മങ്കടയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ യു ഡി എഫിനായില്ലെന്ന്

Posted on: May 13, 2016 12:30 pm | Last updated: May 13, 2016 at 12:30 pm

കൊളത്തൂര്‍: ജനങ്ങളുടെ വര്‍ധിച്ച പിന്തുണ ആത്മവിശ്വാസം പടരുന്നതായി മങ്കട മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി കെ റശീദലി. യു ഡി എഫ് പറയുന്ന വികസന നേട്ടങ്ങള്‍ പൊള്ളയാണന്നതില്‍ ജനങ്ങള്‍ ബോധവാന്മാരാണ്. അഞ്ച് വര്‍ഷം ലഭിച്ചിട്ടും മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനായില്ല. ജനങ്ങള്‍ തനിക്ക് അവസരം തന്നാല്‍ മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യം അറിഞ്ഞുള്ള വികസനത്തിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം മീറ്റ് ദ പ്രസില്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പല സംഘടനകളുടെയും പിന്തുണ തനിക്കുണ്ടെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന് ലഭിച്ച വോട്ടുകളുടെ ഇടിവ് പ്രതീക്ഷ നല്‍കുന്നതായും റശീദലി പറഞ്ഞു.നാട്ടുകാരനെന്ന പരിഗണന മണ്ഡലത്തിലെ ജനങ്ങള്‍ തനിക്ക് നല്‍കിയിട്ടുണ്ട്. മങ്കട ഗവ. കോളജ് മുടക്കാന്‍ എല്‍ ഡി എഫ് ശ്രമിച്ചു എന്നത് ആരോപണം മാത്രമാണെന്നും ഇതിന്റെ വസ്തുതകള്‍ യു ഡി എഫ് തുറന്നു പറയട്ടെയെന്നും ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.