നാട്ടിടവഴികളില്‍ സൗമ്യ സാന്നിധ്യമായി പിണറായി

Posted on: May 11, 2016 1:09 pm | Last updated: May 13, 2016 at 12:23 am

PINARAYIകണ്ണൂര്‍: ധര്‍മടം മണ്ഡലത്തില്‍ ആവേശത്തിന്റെ പകല്‍പ്പൂരം തീര്‍ത്താണ് പിണറായി വിജയന്റെ പ്രചാരണ ജൈത്രയാത്ര. ഈ നാട്ടിട വഴികളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി പിണറായി വിജയനെത്തുമ്പോള്‍ ചെങ്കടലിരമ്പം സ്വീകരണ കേന്ദ്രത്തെയാകെ ഒരു പ്രവാഹമാക്കി മാറ്റും. ആ അലയൊലിയിലെ തരംഗമായി സ്ത്രീകളും കുട്ടികളും ചെറുപ്പക്കാരും വയോധികരും ഒന്നിച്ചൊഴുകും.ഒരു പക്ഷെ കേരളത്തില്‍ മറ്റെവിടെയുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കാളും ആവേശവും അടുക്കും ചിട്ടയുമെല്ലാം കണ്ണൂരിലെ ധര്‍മടം മണ്ഡലത്തിലായിരിക്കും ദൃശ്യമാകുക.

കേരളത്തിന്റെ ഭാവിമുഖ്യമന്ത്രിയെന്ന് ഇരുമുന്നണികളും അടക്കം പറയുന്ന പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ചരിത്രമായിത്തന്നെ മാറ്റാനാണ് പാര്‍ട്ടി പിറന്ന മണ്ണിലെ അണികളും നേതാക്കളും കിണഞ്ഞു ശ്രമിക്കുന്നത്.അതിലേറെക്കുറേ അവര്‍ വിജയിക്കുന്നുമുണ്ട്. ധര്‍മടത്തിന് ചിരപരിചിത സഖാവാണ് പിണറായി വിജയന്‍. പുറത്തുള്ള ചിലരെങ്കിലും പറയുമ്പോലെ അവര്‍ക്ക് പിണറായി വലിയ കാര്‍ക്കശ്യക്കാരനല്ല. വീട്ടു പരിസരങ്ങളില്‍ ഇടക്കൊക്കെ കുശലാന്വേഷണങ്ങളുമായെത്തുന്ന വിജയേട്ടനാണ്. വോട്ടര്‍മാരുടെ സ്‌നേഹാദരങ്ങള്‍ വികാരനിര്‍ഭരമായ രംഗങ്ങളായി വരവേല്‍പ്പ് കേന്ദങ്ങളില്‍ പരിണമിക്കുമ്പോള്‍ നാട്ടുകാരന്‍ അവര്‍ക്ക് അപരിചിതനല്ലെന്ന് ആര്‍ക്കും ബോധ്യപ്പെടും. പരിചയം പുതുക്കുന്ന നിറപുഞ്ചിരിയോടെ എല്ലാവര്‍ക്കും അഭിവാദ്യം, കുശലാന്വേഷണം, കുരുന്നുകളുടെ കവിളില്‍ത്തട്ടി വാത്സല്യപൂര്‍വം പുഞ്ചിരി, കാത്തിരുന്നവര്‍ക്ക് മനം നിറയാന്‍ ഇതൊക്കെ തന്നെ ധാരാളം. ധര്‍മടത്തിന്റെ ഓരോ ഉള്‍നാടുകളും പിണറായിക്കറിയാം. അതു കൊണ്ട് തന്നെ പരമാവധി കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വോട്ടഭ്യര്‍ഥിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. നേതാവിന്റെ കൃത്യനിഷ്ഠത അറിയാവുന്ന അണികള്‍ സ്വീകരണ കേന്ദ്രത്തില്‍ കൃത്യസമയത്തെത്താനും പരിപാടികള്‍ ചിട്ടയോടെ നടത്താനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിന്റ തൊട്ടടുത്ത ദിവസം തന്നെ ധര്‍മടം മണ്ഡലത്തില്‍ പിണറായി പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. മണ്ഡലത്തിലെ പിണറായിയുടെ പര്യടനത്തുടക്കം ബൂത്തുതലത്തിലായിരുന്നു. 139 ബൂത്തുതലങ്ങളില്‍ കുടുംബയോഗം നടത്തി. എല്ലായിടത്തും പിണറായി പങ്കെടുക്കുകയും ചെയ്തു. ഇതിലേറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റ കൃത്യനിഷ്ഠയായിരുന്നു. കുടുബ യോഗങ്ങളിലൊന്നിലും അരമണിക്കൂര്‍പോലും വൈകാന്‍ പിണറായി തയ്യാറായില്ല. എല്ലായിടത്തും കൃത്യസമയത്തെത്തി. എല്ലാ ബൂത്തിലും വൃക്ഷത്തൈ നട്ട് പരിസ്ഥിതി സൗഹൃദ കാഴ്ചപ്പാടും പ്രകടമാക്കി. മറ്റു ജില്ലകളില്‍ക്കൂടി പ്രചാരണത്തിനിറങ്ങിയതിനാല്‍ ഇടക്ക് പ്രചാരണത്തിനൊരു അവധിയുണ്ടായിരുന്നു. പിന്നെ വീണ്ടും സ്വന്തം മണ്ഡലത്തിലെത്തി. രണ്ടും മൂന്നും ഘട്ടങ്ങളിലെ പ്രചാരണം കഴിഞ്ഞ് അവസാനവട്ട പര്യടനത്തിലാണ് ഇപ്പോള്‍.

പിണറായിയുടെ പ്രചാരണത്തിന് ചില പ്രത്യേകതകളുണ്ട്. പാര്‍ട്ടിയുടെ സമുന്നത നേതാക്കളാരും ഒപ്പമുണ്ടാകില്ല. ഘടക കക്ഷി പ്രതിനിധികളാണ് കൂടെയുണ്ടാകുക.ആദ്യം പ്രചാരണ വാഹനം പുറപ്പെടും. അതിനു പിന്നാലെ പിണറായിയും ഘടക കക്ഷി നേതാക്കളും സഞ്ചരിക്കുന്ന രണ്ട് വാഹനങ്ങള്‍ മാത്രം. എല്ലാ പ്രചാരണ സ്ഥലത്തും കലാ ട്രൂപ്പുകളുടെ പരിപാടികള്‍ പിണറായി വന്ന് പ്രസംഗിച്ചു പോയ ശേഷം മാത്രമാണ്. പണക്കൊഴുപ്പില്ലാത്ത, എന്നാല്‍ കാതലുള്ള ലളിത പ്രചാരണ മാര്‍ഗം. ചലച്ചിത്രതാരങ്ങളായ മധുപാല്‍, പി ശ്രീകുമാര്‍ എന്നിവരടങ്ങിയ സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഓരോ കേന്ദ്രങ്ങളിലും പിണറായിയെത്തുന്നതിന് മുമ്പ് പ്രസംഗിക്കും. മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തി ഇത്തരം സാംസ്‌കാരിക പ്രവര്‍ത്തകര്‍ നടത്തുന്ന പ്രസംഗങ്ങള്‍ ജനങ്ങള്‍ ഏറെ സ്വീകരിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. പിണറായി വേദിയിലെത്തിക്കഴിഞ്ഞാല്‍ ആമുഖമായി പ്രസംഗിച്ചവര്‍ പിന്‍വാങ്ങും. പിന്നെ ആള്‍ക്കുട്ടത്തിനിടയില്‍ നിന്ന് പിണറായിയുടെ ഗൗരവമേറിയ പ്രസംഗം.

കേരളത്തില്‍ വര്‍ഗീയവിഭജനത്തിന് ശ്രമിക്കുന്ന മോദിക്കും അമിത്ഷാക്കും വിമര്‍ശനവുമായാണ് പ്രസംഗിച്ചു തുടങ്ങുക. പിന്നീട് യു ഡി എഫ് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടിയുള്ള ചെറുവിവരണം. പത്ത് മിനുട്ടില്‍ താഴെയുള്ള പ്രസംഗത്തിനൊടുവില്‍ തനിക്ക് വോട്ടു ചെയ്യണമെന്ന അഭ്യര്‍ഥന. തന്റെ സാമൂഹിക ഇടപെടല്‍ നാട്ടുകാര്‍ക്ക് ഏറെക്കുറെ അറിയാമെന്നും ഇനിയും അത്തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകുമെന്നും നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കല്‍. തന്നാലാകുന്നത് മണ്ഡലത്തിനും നാടിനും ചെയ്യുമെന്നുമുള്ള വാഗ്ദാനത്തോടെ പ്രസംഗം അവസാനിപ്പിക്കുന്നു. നാട്ടുകാരുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ മടക്കം.
പ്രചാരണത്തിന്റെ അവസാനഘട്ടത്തിലെത്തുമ്പോള്‍,കഴിഞ്ഞ ദിവസം ധര്‍മടം മണ്ഡലത്തിലെ വേങ്ങാട് പഞ്ചായത്തുള്‍പ്പടെയുള്ള ഭാഗങ്ങളിലാണ് പ്രചാരണം നടത്തിയത്.

രാവിലെ പാണ്ട്യാലപ്പറമ്പില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. കതിനാവെടികളും മുദ്രാവാക്യങ്ങളോടെയായിരുന്നു സ്വീകരണം. പിണറായിയുടെ ചിത്രം പതിപ്പിച്ച ബനിയന്‍ ധരിച്ച് ചെറുപ്പക്കാര്‍ ആവേശ മുദ്രാവാക്യങ്ങളോടെ സ്വീകരണങ്ങള്‍ക്ക് കൊഴുപ്പേകി. പാല ബസാറില്‍ പകല്‍വെയില്‍ കൂസാതെ ആയിരങ്ങള്‍. ചുവപ്പ് തുണിയുടെ മേലാപ്പ് വിരിച്ച് മെയ് ഫഌവര്‍ നല്‍കിയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. ഉച്ചകഴിഞ്ഞ് കല്ലിക്കുന്നില്‍നിന്ന് പര്യടനം തുടങ്ങി. വേങ്ങാടും ഊര്‍പ്പള്ളിയിലും ജേഴ്‌സി ധരിച്ച കായിതാരങ്ങള്‍ വരവേല്‍പ്പിനെത്തി. പാനുണ്ടയിലും ഉമ്മന്‍ചിറയിലും പൈലറ്റ് വാഹനത്തിലെത്തി നടി കെ പി എ സി ലളിത പിണറായിക്ക് വോട്ടഭ്യര്‍ഥിച്ചു. 30 സ്വീകരണകേന്ദ്രങ്ങള്‍ പിന്നിട്ട് എടക്കടവിലായിരുന്നു പര്യടനത്തിന്റെ സമാപനം. രാവിലെ എട്ടുമണിമുതല്‍11 വരെയും വൈകിട്ട് നാലുമണി മുതല്‍ രാത്രി ഒമ്പത് വരെയാണ് പിണറായിയുടെ പര്യടനം നടക്കുന്നത്.