വികസന പദ്ധതികളുടെ തുടര്‍ച്ചക്ക് യു ഡി എഫിനെ വിജയിപ്പിക്കണം

Posted on: May 14, 2016 2:31 pm | Last updated: May 14, 2016 at 2:31 pm

കല്‍പ്പറ്റ: ജില്ലയുടെ വികസന കാര്യങ്ങളില്‍ പ്രത്യേകം പരിഗണന നല്‍കിയ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാറിനെ വീണ്ടും അധികാരത്തിലേറ്റേണ്ടത് വയനാടിന്റെ ബാധ്യതയാണെന്ന് ഐക്യജനാധിപത്യമുന്നണി ഏകോപന സമിതി ജില്ലാ ചെയര്‍മാന്‍ സി.പി വര്‍ഗീസ്, കണ്‍വീനര്‍ പി.പി.എ കരീം എന്നിവര്‍ ആവശ്യപ്പെട്ടു. ജില്ലയുടെ രൂപീകരണത്തിന് ശേഷം വികസന കാര്യത്തില്‍ ഇതുപോലെ കുതിച്ചുചാട്ടമുണ്ടാക്കാനായിട്ടില്ല. പിന്നാക്കജില്ലയെന്ന പതിവ് പരാധീനതകളില്‍ നിന്ന് വയനാട് ജില്ലയ്ക്ക് മോചനം ലഭിച്ച അഞ്ച് വര്‍ഷങ്ങളാണ് കഴിഞ്ഞുപോയത്. ആരോഗ്യ – വിദ്യാഭ്യാസ – അടിസ്ഥാന വികസന – വിനോദസഞ്ചാര വികസനരംഗത്ത് ജില്ല സ്വപ്‌നം കാണാന്‍ പോലും ഭയന്നിരുന്ന വന്‍പദ്ധതികളാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഇക്കാലയളവില്‍ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തത്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത മുഴുവന്‍ പദ്ധതികളും തുടങ്ങാനായി എന്നത് യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തിന് തിളക്കം കൂട്ടുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും വിജയിച്ച യു.ഡി.എഫ് പ്രതിനിധികളുടെ മികവാര്‍ന്ന പ്രവര്‍ത്തനം ചരിത്രം വഴിമാറിയ വികസനപദ്ധതികള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. 900 കോടി മുതല്‍ മുടക്കില്‍ രാജ്യത്ത് ആദ്യമായി നിര്‍മ്മിക്കുന്ന പരിസ്ഥിതി സൗഹൃദ മെഡിക്കല്‍ കോളജ്, ചെതലയത്ത് ആരംഭിച്ച രാജ്യത്തെ ആദ്യ ട്രൈബല്‍ കോളജ്, 298.91 കോടി ചിലവില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്ന കല്‍പ്പറ്റയിലെ സമഗ്ര കുടിവെള്ള പദ്ധതി. അമ്പലവയലിലെ കാര്‍ഷിക കോളജ്, ശ്രീചിത്തിരി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥലമെടുപ്പ് തടങ്ങിയവ പുരോഗമിക്കുന്നു. 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കല്‍പ്പറ്റ ബൈപ്പാസ് പൂര്‍ത്തിയാക്കിയതും, ചുരം റോഡ് നവീകരിച്ചതും, നിരവധി സര്‍ക്കാര്‍ സ്‌കൂളുകള്‍ അപ്രഗേഡ് ചെയ്തതും, രാജ്യത്ത് ആദ്യമായി ഫഌറ്റ് സമുച്ചയം നിര്‍മ്മിച്ചതും യു.ഡി.എഫ് സര്‍ക്കാരാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കാരുണ്യഫണ്ടില്‍ നിന്നും മുമ്പൊരിക്കലുമില്ലാത്തവിധം ജില്ലയില്‍ സഹായമനുവദിച്ചു. പോക്കുവരവ് ഓണ്‍ലൈനാകുന്ന സംസ്ഥാനത്തെ ആദ്യ ജില്ല, വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിരവില്‍പ്പുഴ പാലം, തെക്കേവയനാടിനെയും വടക്കേ വയനാടിയെും ബന്ധിപ്പിക്കുന്ന കക്കടവ് പാലം തുടങ്ങി ഒരു ഡസനിലധികം പാലങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ ഉദ്ഘാടനം ചെയ്തത്. ഗതാഗതരംഗത്ത് വന്‍ സാധ്യതകള്‍ തുറന്ന് നിലമ്പൂര്‍ സുല്‍ത്താന്‍ ബത്തേരി റെയില്‍പാതക്കുള്ള സാധ്യതാ പഠനവും ഉടന്‍ നടക്കും. കര്‍ലാട് അഡ്വഞ്ചര്‍ ക്യാമ്പില്‍ പുതുതായി ആരംഭിച്ച സ്വിപ് ലൈന്‍, കയാക്കിങ്, ലാന്റ് സോര്‍ബിംഗ്, ആര്‍ച്ചറി എന്നിവ വിനോദ സഞ്ചാരികള്‍ക്ക് വന്‍ ആവേശമായിരിക്കുകയാണ്. പുത്തന്‍ പദ്ധതികളോടെ ദക്ഷിണേന്ത്യയിലെ ആദ്യ ഹൈഡല്‍ ടൂറിസ്റ്റ് കേന്ദ്രമെന്ന പദവിയും കര്‍ലാടിന് സ്വന്തമാകും. 3292 ആദിവാസികള്‍ക്ക് വീട്, അരിവാള്‍ രോഗികള്‍ക്ക് പെന്‍ഷന്‍ തുക 2000 രൂപയായി ഉയര്‍ത്തല്‍, കാര്‍ഷിക പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി തുടങ്ങിയവയും ജില്ലയില്‍ നടപ്പിലായി. രാഷ്ട്രീയ എതിരാളികള്‍പോലും അംഗീകരിച്ച നിരവധി വികസനപ്രവര്‍ത്തനങ്ങളിലൂടെ ജില്ലയിലെ വോട്ടര്‍മാര്‍ അര്‍പ്പിച്ച പ്രതീക്ഷ നിറവേറ്റാന്‍ കഴിഞ്ഞുവെന്ന നിര്‍വൃതിയിലാണ് യു.ഡി.എഫ് വീണ്ടും ജനവിധി തേടുന്നത്. സിറ്റിംഗ് എം.എല്‍.എമാരായ മന്ത്രി പി.കെ ജയലക്ഷ്മി, ഐ.സി ബാലകൃഷ്ണന്‍, എം.വി ശ്രേയാംസ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സാധ്യമാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവാന്‍ അവരെ വീണ്ടും വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കേണ്ടത് ജില്ലയുടെ കടമയാണ്. ടൂറിസം മേഖലയാണ് ജില്ലയുടെ വളര്‍ച്ചയില്‍ ഇനിയുള്ള കാലം നിര്‍ണ്ണായകമാവാന്‍ പോവുന്നത്. യു.ഡി.എഫ് വന്നാല്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തും. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം തന്നെ തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.