പ്രവാസി അധ്യാപകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ വരുന്നു

Posted on: May 8, 2016 6:51 pm | Last updated: May 8, 2016 at 6:51 pm

TEACHERSമസ്‌കത്ത്: ജി സി സിയിലെ വിദ്യാഭ്യാസ മേഖല അധ്യാപകക്ഷാമം നേരിടുകയാണെന്ന് റിപ്പോര്‍ട്ട്. 2020ഓടെ വിദ്യാര്‍ഥികളുടെ എണ്ണം 15 മില്യന്‍ ആകുമെങ്കിലും വേണ്ട അധ്യാപകരില്ലാത്തതു പ്രവാസികളെ കൂടുതല്‍ ആശ്രയിക്കേണ്ടിവരുമെന്ന് ആല്‍പെന്‍ കാപിറ്റല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ആകുമ്പോഴേക്കും സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം 5.1 ശതമാനം വര്‍ധിക്കുപം. പബ്ലിക് സ്‌കൂളുകളിലെത് 2.6 ശതമാനവും. ഒമാന്‍, ഖത്വര്‍, യു എ ഇ എന്നീ രാഷ്ട്രങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മറ്റ് അംഗ രാഷ്ട്രങ്ങളേക്കാള്‍ വാര്‍ഷിക വളര്‍ച്ച കൂടും. മേഖലയില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉണ്ടാകുക സഊദിയില്‍ ആണ്. 2020ല്‍ 11 മില്യന്‍ വിദ്യാര്‍ഥികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജി സി സി സര്‍ക്കാറുകളുടെ നിക്ഷേപം വര്‍ധിച്ചതും സ്വകാര്യ മേഖലയുടെ പങ്കും വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടി. 50 ബില്യന്‍ ഡോളറിന്റെ അഞ്ഞൂറിലേറെ വിദ്യാഭ്യാസ പദ്ധതികളാണ് മേഖലയിലുടനീളം നടക്കുന്നത്. അതേസമയം, മേഖലയിലെ സ്‌കൂളുകളുടെ ആവശ്യം മൂന്ന് ശതമാനം വര്‍ധിക്കും. 2020 ആകുമ്പോഴേക്കും 50978 സ്‌കൂളുകള്‍ വേണ്ടി വരും. കഴിഞ്ഞ വര്‍ഷം കണക്കുകൂട്ടിയത് 43903 ആയിരുന്നു. 25 വയസ്സിന് താഴെയുള്ളവരുടെ എണ്ണം 22 മില്യന്‍ കടക്കും. ഇത് സ്‌കൂളുകളുടെയും കോളജുകളുടെയും ആവശ്യം വര്‍ധിപ്പിക്കും. പ്രവാസികള്‍ വര്‍ധിക്കുന്നത് അന്താരാഷ്ട്ര കരിക്കുലത്തിന്റെ ആവശ്യം കൂട്ടുകയും അന്താരാഷ്ട്ര കോളജുകളും സ്‌കൂളുകളും കൂടുതലായി വരികയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.