കണ്ണൂരില്‍ 1054 ബൂത്തുകളില്‍ തത്സമയ വെബ്കാസ്റ്റിംഗ്

Posted on: May 14, 2016 12:01 am | Last updated: May 14, 2016 at 12:01 am

voteകണ്ണൂര്‍: കണ്ണൂര്‍ജില്ലയിലെ 1629 പോളിംഗ് ബൂത്തുകളില്‍ 1401 ബൂത്തുകളും പൂര്‍ണമായി സുരക്ഷാ വലയത്തിലാക്കാന്‍ തീരുമാനമായി.1054 ബൂത്തുകളില്‍ തത്സമയ വെബ്കാസ്റ്റിംഗ് സംവിധാനമുണ്ടാക്കാനും 192 ബൂത്തുകളില്‍ മുഴുവന്‍ സമയ വീഡിയോ കവറേജിനും സംവിധാനമൊരുക്കി.
വെബ്കാസ്റ്റിംഗിന് മേല്‍നോട്ടത്തിനായി കലക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജമാക്കും. 80 പേരെയാണ് കണ്‍ട്രോള്‍ റും പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുള്ളത്. 15-20 ബൂത്തുകള്‍ ഒരാള്‍ എന്ന രീതിയില്‍ മുഴുവന്‍ സമയവും വെബ്കാസ്റ്റിംഗ് നിരീക്ഷിക്കും.
റവന്യൂ, പൊലീസ്, ബി എസ് എന്‍ എല്‍, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, കേന്ദ്രസേനാ കമാന്‍ഡര്‍മാര്‍ എന്നിവരുടെ സാന്നിധ്യവും കണ്‍ട്രോള്‍ റൂമിലുണ്ടാകും
ജില്ലയിലെ പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, ധര്‍മടം,കൂത്തുപറമ്പ്, തലശേരി എന്നീ ഏഴ് മണ്ഡലങ്ങളിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും ഇത്തവണ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തി. ഇതിന് പുറമെ എല്ലാ സെന്‍സിറ്റീവ് ബൂത്തുകളിലും മൈക്രോ ഒബ്‌സര്‍വര്‍മാര്‍ ഉണ്ടാകും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായ 265 പേരെയാണ് മൈക്രോ ഒബ്‌സര്‍വര്‍മാരായി നിയോഗിച്ചിട്ടുള്ളത്. 193 നിരീക്ഷകരെയും പോളിംഗ് ദിവസം ബൂത്തുകളില്‍ വിന്യസിക്കും.
കോഴിക്കോട്, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി നിയമിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ജില്ലയില്‍ ഈ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു.
വെബ്കാസ്റ്റിംഗും വീഡിയോ കവറേജും നടത്തുന്ന ദുശ്യങ്ങള്‍ പൂര്‍ണമായി റെക്കോര്‍ഡ് ചെയ്യും. അടുത്ത ദിവസം തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഇവ പരിശോധിക്കും. രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ ഏതെങ്കിലും ബൂത്തില്‍ ക്രമക്കേട് നടന്നതായി പരാതിയുണ്ടെങ്കില്‍ ദുശ്യങ്ങള്‍ 17ന് പരിശോധിക്കാനും സൗകര്യമുണ്ടാകും.