Connect with us

National

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്:സോണിയക്കെതിരായ നടപടിയില്‍ ബി ജെ പിയില്‍ ഭിന്നത

Published

|

Last Updated

ന്യൂഡല്‍ഹി:വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ നടപടിയെടുക്കുന്നതില്‍ ബി ജെ പി നേതൃത്വത്തില്‍ ഭിന്നത. സോണിയക്കെതിരെ ശക്തമായ നടപടികളെടുക്കരുതെന്ന നിലപാടില്‍ ബി ജെ പിയിലെ ഒരു വിഭാഗം നേതാക്കള്‍ ഉറച്ചു നില്‍ക്കുകയാണ്. സോണിയയെ അറസ്റ്റു ചെയ്യാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ മോദിയെ വെല്ലുവിളിച്ചിരുന്നു. സോണിയയെ തൊടാന്‍ മോദിക്ക് ഭയമാണെന്നും മോദിയുടെ രഹസ്യങ്ങള്‍ നെഹ്‌റു കുടുംബത്തിന് അറിയാമെന്നും കേജ്‌രിവാള്‍ പരിഹസിച്ചിരുന്നു.

1970ല്‍ ജനത സര്‍ക്കാര്‍ ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബി ജെ പിയെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടുന്ന ഒരു വിഭാഗം സോണിയക്കെതിരായ നടപടിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ അറസ്റ്റിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ നിലയില്‍ തിരിച്ചുവന്നിരുന്നു. പാര്‍ട്ടി ഇപ്പോള്‍ സോണിയയെ വിദേശിയായി മുദ്രകുത്തുകയും അവരുടെ ഇറ്റാലിയന്‍ ബന്ധത്തെ ലക്ഷ്യം വെക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ സോണിയാ ഗാന്ധിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും സ്വാധീനമുണ്ട്. അതിനാല്‍ അവര്‍ക്കെതിരായ നടപടികള്‍ ആത്മഹത്യാപരമായിരിക്കുമെന്നും ഈ നേതാക്കള്‍ വാദിക്കുന്നു.

അതേസമയം, ഹെലികോപ്റ്റര്‍ ഇടപാട് ഉയര്‍ത്തിക്കൊണ്ടുവരണമെന്നും തെളിവുകള്‍ പുറത്തുവിടണമെന്നുമാണ് ബി ജെ പിയിലെ മറ്റൊരു വലിയ വിഭാഗം ഇപ്പോഴും ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ അത് സഹായകമാകുമെന്നും അവര്‍ വിശ്വസിക്കുന്നു. സോണിയാ ഗാന്ധിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നാണ് മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ പോലും പറയുന്നത്. സോണിയക്കെതിരെ തെളിവുകളില്ലെന്ന മിലന്‍ കോടതി ജഡ്ജിയുടെ വാക്കുകളും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ ഹെലിക്കോപ്റ്റര്‍ ഇടപാട് തിരഞ്ഞെടുപ്പില്‍ വിഷയമാക്കാനാകില്ലെന്നും, ഇതുവഴി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിക്കില്ലെന്നും ഒരു വിഭാഗം പറയുന്നു.
ബൊഫോഴ്‌സുമായി ഇതിനെ ബന്ധിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നാണ് ഇവരുടെ നിലപാട്. നിലവിലെ സാഹചര്യത്തില്‍ സോണിയക്കെതിരായ നടപടികള്‍ നരേന്ദ്ര മോദിക്ക് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തല്‍ ബി ജെ പി പരിശോധിച്ചേക്കും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം