Connect with us

National

മോദിയുടെ രഹസ്യ സംഭാഷണം ഇറ്റലി പുറത്തുവിട്ടേക്കുമെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

ദുബൈ: കടല്‍ക്കൊല കേസില്‍ ഇന്ത്യന്‍ തടവില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികനെ വിട്ടയച്ചില്ലെങ്കില്‍ പ്രധാനമന്ത്രി നടത്തിയ രഹസ്യ സംഭാഷണം ഇറ്റലി പുറത്തുവിട്ടേക്കുമെന്ന് വെളിപ്പെടുത്തല്‍. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ വിവാദ ഇടപാടില്‍ ആരോപണവിധേയനായ മധ്യസ്ഥന്‍ ക്രിസ്റ്റ്യന്‍ മൈക്കലാണ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റിയോറന്‍സിയുമായി ന്യൂയോര്‍ക്കില്‍ വെച്ച് നരേന്ദ്ര മോദി നടത്തിയ സ്വകാര്യ സംഭാഷണം പുറത്തുവിടുമെന്നാണ് മൈക്കല്‍ അവകാശപ്പെടുന്നത്.
2015ല്‍ യു എന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ന്യൂയോര്‍ക്കില്‍ എത്തിയപ്പോഴാണ് മറ്റിയോറന്‍സിയുമായി കൂടിക്കാഴ്ച നടന്നത്. സ്വകാര്യ സംഭാഷണത്തിനിടെ, കോപ്ടര്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരായ വിവരങ്ങള്‍ കൈമാറാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് നേരത്തെ ആരോപണങ്ങളുണ്ടായിരുന്നു. ഇക്കാര്യം ഇരു രാജ്യങ്ങളും നേരത്തെ നിഷേധിച്ചതുമാണ്. സ്വകാര്യ ചാനലില്‍ ക്രിസ്റ്റ്യന്‍ മൈക്കലിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇറ്റലി നിലപാട് ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, മോദിയും മറ്റിയോറന്‍സിയുമായി ഔപചാരിക കൂടിക്കാഴ്ചകള്‍ ഒന്നും തന്നെ യു എന്‍ ഉച്ചകോടിക്കിടയില്‍ നടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച ഇറ്റാലിയന്‍ സര്‍ക്കാര്‍ പക്ഷേ, ഇരുവരും നടത്തിയതായി ആരോപിക്കപ്പെട്ടിട്ടുള്ള അനൗപചാരിക ചര്‍ച്ചകളെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് മൈക്കല്‍ ചാനലിനോട് പറഞ്ഞു. ഇരുവരുടെയും കൂടിക്കാഴ്ച സംബന്ധിച്ച് ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസി അഗസ്റ്റയുടെ മാതൃകമ്പനിയായ ഫൈന്‍മെക്കാനിക്കയെ അറിയിച്ചിരുന്നു. എംബസിയിലെ ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും മൈക്കല്‍ വെളിപ്പെടുത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ നാവികനെ വിട്ടയക്കാന്‍ തയ്യാറായില്ലെങ്കില്‍ സന്തോഷകരമല്ലാത്ത ചില നടപടികള്‍ ഇറ്റാലിയന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മൈക്കല്‍ പറയുന്നു.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ്, എ കെ ആന്റണി എന്നിവരെ താന്‍ കണ്ടിട്ടില്ലെന്ന് ക്രിസ്റ്റ്യന്‍ മൈക്കല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഹെലികോപ്ടര്‍ ഇടപാടില്‍ സോണിയാ ഗാന്ധിയുടെ നിരപരാധിത്വം തെളിയിച്ചാല്‍ മാത്രമേ തനിക്കെതിരെയുള്ള ആരോപണങ്ങളുടെ മുനയൊടിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2010ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ ആംഗ്ലാ- ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായി വി വി ഐ പി ഹെലിക്കോപ്ടറുകള്‍ക്കായി കരാറില്‍ എത്തിയിരുന്നു. കൈക്കൂലി ആരോപണങ്ങളെ തുടര്‍ന്ന് ഈ കരാര്‍ റദ്ദാക്കുകയായിരുന്നു.

Latest