കാനഡയില്‍ തീയണക്കാന്‍ മാസങ്ങളെടുക്കും; എണ്ണ ഖനന മേഖല ഭീതിയില്‍

Posted on: May 9, 2016 10:07 am | Last updated: May 9, 2016 at 10:07 am

canada fireഒട്ടാവ: കാനഡയുടെ വടക്കന്‍ പ്രദേശങ്ങളില്‍ പടര്‍ന്നുപിടിച്ച തീ മാസങ്ങളോളം തുടരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്. ഇന്നലെയോട് കൂടി 2,000 സ്‌ക്വയര്‍ കിലോമീറ്റര്‍ പരിധിയില്‍ തീ നാശം വിതച്ചതായും കനത്ത ചൂടും കാറ്റും മൂലം തീ പടരുന്നത് ഇനിയും തുടരുമെന്നും ആല്‍ബര്‍ട്ട പ്രവിശ്യാ അധികൃതര്‍ വ്യക്തമാക്കി. കാട്ടുപ്രദേശങ്ങളില്‍ ഉണ്ടാകുന്ന തീപ്പിടിത്തം ഇങ്ങനെ മാസങ്ങളോളം നീണ്ടുനില്‍ക്കുന്നത് അസാധാരണമല്ലെന്ന് കാട്ടുതീ തടയല്‍ വിഭാഗം മാനേജര്‍ ചാഡ് മോറിസോണ്‍ പറഞ്ഞു.

അതേസമയം, ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടി ശക്തിയില്‍ തീപ്പിടിത്തം തുടരുമെന്നും ഇവിടുത്തെ പ്രധാന എണ്ണ ഖനന പ്രദേശത്തേക്ക് തീ വ്യാപിച്ചേക്കാമെന്നും ചിലപ്പോള്‍ തൊട്ടടുത്ത പ്രവിശ്യകളെ വരെ ബാധിച്ചേക്കാമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. തീ ഒരു നിലക്കും നിയന്ത്രണ വിധേയമായിട്ടില്ലെന്ന് ആല്‍ബര്‍ട്ട പ്രവിശ്യാ മേധാവി റാച്ചല്‍ നോട്‌ലി അറിയിച്ചു. ആഴ്ചകളായി തുടരുന്ന കാട്ടു തീ മൂലം പതിനായിരക്കണക്കിന് പേരെ ഇതിനകം മാറ്റിപ്പാര്‍പ്പിച്ചു. ആയിരണക്കണക്കിന് പേര്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനകം എണ്ണ ഖനന പ്രദേശത്ത് നിന്ന് 12,000ത്തിലധികം പേരെ മാറ്റിയതായും റാച്ചല്‍ പറഞ്ഞു.

അതേസമയം, ഇതുവരെ തീപിടത്തത്തെ തുടര്‍ന്ന് ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ല.
മാക്മുറയില്‍ നിന്ന് 25 കി. മീ വടക്കുള്ള സുന്‍കോര്‍ എണ്ണഖനന മേഖലയിലേക്ക് തീപടരാനുള്ള സാധ്യതയുണ്ട്. ഇവിടെ നിന്ന് അത്യാവശ്യ ജോലിക്കാരെയല്ലാത്തവരെയെല്ലാം മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്തേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകളുമെടുത്തിട്ടുണ്ട്.
രണ്ട് മാസമായി നിലനിന്നിരുന്ന വരള്‍ച്ചാ കാലാവസ്ഥ മൂലം കാട്ടു ചെടികളെല്ലാം ഉണങ്ങിക്കിടക്കുയായിരുന്നു. ഇതാണ് തീ വളരെ വേഗം പടര്‍ന്നുപിടിക്കുന്നതിന് കാരണമായത്. പ്രദേശത്ത് മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നു. ഇത് തീപടര്‍ന്നു പിടിക്കുന്നതില്‍ നിന്ന് ഒരു പരിധി വരെ സഹായകമായേക്കുമെന്നും പ്രതീക്ഷിക്കുന്നു.

1100 ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, 145 ഹെലികോപ്റ്റര്‍, 138 വലിയ വാഹനങ്ങള്‍, 22 വിമാന ടാങ്കറുകള്‍, എന്നീ വന്‍ സന്നാഹവുമായാണ് കാട്ടുതീയെ പ്രതിരോധിക്കുന്നത്.
ആളുകളെ ഒഴിപ്പിക്കുന്നത് കാരണം കാനഡയുടെ മൊത്തം എണ്ണയുത്പാദനത്തിന്റെ 25 ശതമാനം കുറച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്റെ സാമ്പത്തിക രംഗങ്ങളില്‍ വന്‍തിരിച്ചടിയുണ്ടാക്കുമെന്നാണ് ആശങ്ക. അല്‍ബര്‍ട്ട പ്രവിശ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി ജസ്റ്റില്‍ ട്രുദേവു പറഞ്ഞു.