മോദിയുടെ ബിരുദം വ്യാജമല്ല;സ്ഥിരീകരണവുമായി ഡല്‍ഹി സര്‍വകലാശാല

Posted on: May 10, 2016 9:54 pm | Last updated: May 11, 2016 at 2:24 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിഎ ഡിഗ്രി ആധികാരികമാണെന്ന് ഡല്‍ഹി സര്‍വകലാശാല. മോഡിയുടെ ഡിഗ്രി സര്‍ട്ടഫിക്കറ്റ് സാധൂകരിക്കുന്ന എല്ലാ രേഖകളും തങ്ങളുടെ പക്കലുണ്ടെന്നും എന്നാല്‍ വര്‍ഷം രേഖപ്പെടുത്തിയതില്‍ ചെറിയ പിശക് സംഭവിച്ചുവെന്നും സര്‍വകലാശാല രജിസ്ട്രാര്‍ വ്യക്തമാക്കി. ഇന്നലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പുറത്തുവിട്ട മോഡിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് സര്‍വകലാശാലയുടെ വിശദീകരണം.
മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ എഎപി നേതാക്കള്‍ ഡല്‍ഹി സര്‍വകലാശാലയിലെത്തിയതിന് പിന്നാലെയാണഅ ധൃതി പിടിച്ച് സര്‍വകലാശാല വ്യക്തത വരുത്തിയത്. എന്നാല്‍ ഡിഗ്രി വ്യാജമാണെന്ന ആരോപണത്തില്‍ നിന്നും പിന്‍മാറാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറായിട്ടില്ല. നാളെ സംഘം സര്‍വകലാശാല വിസിയെ കണ്ടേക്കും.