ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയെന്ന് സുപ്രീംകോടതി

Posted on: May 11, 2016 12:09 pm | Last updated: May 11, 2016 at 8:21 pm

harish-rawat.jpg.image.784.410ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചതായി സുപ്രീംകോടതി പ്രഖ്യാപിച്ചു. ഹരീഷ് റാവത്തിന് വീണ്ടും മുഖ്യമന്ത്രിയാകാം എന്ന് സുപ്രീം കോടതി പറഞ്ഞു. ഇന്നലെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി നല്‍കിയാണ്‌ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജയിച്ചിരിക്കുന്നത്. 71 അംഗ സഭയില്‍ 33 പേര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തു. 32 പേരുടെ പിന്തുണയായിരുന്നു വിശ്വാസ വോട്ടില്‍ ജയിക്കാന്‍ ആവശ്യമായിരുന്നത്. 28 പേരുടെ പിന്തുണ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.

ചൊവ്വാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിശ്വാസ വോട്ട് നടപടികള്‍ നിരീക്ഷിക്കാന്‍ കോടതി നിയോഗിച്ച നിരീക്ഷകന്റെയും സ്പീക്കറുടെയും റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിച്ചു. വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങളും കോടതി പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന് ശേഷമാണ് ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. നിയമസഭ നടപടികള്‍ കോടതി ശരിവെച്ചു.

ഉത്തരാഖണ്ഡിലെ രാഷ്ട്രപടി ഭരണം പിന്‍വലിക്കാന്‍ തയാറാണെന്ന് കോടതി നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയാണ് കേന്ദ്രത്തിന്റെ നിലപാട് കോടതിയെ അറിയിച്ചത്. വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങളിലേക്ക് നീങ്ങേണ്‌ടെന്ന് കേന്ദ്രം തീരുമാനിക്കുകയായിരുന്നു.

തിങ്കളാഴ്ചയാണ് ഒമ്പത് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ പുറത്താക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതിയും ശരിവച്ചത്. തുടര്‍ന്നാണ് വിശ്വാസ വോട്ടിനുള്ള വഴി തുറന്നത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പ് നടക്കുന്ന സമയമൊഴിച്ച് ബാക്കി സമയം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഉണ്ടായിരിക്കുമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 18ന് സുപ്രധാന ധനബില്‍ വോട്ടിനിട്ടപ്പോള്‍ ഒമ്പത് കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ ബില്ലിനെതിരെ വോട്ട് ചെയ്തതോടെയാണ് ഉത്തരാഖണ്ഡ് നിയമസഭയില്‍ ഭരണപ്രതിസന്ധി രൂക്ഷമായത്. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ശിപാര്‍ശയില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.