ലാ ലിഗയില്‍ പന്ത് തട്ടാന്‍ ഖത്വര്‍ താരവും

Posted on: May 9, 2016 7:09 pm | Last updated: May 9, 2016 at 7:09 pm

Akram-Afif-lookson-160451521G300ദോഹ: ലോകം നെഞ്ചേറ്റിയ സ്പാനിഷ് ലാ ലിഗയില്‍ പന്ത് തട്ടാന്‍ ഖത്വര്‍ താരവും. സ്പാനിഷ് ക്ലബ് വിയ്യാറയലില്‍ പന്തു തട്ടാന്‍ ഖത്വറിലെ അല്‍ സദ്ദ് ക്ലബ് താരം അക്രം അഫീഫിനാണ് അവസരം ലഭിച്ചത്. താരത്തിന്റെ കൈമാറ്റം അല്‍ സദ്ദ് ക്ലബ് സ്ഥിരീകരിച്ചു. മുന്‍ ബാഴ്‌സ താരം സാവി ഹെര്‍ണാണ്ടസ് ഇപ്പോള്‍ കളിക്കുന്ന ക്ലബ് ആണ് അല്‍ സദ്ദ്.
കരാര്‍ നയപരമായ ഘട്ടത്തിലെത്തിയെന്ന് വിയ്യാറയലും അറിയിച്ചു. ദോഹയില്‍ ജനിച്ച അഫീഫ് സ്പാനിഷ് ഫുട്‌ബോളിന് അപരിചിതനല്ല. വിയ്യാറയല്‍, സെവിയ്യ ടീമുകളുടെ യുവവിഭാഗത്തില്‍ ഈ 19കാരന്‍ കളിച്ചിട്ടുണ്ട്. ഖത്വറിലെ ആസ്പിയറിന്റെ ഉടമസ്ഥതയിലുള്ള ബെല്‍ജിയന്‍ സെക്കന്‍ഡ് ഡിവിഷന്‍ ആയ കെ എ എസ് യൂപെന്നില്‍ 2015 മുതല്‍ അഫീഫ് കളിക്കുന്നുണ്ട്. ശക്തരുടെ പോരാട്ട വേദിയായ യൂറോപ്യന്‍ ലീഗില്‍ തങ്ങള്‍ വളര്‍ത്തിയ താരത്തിന്റെ സാന്നിധ്യം ആസ്പിയറിനും ഏറെ നേട്ടമാണ്.
നിലവിലെ സീസണില്‍ യൂപെന്നിന് വേണ്ടി 16 മത്സരങ്ങളില്‍ ഇറങ്ങിയ അഫീഫ് ആറ് ഗോളുകള്‍ നേടിയിട്ടുണ്ട്. ബെല്‍ജിയം ക്ലബിന്റെ ടോപ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റവും അഫീഫിന് ലഭിച്ചിട്ടുണ്ട്. ക്ലബിന് അഫീഫ് നഷ്ടപ്പെടുന്നതില്‍ ദുഃഖമുണ്ടെന്ന യുപെന്‍ ഡയറക്ടര്‍ ക്രിസ്റ്റഫ് ഹെങ്കലിന്റെ പ്രസ്താവന ഈ യുവതാരത്തിന്റെ പ്രതിഭക്ക് നേര്‍സാക്ഷ്യമാണ്. കഴിഞ്ഞ വര്‍ഷമാണ് ഖത്വര്‍ ദേശീയ ടീമിന്റെ കുപ്പായം അഫീഫ് അണിഞ്ഞത്. എ എഫ് സി ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഭൂട്ടാനെതിരെ 15 ഗോളിന്റെ ഏകപക്ഷീയ വിജയം നേടിയ മത്സരത്തില്‍ അഫീഫും ഇറങ്ങിയിരുന്നു. 2018ലെ റഷ്യന്‍ ലോകകപ്പിന് ഖത്വറിന് അവസരം ലഭിച്ചാല്‍ അഫീഫ് തുറുപ്പുചീട്ടാകും. നിരവധി ഖത്വരി താരങ്ങള്‍ യൂറോപ്പിലെ വിവിധ ക്ലബുകളില്‍ കളിക്കുന്നുണ്ടെങ്കിലും പ്രധാന ക്ലബില്‍ ആദ്യമായാണ് ഖത്വര്‍ സാന്നിധ്യമുണ്ടാകുന്നത്. ലാലിഗയില്‍ വിയ്യാറയല്‍ നാലാം സ്ഥാനത്താണ്. അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയിട്ടുണ്ട്. ചാംപ്യന്‍ ലീഗില്‍ കളിക്കാനുള്ള അവസരവും ഇതിലൂടെ അഫീഫിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.