Connect with us

National

നീറ്റില്‍ കേരളത്തെ തള്ളി സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍, ദന്തല്‍ കോഴ്‌സുകളില്‍ സര്‍ക്കാര്‍ കോളജുകളിലെ പ്രവേശനത്തിന് ദേശീയ പൊതു പ്രവേശന പരീക്ഷ (നീറ്റ്) ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വിധി. സംസ്ഥാനങ്ങളുടെ പരീക്ഷക്ക് നിയമസാധുതയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതി ആവശ്യം തള്ളിയത്. അതോടൊപ്പം നിലവിലെ വിധി സംവരണത്തെയോ ന്യൂനപക്ഷങ്ങളെയോ ബാധിക്കില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, ജൂലൈ 24ന് നടക്കുന്ന മെഡിക്കല്‍, ദന്തല്‍ പൊതുപ്രവേശന പരീക്ഷയുടെ രണ്ടാംഘട്ട പരീക്ഷയില്‍ ആദ്യഘട്ടത്തില്‍ പരീക്ഷയെഴുതിയവര്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കുന്നുണ്ട്. മെയ് ഒന്നിന് നടന്ന ഒന്നാംഘട്ട പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് മാത്രമേ രണ്ടാം ഘട്ടത്തില്‍ പരീക്ഷയെഴുതാന്‍ കഴിയൂ എന്നാണ് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നത്. സ്വകാര്യ കോളജുകളും സ്വകാര്യ, കല്‍പ്പിത സര്‍വകലാശാലകളും ഈ വര്‍ഷം നീറ്റ് പട്ടികയില്‍ നിന്നുതന്നെ പ്രവേശനം നടത്തണമെന്ന് കഴിഞ്ഞ ദിവസം നല്‍കിയ ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നേരത്തെ, കേസ് പരിഗണിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ പരീക്ഷയെഴുതിയവര്‍ക്ക് രണ്ടാംഘട്ട പരീക്ഷയിലും പങ്കെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടറിയിച്ചു. ഇതിനിടെ പ്രവേശന പരീക്ഷക്ക് ഒമ്പത് പ്രാദേശിക ഭാഷകളില്‍ കൂടുതല്‍ പരിഗണിക്കുന്നതില്‍ കോടതി സി ബി എസ് ഇയുടെ അഭിപ്രായം തേടിയിരുന്നു. മലയാളം കൂടി പ്രാദേശിക ഭാഷയില്‍ ഉള്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ല.
മെഡിക്കല്‍ പ്രവേശനത്തിന്റെ മാനദണ്ഡമനുസരിച്ച് സി ബി എസ് ഇയുടെ ആള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ ടെസ്റ്റാണ് (എ ഐ പി എം ടി) ഒന്നാംഘട്ട പരീക്ഷയായി കണക്കാക്കുന്നത്. മെയ് ഒന്നിനാണ് ഇതു നടന്നത്. ഇതിന് അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നത്. ആഗസ്റ്റ് പതിനേഴിനാണ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത്. സെപ്തംബര്‍ മുപ്പതിന് മുമ്പായി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

Latest