ഗണേശ് കുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് മോഹന്‍ലാലും പ്രിയദര്‍ശനും

Posted on: May 12, 2016 10:58 pm | Last updated: May 12, 2016 at 10:58 pm

moahanlalപത്തനാപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരം നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥിയും താരസംഘടനയായ അമ്മയുടെ ഭാരവാഹിയുമായ ഗണേഷ് കുമാറിന് വോട്ടഭ്യാര്‍ത്ഥിച്ച് നടന്‍ മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനുമെത്തി.

താന്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് ഗണേഷ് കുമാറെന്നും ചലച്ചിത്ര താരമായല്ല മൂത്ത സഹോദരനായാണ് ഗണേഷിന് വേണ്ടി താന്‍ വോട്ട് ചോദിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
താരപ്പോരാട്ടം നടക്കുന്ന പത്തനാപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ഗണേഷ് കുമാര്‍ മത്സരിക്കുമ്പോള്‍, ജഗദീഷ് യുഡിഎഫ് സ്ഥാനാര്‍ഥിയായും ഭീമന്‍ രഘു എന്‍ഡിഎ സ്ഥാനാര്‍ഥിയായും മത്സരിക്കുന്നുണ്ട്.

ഈ നാടിനോട് ഗണേഷിനുള്ള സ്‌നേഹം തനിക്കറിയാം. പത്താനാപുരത്തെക്കുറിച്ചും ഇവിടെ ചെയ്യുന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും ഗണേഷ് തന്നോട് സംസാരിക്കാറുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
പത്തനാപുരം നഗരത്തില്‍ ഗണേഷ് കുമാറിന്റെ പ്രചാരണത്തിന് പ്രമുഖ ചലച്ചിത്ര താരമായ കെപിഎസി ലളിതയും നേരത്തേ വന്നിരുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിന് ഗണേഷ് തയ്യാറായതിനാലാണ് പ്രചാരണത്തിനെത്തിയതെന്ന് കെപിഎസി ലളിത പറഞ്ഞു.

സീരിയല്‍ താരങ്ങളായ ഗായത്രി, ശ്രീക്കുട്ടി, അമൃത, പത്മനാഭന്‍ തമ്പി തുടങ്ങിയ പ്രമുഖരും പ്രചാരണത്തിനെത്തിയിരുന്നു. താരങ്ങളെത്തിയതോടെ പ്രചാരണം കാണാന്‍ വന്‍ ജനാവലിയാണ് പത്തനാപുരത്ത് തടിച്ച് കൂടിയത്.