ആര്‍ ടി എക്ക് യൂറോപ്യന്‍ ഇന്നൊവേഷന്‍ മാനേജ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം

Posted on: May 14, 2016 7:20 pm | Last updated: May 14, 2016 at 7:20 pm

ariport (2)ദുബൈ: റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ)ക്ക് ആഗോള അംഗീകാരമായ യൂറോപ്യന്‍ ഇന്നൊവേഷന്‍ മാനേജ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ആര്‍ ടി എയുടെ സംയോജിത മാനേജ്‌മെന്റ് സംവിധാനവും നൂതനാശയങ്ങളെ പിന്തുണക്കുകയും ചെയ്യുന്നത് മാനിച്ചാണ് അംഗീകാരം. ആര്‍ ടി എയുടെ സൃഷ്ടിപരതക്കും നവീനമായ ആശയങ്ങള്‍ക്കും ലഭിച്ച ഈ അംഗീകാരത്തില്‍ വളരെയധികം അഭിമാനമുണ്ടെന്ന് ആര്‍ ടി എ ഡയറക്ടര്‍ ജനറല്‍-ബോര്‍ഡ് ഓഫ് എക്‌സിക്യുട്ടീവ് ഡയറക്‌ടേഴ്‌സ് ചെയര്‍മാന്റെ ഓഫീസ് എക്‌സിക്യുട്ടീവ് ഡയറക്ടറും ഇന്നൊവേഷന്‍ സ്ട്രാറ്റജി സൂപ്പര്‍വൈസറി കമ്മിറ്റി മേധാവിയുമായ ലൈല ഫരീദൂന്‍ പറഞ്ഞു. യു എ ഇയുടെ സ്ഥാനം ആഗോള തലത്തില്‍ ഒന്നാമതാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങളനുസരിച്ചാണ് നൂതനമായ ആശയങ്ങള്‍ നടപ്പിലാക്കുന്നതെന്ന് ലൈല പറഞ്ഞു.
സ്മാര്‍ട് ഷെല്‍ട്ടര്‍, മെട്രോ സ്റ്റേഷനുകളില്‍ സ്മാര്‍ട് മാള്‍, പരിസ്ഥിതി സൗഹൃദ-ഹൈബ്രിഡ് വാഹനങ്ങള്‍ക്കും ഇലക്ട്രിക് കാറുകള്‍ക്കും ഇന്ധനം നിറക്കാനുള്ള സ്റ്റേഷനുകള്‍ എന്നിവയാണ് ആര്‍ ടി എ പുതുതായി നടപ്പിലാക്കിയ നവീന ആശയങ്ങള്‍. ഹൈബ്രിഡ്-ഇലക്ട്രിക് കാറുകളുടെ ഉപയോഗത്തിലൂടെ ഗതാഗത മാര്‍ഗംമൂലമുണ്ടാകുന്ന പാരിസ്ഥിതിക മലിനീകരണം തടയുന്നതിനും ആര്‍ ടി എ മുന്‍കൈയെടുത്തു.
സ്മാര്‍ട് ഗതാഗതത്തിന്റെ ഭാഗമായി ഇപ്പോള്‍ ദുബൈയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ആര്‍ ടി എ.