്‍ക്കിടയാക്കിയെങ്കിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. യു പ്രതിഭാഹരിയുടെ പ്രചാരണത്തെ ഇത് ബാധിച്ചില്ലെന്ന് വേണം പറയാന്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ എം ലിജുവിനെയും യു ഡി എഫിനെയും ഇതൊന്നും പക്ഷെ, ഒട്ടും അലട്ടിയിട്ടില്ല. കായംകുളം തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ച വിശ്വാസമാണവര്‍ക്ക്. ഇരുമുന്നണികളെയും ആശങ്കപ്പെടുത്തുന്നത് ബി ഡി ജെ എസ് സ്ഥാനാര്‍ഥിയുടെ സാന്നിധ്യമാണ്. കായംകുളത്തിലെ സാമൂഹിക രംഗങ്ങളില്‍ സുപരിചിതനായ ഷാജി എം പണിക്കര്‍ മുന്നണി സംവിധാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ്.
മാവേലിക്കര ഇടതിനൊപ്പം തുടരുമെന്ന കണക്കുകൂട്ടലിലാണ് മുന്നണി നേതൃത്വം. ലോകസഭാ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം നിന്ന മണ്ഡലം ഇക്കുറി മാറി ചിന്തിക്കുമെന്നാണ് യു ഡി എഫ് അവകാശപ്പെടുന്നത്. ബി ജെ പിയാകട്ടെ തങ്ങളുടെ മുന്‍ നിര പ്രചാരകനായ പി എം വേലായുധനെ സ്ഥാനാര്‍ഥിയാക്കിയത് മണ്ഡലം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മത്സരമാണ് ചെങ്ങന്നൂര്‍. യൂത്ത് കോണ്‍ഗ്രസ് നേതാവും സിറ്റിംഗ് എം എല്‍ എയുമായ പി സി വിഷ്ണുനാഥിനെതിരെ റിബലായി സ്വന്തം പാര്‍ട്ടിക്കാരിയും രണ്ട് തവണ ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച ശോഭനാ ജോര്‍ജ് രംഗത്ത് വന്നതോടെ വാശിയേറിയ പോരാട്ടമായി ഇവിടെ. സി പി എമ്മിലെ കെ കെ രാമചന്ദ്രന്‍ നായര്‍ക്കും ഇടതുമുന്നണിക്കും എങ്ങിനെയും മണ്ഡലം തിരിച്ചുപിടിക്കുമെന്ന വാശിയാണ്. മൂന്ന് പതിറ്റാണ്ടായി യു ഡി എഫിനൊപ്പം നില്‍ക്കുന്ന മണ്ഡലം ഇത്തവണയെങ്കിലും തങ്ങളെ തുണക്കുമെന്ന വിശ്വാസമാണ് ഇടതു ക്യാമ്പിന്.
കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും വിധി നിര്‍ണയിക്കുന്ന നെല്ലറയായ കുട്ടനാട്ടില്‍ തീ പാറുന്ന പോരാട്ടമാണ്. ഇവിടെയും യു ഡി എഫിനെ വലക്കുന്നത് റിബല്‍ ഭീഷണിയാണ്.കേരള കോണ്‍ഗ്രസ് എമ്മിലെ അഡ്വ ജേക്കബ് എബ്രഹാമിനെതിരെ സ്വന്തം പാര്‍ട്ടിയിലെ ജോസ് കോയിപ്പള്ളി മത്സരരംഗത്തെത്തിയത് ഇടതുസ്ഥാനാര്‍ഥിയും സിറ്റിംഗ് എം എല്‍ എയുമായ തോമസ് ചാണ്ടിയുടെ ഇടപെടലാണെന്ന് വിശ്വസിക്കുന്ന യു ഡി എഫ് പക്ഷെ, മണ്ഡലം തിരിച്ചുപിടിക്കുമെന്ന് പറയുന്നു. എന്നാല്‍ ബി ഡി ജെ എസ് സ്ഥാനാര്‍ഥിയുടെ സാന്നിധ്യത്തെ ചൊല്ലി ഇടത് വലതു മുന്നണികള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ചൊരിയുകയാണ്.സിറ്റിംഗ് എം എല്‍ എ, എന്‍ സി പി യിലെ തോമസ് ചാണ്ടിയെ സി പി എം ചാവേറാക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍, മുഖ്യമന്ത്രി ഇവിടെ നടത്തിയ പ്രസംഗത്തെ ഉയര്‍ത്തിക്കാട്ടി യു ഡി എഫ്-ബി ജെ പി ബാന്ധവം ആരോപിക്കാനാണ് സി പി എം ശ്രമിക്കുന്നത്.
മുന്‍ മന്ത്രിമാരായ സി പി എമ്മിലെ ഡോ ടി എം തോമസ് ഐസക്കും ജി സുധാകരനും മത്സരിക്കുന്ന ആലപ്പുഴയിലും അമ്പലപ്പുഴയിലും കനത്ത പോരാട്ടമാണ്. ആലപ്പുഴയില്‍ യു ഡി എഫ് സീറ്റ് ലത്തീന്‍സഭക്കായി നീക്കിവെക്കുന്ന പതിവ് തെറ്റിച്ചതോടെ മണ്ഡലം രാഷ്ട്രീയ പോരാട്ടത്തിന് വേദിയായി.കോണ്‍ഗ്രസിലെ അഡ്വ ലാലിവിന്‍സന്റിന് പ്രചാരണത്തില്‍ ഓളം സൃഷ്ടിക്കാനായത് നേട്ടമായി കരുതുകയാണ് യു ഡി എഫ്. തോമസ് ഐസക്കാകട്ടെ, ഒന്നര പതിറ്റാണ്ടായുള്ള മണ്ഡലത്തിലെ വോട്ടര്‍മാരുമായുള്ള സഹവാസത്തിലൂടെ വിജയം ഉറപ്പാക്കുന്നെങ്കിലും പ്രചാരണത്തിലെ വൈവിധ്യങ്ങള്‍ കൊണ്ട് മണ്ഡലത്തിന് പുറത്തും ശ്രദ്ധേയനാകാനായി. അഡ്വ രഞ്ജിത്ത് ആണ് ബി ജെ പി സ്ഥാനാര്‍ഥി.
അമ്പലപ്പുഴയില്‍ ജി സുധാകരന് അനായാസ വിജയം ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടല്‍ യു ഡി എഫിലെ ഷേഖ് പി ഹാരിസിന്റെ രംഗപ്രവേശത്തോടെ നഷ്ടമായി. ഇരു മുന്നണികളെയും മാറി മാറി തുണച്ച അമ്പലപ്പുഴ ഇക്കുറി ആരെ തുണക്കുമെന്ന് 19ന് ഫലം പുറത്ത് വരണം. ബി ജെ പി സ്ഥാനാര്‍ഥി എല്‍ പി ജയചന്ദ്രന്‍ മണ്ഡലത്തില്‍ സുപരിചിതനാണ്. ബി ഡി ജെ എസിന്റെ ഹൃദയഭൂമിയായ ചേര്‍ത്തലയില്‍ ഇവരുടെ പോരാട്ടം ശ്രദ്ധേയമാണ്. ഇടതു മുന്നണിക്കൊപ്പമോ അവര്‍ക്ക് പിന്നിലായോ പ്രചാരണം കൊഴുപ്പിക്കാന്‍ ബി ഡി ജെ എസിലെ പി എസ് രാജീവിന് സാധിച്ചു. രണ്ട് തവണയായി ചേര്‍ത്തലയെ പ്രതിനിധീകരിക്കുന്ന സി പി ഐ സിറ്റിംഗ് എം എല്‍ എ. പി തിലോത്തമന്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ചത് തങ്ങളുടെ സഹായത്തോടെയാണെന്ന് എസ് എന്‍ ഡി പി അവകാശപ്പെടുന്നു. തിലോത്തമനെതിരെ യുവനേതാവിനെ രംഗത്തിറക്കിയ യു ഡി എഫ്, എസ് ശരത്തിലൂടെ തിരിച്ചുപിടിക്കാമെന്ന് കണക്കുകൂട്ടുന്നു. എല്‍ ഡി എഫ് അധികാരത്തിലെത്തിയാല്‍ തിലോത്തമന്‍ മന്ത്രിയാകുമെന്ന പ്രചാരണം കൂടി ഇടത് ക്യാമ്പ് ഉയര്‍ത്തിവിട്ടത് അവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.
അരൂരില്‍ മൂന്നാം തവണ ജനവിധി തേടിയിറങ്ങിയ സി പി എമ്മിലെ അഡ്വ. എ എം ആരിഫില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിലെ അഡ്വ. സി ആര്‍ ജയപ്രകാശിന് കഴിയുമോയെന്നാണ് മുന്നണിയുടെ നോട്ടം. വെള്ളാപ്പള്ളിയുടെ അനുയായിട്ടും ഇവിടെ ബി ഡി ജെ എസിന്റെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും ജയപ്രകാശിനെ വലക്കുന്നു. ടി എസ് അനിയപ്പനാണ് ബി ഡി ജെ എസ് സ്ഥാനാര്‍ഥി.