50 ലക്ഷം റിയാലിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

Posted on: May 10, 2016 6:49 pm | Last updated: May 10, 2016 at 6:49 pm
SHARE

Arrestedദോഹ: നഗരത്തിലെ സ്വദേശിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷം ഖത്വര്‍ റിയാല്‍ മൂല്യം വരുന്ന സ്വര്‍ണ, വജ്രാഭരണങ്ങളും വാച്ചുകളും മോഷ്ടിച്ച അറബ് പൗരനെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സി ഐ ഡി) അറസ്റ്റ് ചെയ്തു. വിദേശത്ത് പോയ സമയത്ത് തന്റെ വീട്ടില്‍ കവര്‍ച്ച നടന്നതായി ഖത്വര്‍ പൗരന്‍ സി ഐ ഡിയില്‍ പരാതിപ്പെടുകയായിരുന്നു.
തെളിവുകള്‍ ശേഖരിക്കുകയും പരാതിക്കാരന്റെ പ്രദേശത്തെ സംശയിക്കപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തതിന് ശേഷം ഒരാളെ കസ്റ്റഡയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. മോഷണ മുതലിന്റെ ഒരുഭാഗം ഇയാള്‍ വിറ്റിട്ടുണ്ട്. ബാക്കിയുള്ളത് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വിദേശത്ത് പോകുന്ന സമയത്ത് വിലപിടിപ്പുള്ളത് വീട്ടില്‍ സൂക്ഷിക്കരുതെന്ന് സി ഐ ഡി സ്വദേശികളോടും പ്രവാസികളോടും അഭ്യര്‍ഥിച്ചു. ബേങ്കില്‍ സൂക്ഷിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ വിദേശയാത്രയെ സംബന്ധിച്ച് സി ഐ ഡിയെയോ സമീപത്തെ പോലീസ് സ്റ്റേഷനിലോ അറിയിക്കണം.