വിദൂര വിദ്യാഭ്യാസ വിഭാഗം ബി എ സെക്ഷന്‍ പരീക്ഷാ ഭവനിലേക്ക് മാറ്റാന്‍ വിസി ഉത്തരവിറക്കി

Posted on: May 12, 2016 8:59 am | Last updated: May 12, 2016 at 8:59 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ ബി എ പരീക്ഷാ വിഭാഗം ഓഫീസ് പരീക്ഷാഭവനിലേക്ക് മാറ്റാന്‍ വൈസ് ചാന്‍സലര്‍ ഡോ: കെ മുഹമ്മദ് ബശീര്‍ ഉത്തരവിറക്കി.
ഈ ഓഫീസിനുള്ളില്‍ കനത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ ജീവനക്കാര്‍ വളരെയേറെ ബുദ്ധിമുട്ടിയാണ് മാസങ്ങളായി ജോലി ചെയ്തിരുന്നത്. രണ്ടാഴ്ച മുമ്പ് ഒരു ജീവനക്കാരിക്ക് ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു.
വിഷയത്തില്‍ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂനിവേഴ്സ്റ്റി എംപ്ലോയീസ് യൂനിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം സര്‍വ്വകലാശാല ഭരണകാര്യാലയത്തിന് മുന്നില്‍ സമരവും നടത്തിയിരുന്നു. ഇതിനിടെ ഇന്നലെ വൈകീട്ട് വൈസ് ചാന്‍സലര്‍, പ്രോവൈസ് ചാന്‍സലര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് വെള്ളിയാഴ്ചക്കകം ഓഫീസ് പരീക്ഷാഭവനിലേക്ക് മാറ്റണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.
ആറ് സെക്ഷനുകളുള്ള ബി എ പരീക്ഷാ വിഭാഗം ഓഫീസില്‍ 30 ഓളം ജീവനക്കാരുണ്ട്. ഇവരുടെ പ്രയാസം കണക്കിലെടുത്താണ് ഓഫീസ് ഒടുവില്‍ പരീക്ഷാഭവനിലേക്ക് മാറ്റാന്‍ തീരുമാനമായത്.