ബാലറ്റ് പേപ്പറുകള്‍ അച്ചടിച്ചു

Posted on: May 9, 2016 2:59 pm | Last updated: May 9, 2016 at 2:59 pm

BALLOT PAPERതിരുവനന്തപുരം: വോട്ടെടുപ്പിന് ഒരാഴ്ച ബാക്കി നില്‍ക്കെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലേക്കുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടി പൂര്‍ത്തിയായി. തിരുവനന്തപുരം പുളിമൂട്ടിലും മണ്ണന്തലയിലുമുള്ള സര്‍ക്കാര്‍ പ്രസുകളിലാണ് അച്ചടി പൂര്‍ത്തിയാക്കിയത്.

പൊതു തിരഞ്ഞെടുപ്പില്‍ ആദ്യമായി സ്ഥാനാര്‍ഥികളുടെ ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. നാമനിര്‍ദേശ പത്രികക്കൊപ്പം ഫോട്ടോ നല്‍കാത്ത സ്ഥാനാര്‍ഥികള്‍ക്ക് ബാലറ്റ് പേപ്പറിലെ കോളത്തില്‍ ഫോട്ടോ നല്‍കിയിട്ടില്ല.
ബാലറ്റ് പേപ്പറുകള്‍ അതത് മണ്ഡലങ്ങളിലേക്ക് അയച്ചുകഴിഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിലെ ബാലറ്റ് പേപ്പറില്‍ ആദ്യമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര്. മലമ്പുഴ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പേരും ആദ്യം തന്നെ. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന പൂഞ്ഞാറിലേക്ക് രണ്ട് സെറ്റ് ബാലറ്റ് പേപ്പറുകളാണുള്ളത്. 18 സ്ഥാനാര്‍ഥികളാണ് പൂഞ്ഞാറില്‍ മത്സരിക്കുന്നത്. ബാലറ്റ് പേപ്പറിന്റെ ഏറ്റവും അവസാനം നോട്ടക്കും ചിഹ്നം നല്‍കിയിട്ടുണ്ട്.