ഇന്‍ക്രഡിബിള്‍ ഇന്ത്യ’യില്‍ ബച്ചന്‍ അംബാസഡറാകില്ല

Posted on: May 10, 2016 10:59 am | Last updated: May 10, 2016 at 10:59 am

amithabh bachanന്യൂഡല്‍ഹി: നടന്‍ അമിതാഭ് ബച്ചനെ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ ടൂറിസം അംബാസഡറായി നിയമിക്കാനുള്ള നീക്കം വിവാദമായതോടെ സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. നേരത്തേ ആമിര്‍ ഖാനായിരുന്നു ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ അംബാസഡര്‍. പുതിയ ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാറിന്റെ മുന്നിലില്ലെന്നാണ് ടൂറിസം മന്ത്രി മഹേഷ് ശര്‍മ ലോക്‌സഭയില്‍ പറഞ്ഞത്. ‘അതുല്യ ഇന്ത്യ’ പ്രചാരണത്തിനായി ബച്ചനെ സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. എന്നാല്‍, വിദേശത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ നല്‍കിയവരുടെ പട്ടികയുമായി പനാമ പേപ്പറുകള്‍ വരികയും അതില്‍ ബച്ചന്റെ പേര് ഉയര്‍ന്നു വരികയും ചെയ്തതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയായിരുന്നു. രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞതോടെയാണ് ആമിര്‍ ഖാന്‍ അനഭിമതനാകുന്നതും ഇന്‍ക്രിഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടുന്നതും.