Connect with us

Sports

'ചാമ്പ്യന്‍സ് ലീഗ്' പോരാട്ടം

Published

|

Last Updated

ലണ്ടന്‍: 2015-16 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിന് നാളെ കൊടിയിറക്കം. ലെസ്റ്റര്‍ സിറ്റി ചരിത്രം സൃഷ്ടിച്ച് ചാമ്പ്യന്‍മാരായപ്പോള്‍ ന്യൂകാസില്‍, നോര്‍വിച്, ആസ്റ്റന്‍വില്ല ക്ലബ്ബുകള്‍ രണ്ടാം ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് തരംതാഴ്ത്തപ്പെട്ടു. നാളെ പത്ത് മത്സരങ്ങളിലായി ഇരുപത് ടീമുകളും ഒരേ സമയം കളത്തിലിറങ്ങുകയാണ്. ആവേശക്കാഴ്ച അവസാനിക്കുന്നത് അവസാന നാലില്‍ ഇടം പിടിക്കാന്‍ മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ തമ്മിലുള്ള കിടമത്സരമാണ്.
ലെസ്റ്ററിന് പിറകിലായി ടോട്ടനം ഹോസ്പറും ആഴ്‌സണലും ചാമ്പ്യന്‍സ് ലീഗ് സ്‌പോട് ഉറപ്പിച്ചപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫിനുള്ള നാലാം സ്ഥാനം മാത്രമാണ് തീരുമാനിക്കപ്പെടാനുള്ളത്. 37 മത്സരങ്ങളില്‍ 65 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് നാലാം സ്ഥാനത്തുള്ളത്. 63 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അഞ്ചാം സ്ഥാനത്താണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഹോം മാച്ചില്‍ ബൗണ്‍മൗത്തിനെ നേരിടുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എവേ മാച്ചാണ് കളിക്കേണ്ടത്. സ്വാന്‍സിയാണ് എതിരാളി.
പതിനാറാം സ്ഥാനത്തുള്ള ബൗണ്‍മൗത്തിനെതിരെ അനായാസം ജയിക്കാമെന്ന കണക്ക്കൂട്ടലിലാണ് യുനൈറ്റഡ്. പക്ഷേ, ജയിച്ചിട്ട് കാര്യമില്ല. മാഞ്ചസ്റ്റര്‍ സിറ്റി തോല്‍ക്കണം. എങ്കില്‍ മാത്രമേ ലൂയിസ് വാന്‍ ഗാലിന്റെ ടീമിന് നാലാം സ്ഥാനം പിടിച്ചെടുക്കാന്‍ സാധിക്കൂ. ലീഗിലെ ആറാം സ്ഥാനക്കാര്‍ യൂറോപ്പില്‍ കളിക്കാനുള്ള സുവര്‍ണാവസരവും മുന്നിലുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി നാലാം സ്ഥാനം ഉറപ്പിച്ചാല്‍ മാത്രം മതി.
കാപ്പിറ്റല്‍ വണ്‍ കപ്പ് ചാമ്പ്യന്‍മാരായതിലൂടെ സിറ്റി നേരത്തെ തന്നെ യൂറോപ ലീഗ് കളിക്കാന്‍ യോഗ്യത നേടിയിരുന്നു. സിറ്റി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുന്നതോടെ ആ ഒഴിവ് ലീഗിലെ ആറാംസ്ഥാനത്തെത്തുന്ന ടീമിന് ലഭ്യമാകും. വെസ്റ്റ്ഹാം(62പോയിന്റ്), സതംപ്ടണ്‍(60പോയിന്റ്) , ലിവര്‍പൂള്‍(59) ടീമുകളാണ് ആറാം സ്ഥാനത്തിനായി രംഗത്തുള്ളത്. വെസ്റ്റ്ഹാം, സതംപ്ടണ്‍ ക്ലബ്ബുകള്‍ തോറ്റാല്‍ മാത്രമേ ലിവര്‍പൂളിന് സാധ്യതയുള്ളൂ.
ലീഗിലെ ഏഴാം സ്ഥാനക്കാര്‍ക്കും യൂറോപ്പില്‍ കളിക്കാന്‍ അവസരം ഉണ്ട്. ആ സാധ്യതകള്‍ ഇങ്ങനെയാണ്. ലിവര്‍പൂള്‍ യൂറോപ ലീഗ് ചാമ്പ്യന്‍മാരായാല്‍ നേരിട്ട് ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടും. ക്രിസ്റ്റല്‍ പാലസ് എഫ് എ കപ്പ് ജയിച്ചാല്‍ അവര്‍ക്ക് യൂറോപ ലീഗ് ഗ്രൂപ്പ് റൗണ്ടിലേക്കും ടിക്കറ്റ് നേടാം. എന്നാല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ചാമ്പ്യന്‍മാരാകുന്നതെങ്കില്‍ യൂറോപ ലീഗ് പ്ലേ ഓഫ് സ്ഥാനം ഏഴാമത്തെ ടീമിന് ലഭിക്കും. ഇങ്ങനെ, കെട്ടുപിണഞ്ഞു കിടക്കുകയാണ് ലീഗിലെ അവസാന ദിനത്തിലെ സാധ്യതകള്‍.
രണ്ടാം സ്ഥാനത്തേക്ക് ടോട്ടനം ഹോസ്പറും ആഴ്‌സണലും തമ്മിലാണ് മത്സരം. റെലഗേറ്റഡ് ആയ ന്യൂകാസില്‍ യുനൈറ്റഡിന്റെ തട്ടകത്തില്‍ ഇറങ്ങുന്ന ടോട്ടനമിന് ജയിച്ചാല്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താം. രണ്ട് പോയിന്റിന്റെ വ്യത്യാസത്തില്‍ ടോട്ടനമിന് പിറകില്‍ നില്‍ക്കുന്ന ആഴ്‌സണല്‍ ഹോംഗ്രൗണ്ടില്‍ നേരിടുന്നത് ലീഗിലെ ഏറ്റവും മോശം ടീമായ ആസ്റ്റന്‍വില്ലയെയാണ്. 17 പോയിന്റുള്ള ആസ്റ്റന്‍വില്ലയാണ് ലീഗില്‍ ആദ്യം റെലഗേറ്റഡ് ആയ ടീം.
മുന്‍ ലിവര്‍പൂള്‍, ചെല്‍സി കോച്ച് റാഫേല്‍ ബെനിറ്റസാണ് ന്യൂകാസില്‍ യുനൈറ്റഡിന്റെ പരിശീലകന്‍. അവസാന നാളുകളില്‍ ടീമിന്റെ ചുമതല ഏറ്റെടുത്ത ബെനിറ്റസിന് കീഴില്‍ ന്യൂകാസില്‍ പോരാട്ടവീര്യമുള്ള സംഘമായി മാറിയിരുന്നു. ടോട്ടനം ഇന്ന് ന്യൂകാസിലിനെ ഭയക്കുന്നുണ്ടെങ്കില്‍ അത് ബെനിറ്റസ് ഒപ്പമുള്ളതു കൊണ്ടാണ്.
നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സിക്ക് അടുത്ത സീസണില്‍ ആദ്യം മുതല്‍ തുടങ്ങണം. യൂറോപ്പില്‍ കളിക്കാന്‍ അവസരം ശേഷിക്കുന്നില്ല. 59 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ചെല്‍സി. ജോസ് മൗറിഞ്ഞോയെ പുറത്താക്കിയിട്ടും ചെല്‍സിക്ക് പ്രതാപം വീണ്ടെടുക്കാന്‍ സാധിച്ചില്ല.

Latest