പാകിസ്താനില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുരാം സാകി വെടിയേറ്റ് മരിച്ചു

Posted on: May 8, 2016 7:18 pm | Last updated: May 8, 2016 at 7:18 pm

GHURAM SUKIകറാച്ചി: പാകിസ്താനിലെ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുരാം സാകി (40) വെടിയേറ്റ് മരിച്ചു. സുഹൃത്തിനൊപ്പം റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് വെടിയേറ്റത്. കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

സാകിയുടെ സുഹൃത്തും പത്രപ്രവര്‍ത്തകനുമായ റാവു ഖാലിദിനൊപ്പമാണ് റസ്‌റ്റോറന്റില്‍ എത്തിയത്. ബൈക്കിലെത്തിയ അക്രമിസംഘം ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുഹൃത്തും റസ്‌റ്റോറന്റിലുണ്ടായിരുന്ന മറ്റൊരാളും ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. 9 എംഎം പിസ്റ്റലാണ് അക്രമിസംഘം വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ചത്. സാക്കിയുടെ ശരീരത്തില്‍ നിന്ന് ഒന്നിലധികം വെടിയുണ്ടകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മുന്‍പ് മാധ്യമപ്രവര്‍ത്തകന്‍ കൂടിയായിരുന്ന സാക്കി ബ്ലോഗറും ഗവേഷകനും കൂടിയാണ്. പാകിസ്താനിലെ ലെറ്റ് അസ് ബില്‍ഡ് പാകിസ്താന്‍ (LUBP) ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ്.