ഡിജിറ്റല്‍ ശാക്തീകരണത്തിലെ നേട്ടങ്ങള്‍ യു എ ഇ പങ്കുവെച്ചു

Posted on: May 8, 2016 3:09 pm | Last updated: May 8, 2016 at 3:09 pm
SHARE

techദുബൈ: ജനീവയില്‍ നടന്ന ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി ആഗോള ഉന്നതതല സമ്മേളനത്തില്‍ യു എ ഇ ടെലി കമ്മ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി (ട്രാ) ശില്‍പശാലകള്‍ സംഘടിപ്പിച്ചു. ഡിജിറ്റല്‍ സുരക്ഷയിലും വിദ്യാര്‍ഥി ശാക്തീകരണത്തിലുമുള്ള യു എ ഇയുടെ വിജയകരമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നതായിരുന്നു ശില്‍പശാലകള്‍.
ഏറ്റവും മികച്ച സ്മാര്‍ട് ഗവണ്‍മെന്റായി മാറുന്നതിനും ആഗോള സ്മാര്‍ട്‌സിറ്റിയായി മാറുന്നതിനും അസാമാന്യമായ വേഗത്തില്‍ ജീവിതസാഹചര്യങ്ങള്‍ മാറ്റുന്നതിനും രാജ്യത്തെ സാമൂഹികവികസനത്തിന് യു എ ഇ ഭരണകൂടം നടപ്പിലാക്കിയ ക്രിയാത്മകമായ രീതിയിലുള്ള നൂതന ആശയങ്ങളാണ് ശില്‍പശാലയില്‍ പ്രതിപാദിച്ചത്.
ഗവണ്‍മെന്റ് സര്‍വീസ് ജനറല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഹെസ്സ ഇസ്സ ബുഹുമൈദ്, സ്മാര്‍ട് ദുബൈ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഡോ. ആഇശ ബിന്‍ ബിശ്ര്‍, സ്മാര്‍ട് ദുബൈ ഗവണ്‍മെന്റ് സി ഇ ഒ വിസാം ലൂത്ത എന്നിവര്‍ സംസാരിച്ചു. ട്രാ ഐ സി ടി പ്ലാനിംഗ് സീനിയര്‍ മാനേജര്‍ മുഹമ്മദ് അല്‍ ഖമീസ് മോഡറേറ്ററായിരുന്നു.
ഇന്റര്‍നെറ്റ് സംബന്ധമായ തട്ടിപ്പുകളെക്കുറിച്ച് യു എ ഇ വിദ്യാര്‍ഥി സമൂഹത്തെ ബോധവാന്മാരാക്കുന്ന ദുബൈ പോലീസിന്റെ ‘ഖലീഫ സ്റ്റുഡന്റ് എംപവര്‍മെന്റ് പ്രോഗ്രാം’നെ കുറിച്ചും ശില്‍പശാല നടത്തി. ട്രാ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സി ഇ ആര്‍ ടി) ബിസിനസ് അഫയേഴ്‌സ് മാനേജര്‍ എന്‍ജി. ഗെയ്ത് അല്‍ മസീന വിഷയാവതരണം നടത്തി. ട്രാ ഇന്റര്‍നെറ്റ് ഗവേണ്‍സ് മാനേജര്‍ സുലിമാന്‍ ബക്ഷ് മോഡറേറ്ററായിരുന്നു. വിദ്യാര്‍ഥികള്‍ക്കായി സി ഇ ആര്‍ ടി വിജയകരമായി നടപ്പിലാക്കിയ സൈബര്‍ ബ്ലാക്ക്‌മെയില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
യു എ ഇയുടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടപ്പിലാക്കിയ 15 സ്മാര്‍ട് പദ്ധതികള്‍ക്ക് സമ്മേളനത്തില്‍ ‘വേള്‍ഡ് സമ്മിറ്റ് ഓണ്‍ ദ ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി’യുടെ ബഹുമതികളും ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘എം ഒ ഐ യു എ ഇ സ്മാര്‍ട് ആപ്ലിക്കേഷന്‍’, ‘എമിറേറ്റ്‌സ് വെഹിക്കിള്‍ ഗേറ്റ്’, കുട്ടികളുടെ സംരക്ഷണത്തിനായുള്ള ‘ഹിമായതി’, എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റിയുടെ ‘യു എ ഇ നാഷണല്‍ വാലിഡേഷന്‍ സിസ്റ്റം’, ട്രായുടെ ‘ട്രാ-ഐ ടി യു ഐ സി ടി ഡിസ്‌കവറി മ്യൂസിയം’, ‘യു എ ഇ പീഡിയ’, ‘എം-ഗവണ്‍മെന്റ് ടി വി പ്രോഗ്രാം’, ‘ഐ സി ടി ഡവലപ്‌മെന്റ് ഇന്‍ അറബിക് റീജ്യണ്‍’, ദുബൈ ഗവണ്‍മെന്റ് എക്‌സിക്യുട്ടീവ് കൗണ്‍സിലിന്റെ ‘ദുബൈ സ്മാര്‍ട് ട്രെയ്‌നിംഗ് ഇനീഷ്യേറ്റീവ്’, ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ)യുടെ ‘ജി ഡി സ്മാര്‍ട് പവര്‍ പ്ലാനെറ്റ് പ്രൊജക്ട്’, ‘സ്മാര്‍ട് നാവിഗേഷന്‍ സിസ്റ്റം’, ദുബൈ പോലീസിന്റെ ‘വിര്‍ച്വല്‍ ലേണിംഗ്’, ‘സ്മാര്‍ട് റിക്രൂട്‌മെന്റ് ദുബൈ പോലീസ്’, കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയത്തിന്റെ ‘എം-എന്‍വിറോണ്‍മെന്റ്’, ഖലീഫ എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ‘360 ഡിഗ്രീസ് ഓഫ് സ്റ്റുഡന്റ് അവയെര്‍നസ്’ എന്നീ സ്മാര്‍ട് പദ്ധതികളാണ് ബഹുമതിക്കര്‍ഹമായത്.