ജനാധിപത്യത്തെ സമരായുധമാക്കാം

നമുക്കു രാഷ്ട്രീയമുണ്ട്. പാവപ്പെട്ടവന്റെ വിശപ്പറിയുന്ന/സമൂഹത്തില്‍ അറിവുണ്ടാകണമെന്ന/പിന്നാക്ക സമൂഹത്തെ കൈ പിടിച്ചുയര്‍ത്തുന്ന/മാനവീകബോധമുള്ള സമൂഹത്തെ ആഗ്രഹിക്കുന്ന രാഷ്ട്രീയബോധം. മതവിശ്വാസം മൗലികാവകാശമായി അനുവദിക്കപ്പെട്ട, മതേതരത്വം മൗലിക തത്വമായി അംഗീകരിക്കപ്പെട്ട രാജ്യത്ത് ഭരണഘടനയുടെ അന്തസ്സത്തക്കകത്തു നിന്നു കൊണ്ട് നാം പുലര്‍ത്തുന്ന രാഷ്ട്രീയ ധാരണയാണിത്. അതുപക്ഷേ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഭരണാധികാരത്തിലേക്കു വരാനുള്ള നിലപാടല്ല. അത്തരം നിലപാടുള്ളവരെയാണ് നാം രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ലെങ്കില്‍ കക്ഷിരാഷ്ട്രീയം എന്നു വിളിക്കുന്നത്. ഇവിടെ ഒരു കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കാം, സമസ്ത രാഷ്ട്രീയ പാര്‍ട്ടിയോ കക്ഷിരാഷ്ട്രീയ സംഘടനയോ അല്ല. എന്നാല്‍ സമസ്തക്ക് മേല്‍ പറഞ്ഞ പൗരബോധത്തിന്റെ രാഷ്ട്രീയമുണ്ടുതാനും.
Posted on: May 15, 2016 5:14 am | Last updated: May 14, 2016 at 11:19 pm

democracyകേരളം നാളെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കു പോകുന്നു. നമ്മുടെ നാടിന്റെ ജനാധിപത്യ സംവിധാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പ്. ജനങ്ങള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ മന്ത്രിസഭ എന്ന ജനാധിപത്യ വിവക്ഷയിലെ മുഖ്യ പ്രക്രിയ. ഇന്ത്യാ മഹാരാജ്യത്തിന്റെ മൗലിക സവിശേഷതകളില്‍ മുഖ്യമാണ് ജനാധിപത്യം. ഈ രാജ്യത്തെ ജീവിതത്തില്‍ നമുക്കു പ്രതീക്ഷയും ധൈര്യവും പകരുന്നത് ജനാധിപത്യമാണ്. ഫെഡറല്‍ ഗവണ്‍മെന്റിനെയും സ്റ്റേറ്റ് ഗവണ്‍മെന്റിനെയും തിരഞ്ഞടുക്കാന്‍, സര്‍ക്കാര്‍ പ്രതിനിധിയായി പ്രവര്‍ത്തിക്കാനുള്ള പ്രാദേശിക അംഗത്തെ തിരഞ്ഞെടുക്കാന്‍ ജനാധിപത്യം ജനങ്ങള്‍ക്കു നല്‍കുന്ന അധികാരമാണ് തിരഞ്ഞെടുപ്പ്.
ഇന്ത്യന്‍ ജനാധിപത്യത്തെ സര്‍വാത്മാനാ അംഗീകരിക്കുന്നവരാണ് നമ്മള്‍. കേരളത്തിലെ മുസ്‌ലിം പാരമ്പര്യത്തിന്റെ ചരിത്രം ജനാധിപത്യത്തെയും ഭരണഘടനയെയും രാജ്യത്തിന്റെ അഖണ്ഡതയെയും അംഗീകരിക്കുന്നതാണ്. വോട്ടെടുപ്പും അതിലൂടെ നിലവില്‍ വരുന്ന ഗവണ്‍മെന്റിനെയും അംഗീകരിക്കുകയും അവശ്യ ഘട്ടങ്ങളില്‍ ജനാധിപത്യപരമായി തന്നെ വിയോജിക്കുകയും വിമര്‍ശിക്കുകുയം ചെയ്യുക എന്നതാണ് സമസ്ത കേരള ജംഇത്തുല്‍ ഉലമയും മുസ്‌ലിം സമൂഹവും സ്വീകരിച്ചുപോന്ന രീതി. തിരഞ്ഞെടുപ്പോ ഭരണമോ സര്‍ക്കാര്‍ സംവിധാനമോ വിശ്വാസത്തിനെതിരാണെന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ട മൗദൂദിയന്‍ ആശയങ്ങളോട് പ്രാമാണികമായി തന്നെ കലഹിച്ചു കൊണ്ടാണ് സുന്നി സമൂഹം ജനാധിപത്യത്തോട് ചേര്‍ന്നു നിന്നത്.
ജനാധിപത്യത്തില്‍ പൗരന്റെ മൗലികാവകാശമാണ് വോട്ട്. ജനാധികാരത്തെ സ്ഥാപിക്കുന്ന സമ്മതിദാനം, മുന്നണി സംവിധാനത്തിന്റെ ഭാഗമായുള്ള പ്രതിനിധികള്‍ക്ക് അഥവാ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കുന്ന രീതിയാണ് പൊതുവേ നിലനില്‍ക്കുന്നത്. മുന്നണിയിലല്ലാതെയും ആര്‍ക്കും മത്സരിക്കാനും മത്സരിക്കുന്നവര്‍ക്കാര്‍ക്കും വോട്ടു ചെയ്യാനും അവകാശമുണ്ടെങ്കിലും സ്റ്റേറ്റിന്റെ ഭരണത്തെ സ്വാധീനിക്കുന്ന കലക്ടീവ് മൂവ്‌മെന്റ് എന്ന രീതിയിലാണ് ജനാധിപത്യത്തില്‍ പാര്‍ട്ടികളും മുന്നണികളും പ്രധാനമായിത്തീരുന്നത്. കൂടുതല്‍ പ്രായോഗികമായതു കൊണ്ടാണ് ജനാധിപത്യം ഈ രീതി സ്വീകരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ തന്നെയും മുന്നണിബോധം വളര്‍ത്തിയെടുത്തു കൊണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് സര്‍വതന്ത്ര സ്വതന്ത്രരായ ജനം എന്നതിനേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടികള്‍ ജനാധിപത്യത്തിന്റെ അവകാശം സ്വീകരിച്ചിട്ടുണ്ട്. ഫലത്തില്‍, ജനാധിപത്യത്തിന്റെ വിവക്ഷ, പാര്‍ട്ടികള്‍ പാര്‍ട്ടികളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പാര്‍ട്ടികളുടെ മന്ത്രിസഭ എന്നതാണ് യാഥാര്‍ഥ്യം.
പക്ഷേ, നമ്മുടെ നാട്ടിലെ നല്ലൊരു വിഭാഗം ജനങ്ങളും പാര്‍ട്ടികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരല്ല. വിവിധ മത, സാമൂഹിക സംഘടിത വിഭാഗങ്ങളായും അല്ലാതെയും നിലകൊള്ളുന്ന ജനം നയങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയാനുഭാവം പുലര്‍ത്തുകയോ വിയോജിക്കുകയോ ചെയ്യുന്നു. ഓരോ കാലത്തെയും സ്വീകാര്യമായ നയങ്ങള്‍ക്കനുസരിച്ച് നിലപാടു സ്വീകരിക്കുന്ന ഈ വിഭാഗമാണ് പലപ്പോഴും പാര്‍ട്ടികളുടെ അഥവാ മുന്നണികളുടെ ഭാഗധേയത്വം നിര്‍ണയിക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ ചില നയപരിപാടികളുടെ അടിസ്ഥാനത്തില്‍ അധികാരത്തില്‍ വരുന്നതിനും ഭരണം നടത്തുന്നതിനും വേണ്ടി സംഘടിച്ചു പ്രവര്‍ത്തിച്ചു വരുന്ന സമ്പ്രദായത്തിനാണ് നാം രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ലെങ്കില്‍ കക്ഷികള്‍ എന്നു വിളിക്കുന്നത്.

രാഷ്ട്രീയം
രാഷ്ട്രീയം എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ലെന്നു പറയാന്‍കൂടിയാണ് മുകളില്‍ അല്‍പ്പം വിശദീകരിച്ചത്. തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രയോഗമാണിത്. രാഷ്ട്രീയം എന്നു പറയുമ്പോഴേക്കും അതിനെ പാര്‍ട്ടികളുമായും മുന്നണികളുമായും ബന്ധിപ്പിക്കുന്ന പൊതുബോധം നിലനില്‍ക്കുന്നുണ്ട്. ‘ഞങ്ങള്‍ക്കു രാഷ്ട്രീയമില്ല’ എന്ന് നിലപാട് വ്യക്തമാക്കേണ്ടി വരുന്നത് ഈ പൊതുബോധത്തിന്റെ സ്വാധീനം കൊണ്ടാണ്. ഇവിടെ അര്‍ഥമാക്കുന്നത് പാര്‍ട്ടി രാഷ്ട്രീയമോ മുന്നണി രാഷ്ട്രീയമോ അല്ല എന്നാണ്.
രാഷ്ട്രീയം എന്ന വാക്കിന് കല്‍പ്പിക്കുന്ന അര്‍ഥം തന്നെ രാഷ്ട്രമീമാംസ, രാഷ്ട്രതന്ത്രം, രാജ്യകാര്യം, രാജനീതി ശാസ്ത്രം എന്നൊക്കെയാണ്. അപ്പോള്‍ ഒരു പൗരന്റെ ദേശീയബോധമാണ് യഥാര്‍ഥത്തില്‍ രാഷ്ട്രീയം. നീതിയുടെ/പുരോഗതിയുടെ/സമത്വത്തിന്റെ/വിദ്യാഭ്യാസത്തിന്റെ/ആരോഗ്യത്തിന്റെ/വിശ്വാസത്തിന്റെ/ഭക്ഷണത്തിന്റെ/സൗഹാര്‍ദത്തിന്റെ/അവകാശത്തിന്റെ/വിശപ്പിന്റെ/അവശതയുടെ/ഇരകളുടെ/പരിസ്ഥിതിയുടെ/സ്ത്രീകളുടെ/കുട്ടികളുടെ/അധഃസ്ഥിതരുടെ തുടങ്ങി പൗരജീവിതത്തിന്റെ/സാമൂഹിക ജീവിതത്തിന്റെ സകല മേഖലകളെയും സംബന്ധിക്കുന്ന നിലപാടുകളാണ് രാഷ്ട്രീയം. സര്‍വമേഖലകളിലുമുള്ള അനീതിക്കും അക്രമത്തിനുമെതിരായ നിലപാടുകളാണ് രാഷ്ട്രീയം. ഈയൊരു രാഷ്ട്രീയബോധം/ നിലപാട് ഇല്ലാതെ വരിക എന്നാല്‍ എന്തുമാത്രം അരാജകമായിരിക്കും അത്. അരാഷ്ട്രീയത അഥവാ രാഷ്ട്രീയ രാഹിത്യം എന്നാല്‍ ഒരു പൗരനെ/പൗരസമൂഹത്തെ സംബന്ധിച്ച് തികഞ്ഞ അപകടാവസ്ഥയാണ്.
അപ്പോള്‍, മേല്‍സൂചിത പൗരബോധത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ രാജ്യത്തെ ജനതയുടെ നന്മ കാംക്ഷിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുതരത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. സമസ്ത നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, എസ് വൈ എസ് ആഭിമുഖ്യത്തില്‍ നടത്തുന്ന സാന്ത്വനം ആതുരസേവന പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ഥികള്‍ക്കിടയില്‍ എസ് എസ് എഫ് നടത്തുന്ന ധര്‍മജാഗരണ പ്രവര്‍ത്തനങ്ങള്‍ എല്ലാം രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതുകൊണ്ടു തന്നെ നമുക്കു രാഷ്ട്രീയമുണ്ട്. പാവപ്പെട്ടവന്റെ വിശപ്പറിയുന്ന/സമൂഹത്തില്‍ അറിവുണ്ടാകണമെന്ന/പിന്നാക്ക സമൂഹത്തെ കൈ പിടിച്ചുയര്‍ത്തുന്ന/മാനവീകബോധമുള്ള സമൂഹത്തെ ആഗ്രഹിക്കുന്ന രാഷ്ട്രീയബോധം. മതവിശ്വാസം മൗലികാവകാശമായി അനുവദിക്കപ്പെട്ട, മതേതരത്വം മൗലിക തത്വമായി അംഗീകരിക്കപ്പെട്ട രാജ്യത്ത് ഭരണഘടനയുടെ അന്തസ്സത്തക്കകത്തു നിന്നു കൊണ്ട് നാം പുലര്‍ത്തുന്ന രാഷ്ട്രീയ ധാരണയാണിത്. അതുപക്ഷേ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഭരണാധികാരത്തിലേക്കു വരാനുള്ള നിലപാടല്ല. അത്തരം നിലപാടുള്ളവരെയാണ് നാം രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ലെങ്കില്‍ കക്ഷിരാഷ്ട്രീയം എന്നു വിളിക്കുന്നത്. ഇവിടെ ഒരു കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കാം, സമസ്ത രാഷ്ട്രീയ പാര്‍ട്ടിയോ കക്ഷിരാഷ്ട്രീയ സംഘടനയോ അല്ല. എന്നാല്‍ സമസ്തക്ക് മേല്‍ പറഞ്ഞ പൗരബോധത്തിന്റെ രാഷ്ട്രീയമുണ്ടുതാനും.
ജനാധിപത്യ രാജ്യത്ത് പൗരന്റെ അവകാശം തുല്യമാണ്. അതിനു പാര്‍ട്ടി രാഷ്ട്രീയത്തോടോ പാര്‍ട്ടി രഹിത സമൂഹത്തോടോ വിവേചനമില്ല. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, ജനാധിപത്തിലെ പ്രധാന പ്രവര്‍ത്തനമായ തിരഞ്ഞെടുപ്പിലും പാര്‍ട്ടിരഹിത സമൂഹത്തിന്റെ അവകാശം തുല്യമാണ്. ഒരുവേള തിരഞ്ഞെടുപ്പു ഘട്ടത്തില്‍ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളല്ലാതെ പ്രവര്‍ത്തിക്കുന്ന സമൂഹത്തിന്റെ നിലപാടുകള്‍ക്കും ശബ്ദത്തിനും സര്‍വാധികാരം ലഭിക്കുന്നത്. നിയമനിര്‍മാണ സഭകളില്‍ അംഗത്വമില്ലാത്ത, ഭരണ പ്രതിപക്ഷ മുന്നണികളില്‍ അംഗങ്ങളല്ലാത്ത ജനസമൂഹത്തിന്റെ രാഷ്ട്രീയബോധം ജാഗ്രത പുലര്‍ത്തേണ്ടതും തിരഞ്ഞെടുപ്പു വേളയിലാണ്. വോട്ട് പൗരന്റെ അവകാശവും ആയുധവുമാണ്. ജനാധിപത്യത്തിലെ ഈ അധികാര ഉപകരണം സംഘടിതമായി വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യവും കൂടി നമുക്കുണ്ട്. അതുകൊണ്ടു തന്നെ നാം വോട്ടു ചെയ്യണം. പാഴായി പോകുന്ന ഓരോ വോട്ടും നമ്മുടെ പൗരാവകശത്തെ പാഴാക്കല്‍കൂടിയാണ്. നീതികേടുകള്‍ക്കെതിരായ നമ്മുടെ അധികാര പ്രയോഗമാണ് വോട്ട്. നീതിക്കു വേണ്ടിയുള്ള നമ്മുടെ സമര്‍പ്പണവുമാണ് വോട്ട്. വോട്ടുവേളയില്‍ നമുക്കു കിട്ടുന്ന അധികാരം വോട്ടു കഴിഞ്ഞാല്‍ മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കുമായിരിക്കും. അതുകൊണ്ടു തന്നെ കുടുംബാംഗങ്ങളുടെതുള്‍പ്പെടെ എല്ലാ വോട്ടുകളും പോള്‍ ചെയ്യപ്പെടണം. അത് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തില്‍ പൂര്‍ണവിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് നീതിയുക്തമായ ഒരു അധികാരം നമുക്കു വേണ്ടി സ്ഥാപിക്കപ്പെടുന്നതിനു വേണ്ടി നാം നല്‍കുന്ന ഐക്യദാര്‍ഢ്യമാണ്.

വോട്ട്/സമരം
വോട്ട് ഒരു സമരം കൂടിയാണ്. ജനാധിപത്യവിരുദ്ധമായ, മൗലിക വിരുദ്ധമായ, അധികാര ധാര്‍ഷ്ട്യത്തിനെതിരായ സമരം. ആ സമരത്തിന് നമുക്ക് ന്യായങ്ങളുമുണ്ട്. രാജ്യത്ത് മനുഷ്യര്‍ സമരത്തിലേര്‍പ്പെടേണ്ട ഘട്ടങ്ങള്‍ നിരവധിയുണ്ട്. നമ്മുടെ രാജ്യത്തിന്റെ മഹത്വവും സുരക്ഷിതത്വവുമായി നാം കരുതുന്ന മതേതരത്വം ഭീതിയിലാക്കപ്പെടുന്ന സാഹചര്യമുണ്ട്. നാം കഴിക്കുന്ന ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവുമെല്ലാം നമ്മുടെ സ്വാതന്ത്ര്യത്തില്‍ നിന്നും എടുത്തു മാറ്റി, നമ്മുടെ ദേശീയ സങ്കല്‍പ്പം ഫാസിസത്താല്‍ വെല്ലുവിളിക്കപ്പെടുന്ന നാളുകള്‍ നമ്മെ ആകുലപ്പെടുത്തിയിട്ടുണ്ട്. അസഹിഷ്ണുത അരിഞ്ഞെടുത്ത ജീവിതങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ട് രാജ്യത്തെ ജനത ഒറ്റക്കെട്ടായി നിന്നിട്ടുണ്ട്. എഴുത്തുകാരും വിദ്യാര്‍ഥികളും ജനപ്രതിനിധികളും പ്രതിഷേധത്തില്‍ അണി ചേര്‍ന്നിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡതക്കു ഭീഷണി സൃഷ്ടിക്കുന്ന രാഷ്ട്രീയ മനോഭാവങ്ങള്‍ക്കെതിരായ സമരം കേരള നിയമസഭാ തിരഞ്ഞെടുപ്പിലും പ്രസക്തമാണ്. പ്രബുദ്ധകേരളത്തിന്റെ രാഷ്ട്രീയം, അതിന്റെ മതേതര മനോഭാവം പ്രകടിപ്പിച്ചിട്ടുള്ള ചരിത്രത്തിന്റെ തുടര്‍ച്ചക്കു വേണ്ടിയുള്ള സമരമായി നമ്മുടെ വോട്ടുകള്‍ വിനിയോഗിക്കപ്പെടണം.
കേരള മുസ്‌ലിം ജമാഅത്ത് ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോടും മലപ്പുറത്തും നടത്തിയ രണ്ടു സമരങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരിക്കും. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വഖ്ഫ് ബോര്‍ഡില്‍ നിന്നും മുസ്‌ലിം ജമാഅത്ത് പ്രതിനിധാനം ചെയ്യുന്ന വിശ്വാസി സമൂഹം നേരിടുന്ന അനീതികളെ ചൂണ്ടിക്കാട്ടിയായിരുന്നു ആ സമരങ്ങള്‍. അനര്‍ഹമായതോ അമിതമായതോ ആയ ആനുകൂല്യങ്ങള്‍ക്കു വേണ്ടിയല്ല, മറ്റേതെങ്കിലും ജനവിഭാഗങ്ങളോടു കാട്ടുന്ന അനുകമ്പക്കെതിരെയുമായിരുന്നില്ല ആ സമരം. നിഷേധിക്കപ്പെട്ട നീതിയെ ചൂണ്ടിക്കാണിക്കാനായിരുന്നു. ജനാധിപത്യത്തില്‍ സമരം ഒരു മാര്‍ഗം തന്നെയാണല്ലോ. കോടതിയില്‍ പോകുകയാണ് വേണ്ടതെന്നും സമരം ചെയ്യുന്നത് രാഷ്ട്രീയ താത്പര്യത്തോടെയാണെന്നും ചില പ്രതികരണങ്ങള്‍ കാണാനിടയായി. ജനാധിപത്യാവകാശങ്ങളെ പരിഹസിക്കുന്നതായി തോന്നി അത്. കുടിവെള്ളം ചോദിച്ചു വരുന്ന ജനത്തോട് നിങ്ങള്‍ കോടതിയില്‍ പൊയ്‌ക്കോളൂ എന്നു പറയാന്‍ ധൈര്യം കാട്ടുമോ. (കോടതിയില്‍ പോകാം എന്നതും പോകുകയും അനുകൂലവിധി ലഭിക്കുകയും ചെയ്തിട്ടുണ്ട് എന്നതു വേറെ കാര്യം) എങ്കിലും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ക്ക് രാഷ്ട്രീയമായി പ്രതിഷേധിച്ച് പൗരബോധത്തിന്റെ അന്തസ്സത്ത സൂക്ഷിക്കുകയും അനീതികള്‍ക്കെതിരായ മനോഭാവം വളര്‍ത്തുകയും വേണ്ടതുണ്ട്. സമരത്തെ നിങ്ങള്‍ രാഷ്ട്രീയം എന്നു വിളിച്ചു പരിഹസിക്കുന്നതെന്ത്. രാഷ്ട്രീയം അത്ര അശ്ലീലമാണെന്നു ഞങ്ങള്‍ കരുതുന്നില്ലെന്നു നേരത്തേ വിവരിച്ചിട്ടുണ്ട്. മറ്റൊന്ന്, രാഷ്ട്രീയാധികാരത്തിന്റെ ബലത്തില്‍ സ്വീകരിക്കുന്ന അനീതികള്‍ക്കെതിരെ ജനാധിപത്യം വിധി നിര്‍ണയിക്കുന്ന ഘട്ടത്തില്‍ രാഷ്ട്രീയമായി തന്നെയാണ് പ്രതികരിക്കേണ്ടത്, പ്രതിഷേധിക്കേണ്ടത് എന്നും കരുതുന്നു. അവകാശം നേടിയെടുക്കുന്നതിനുള്ള വോട്ടധികാരത്തെ ഉണര്‍ത്തേണ്ടത് രാഷ്ട്രീയമായിത്തന്നെയാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഇതു രാഷ്ട്രീയ സമരമാണെന്ന ആക്ഷേപത്തെ ഞങ്ങള്‍ സ്വീകരിക്കുന്നു. നിങ്ങളുടെ കക്ഷി രാഷ്ട്രീയമല്ല, മേല്‍പ്പറഞ്ഞ പൗരബോധത്തിന്റെ രാഷ്ട്രീയം. ജനാധിപത്യത്തില്‍ പാര്‍ട്ടിരഹിതര്‍ക്കും പ്രയോഗിക്കാവുന്ന വോട്ടധികാരത്തിന്റെ രാഷ്ട്രീയം.
മണ്ണാര്‍ക്കാട് രണ്ടു സുന്നി പ്രവര്‍ത്തകര്‍ അരും കൊല ചെയ്യപ്പെട്ട സംഭവം ഈ തിരഞ്ഞെടുപ്പു വേളയിലും ചര്‍ച്ചയായിട്ടുണ്ടല്ലോ. രണ്ടര വര്‍ഷമായി വിവിധ ഘട്ടങ്ങളില്‍ അവിടെ സമരം ചെയ്തു വരികയാണ് സുന്നി സംഘടനകള്‍. അധികരത്തിന്റെ അനീതി അവിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അധികാരത്തിലുള്ള സ്വാധീനം അവിടെ വിധിനിശ്ചയിച്ചിട്ടുണ്ട്. രണ്ടുജീവിതങ്ങള്‍ തെരുവില്‍ വെട്ടിനുറുക്കപ്പെട്ട ഘട്ടത്തില്‍ ജനാധിപത്യാധികാരത്തിന്റെ ഇരിപ്പിടങ്ങളില്‍ നിന്നിളകി കണ്ണീര്‍ വാര്‍ത്തവരോട് ഒരു സ്വാന്ത്വനവാക്കു പറയാന്‍ കൂട്ടാക്കാത്ത ഹുങ്ക് അവിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ ഓണപ്പറമ്പ് പോലുള്ള പ്രദേശങ്ങളില്‍ പള്ളിയും മദ്‌റസയും ഖുര്‍ആനും തീവെച്ച് നശിപ്പിച്ച് രാഷ്ട്രീയാധികാരത്തിന്റെ അഹങ്കാരം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം മനുഷ്യവിരുദ്ധമായ/നീതിരഹിതമായ/ധിക്കാരപരമായ നിലപാടുകള്‍ക്കെതിരായ രാഷ്ട്രീയ സമരമാണ് വോട്ട്. വ്യക്തികള്‍ മാത്രമല്ല, അധികാരത്തെ നിയന്ത്രിക്കുന്ന അലയന്‍സുകള്‍ തന്നെ വോട്ടധികാരത്തിന്റെ ശക്തിയറിയണം. വോട്ടവകാശത്തിന്റെ നിലപാട് രാഷ്ട്രീയം, തോല്‍പ്പിക്കുന്നതിനോ അധികാരം പിടിച്ചെടുക്കുന്നതിനോ അല്ല. അവകാശത്തെ, അഭിപ്രായത്തെ അറിയിക്കാനുള്ളതാണ്. അതുകൊണ്ട് ജയത്തെയോ തോല്‍വിയെയോ നിശ്ചയിക്കുക എന്നതിനേക്കാള്‍ നിലപാടിന്റെ സമരത്തെ അടയാളപ്പെടുത്തുക എന്നതാണ്.
ജനാധിപത്യത്തിനു കരുത്തു പകര്‍ന്ന്, ഇനിയും അസ്തമിച്ചിട്ടില്ലാത്ത നീതിയുടെ രാഷ്ട്രീയങ്ങള്‍ കണ്ണു തുറക്കട്ടേ എന്ന പ്രതീക്ഷയോടെ നമുക്കു നമ്മുടെ രാജ്യത്തിന്റെ അന്തസ്സത്തയുള്ള ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കു ചേരാം, പങ്കു ചേരണം.