നാട്ടിലെ കൊലപാതകങ്ങള്‍; ഗള്‍ഫിലുണ്ടാക്കുന്ന നടുക്കം

Posted on: May 7, 2016 2:53 pm | Last updated: May 9, 2016 at 10:07 pm

പെരുമ്പാവൂരിലെ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ടതും, ആ വീട്ടിലെ സാഹചര്യങ്ങളും ഓരോ ദിവസവും പലതരം നടുക്കങ്ങളായി ലോകമെങ്ങും കേരളീയരില്‍ പതിച്ചുകൊണ്ടിരിക്കുന്നു. നാട്ടില്‍ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് വിദേശത്ത് ജീവിതോപാധി തേടിയെത്തിയ കുടുംബനാഥര്‍ക്ക്, വിശേഷിച്ച് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക്, ഉള്ളില്‍ തീ നിറയുന്ന അനുഭവം. പെണ്‍മക്കള്‍ കേരളത്തില്‍ സുരക്ഷിതരല്ലെന്ന ചിന്ത അവരെ എപ്പോഴും അലട്ടുന്നു.
കേരളീയര്‍, ലോകത്തിലെ ഏറ്റവും മൂല്യബോധമുള്ള, പുരോഗമിച്ച സമൂഹമാണെന്ന അഹങ്കാരം തകര്‍ന്നടിയുകയാണ്. അടച്ചുറപ്പില്ലാത്ത വീടുകളിലും പുറമ്പോക്കിലും താമസിക്കുന്നവര്‍ അനേകം ഇപ്പോഴുമുണ്ടെന്ന് തിരിച്ചറിയുകയാണ്. അതിനപ്പുറം, ഭരണകൂട സംവിധാനങ്ങള്‍ക്ക് മനുഷ്യപ്പറ്റ് തീരെയില്ലെന്നും വ്യക്തമാകുന്നു.
ഏത് നിമിഷവും പുരുഷാധിപത്യ, മോഹത്തിന്റെ ഉള്ളില്‍ നിന്ന് കൂര്‍ത്ത പല്ലും നഖവും പുറത്തുവരാം. തരം കിട്ടിയാല്‍ പെണ്‍കുട്ടികള്‍ പിച്ചിച്ചീന്തപ്പെടാം. പണവും അധികാരവുമുണ്ടെങ്കില്‍ ആര്‍ക്കും കേസില്‍ നിന്ന് രക്ഷപ്പെടാം. മാധ്യമ പ്രവര്‍ത്തകയായ സിന്ധു സൂര്യകുമാറിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിമുഴക്കിയ ആളുകളെ മാലയിട്ട് സ്വീകരിച്ച ജീര്‍ണതയും കാണാന്‍ കഴിഞ്ഞു. കുടുംബം പോറ്റാന്‍ നെട്ടോട്ടമോടുന്ന മാതാപിതാക്കള്‍ക്ക്/ഭര്‍ത്താവിന്/സഹോദരന് ഒന്നും ചെയ്യാന്‍ കഴിയില്ല. രക്ഷിതാവ് വിദേശത്താണെങ്കില്‍ നിസഹായനുമാണ്. കേരളത്തിന്റെ ചില ഭാഗങ്ങളില്‍, ഗള്‍ഫ് കുടുംബങ്ങളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അതിക്രമം നടത്തിയ കഥകള്‍ മാധ്യമങ്ങളില്‍ അധികം പ്രസിദ്ധീകരിക്കപ്പെട്ടില്ലെങ്കിലും ഗള്‍ഫിലെ മലയാളികള്‍ക്കിടയില്‍ വേദനയും ഉല്‍കണ്ഠയും പടര്‍ത്തിയിരുന്നു. സ്ത്രീകളുടെ അപഥ സഞ്ചാരം എന്ന സാമാന്യവത്കരണം നല്‍കി അതിനെ മറ്റൊരു വഴിക്ക് ചിലര്‍ തിരിച്ചുവിട്ടിരുന്നു. ഒളിച്ചോട്ട കഥകളില്‍, ഭയപ്പെടുത്തി കീഴ്‌പ്പെടുത്തിയതിന്റെ മറുവശം ഉണ്ടെന്നത് ആരും ചികഞ്ഞുനോക്കിയില്ല.
ജിഷയെ കൊലപ്പെടുത്തിയത്, ആരെന്ന് വെളിപ്പെട്ടാലും ഇല്ലെങ്കിലും കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക കെട്ടുറപ്പിനെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കേണ്ട സമയമായിരിക്കുന്നു. എല്ലാവര്‍ക്കും വീട്, വിദ്യാഭ്യാസം, വെളിച്ചം തുടങ്ങിയ പദ്ധതികള്‍ക്ക് എന്താണ് സംഭവിച്ചത്? ലക്ഷം വീട് കോളനികള്‍, ഇ എം എസ് ഭവനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ എവിടെപ്പോയി?.
വീടില്ലാത്ത ദരിദ്രര്‍ക്ക് വീടുവെച്ചു കൊടുക്കാന്‍ പ്രതിജ്ഞാബദ്ധരായി വന്ന സാംസ്‌കാരിക സംഘടനകളുടെ അവകാശവാദങ്ങള്‍ പൊള്ളയെന്ന് തെളിഞ്ഞു. ഇ എം എസ് ഭവന നിര്‍മാണ പദ്ധതി, അഞ്ചുവര്‍ഷമായി നിര്‍ജീവം. സാംസ്‌കാരിക സംഘടനകളുടെ കോലാഹലങ്ങള്‍ ഏറെയും മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടിയായിരുന്നു. ഗള്‍ഫില്‍ നിന്ന് ധാരാളം പണം പിരിച്ച് കണ്ണില്‍പൊടിയിടുന്ന കുതന്ത്രങ്ങളാണ് ചിലയിടത്തെങ്കിലും നടന്നത്. അയല്‍വീട്ടുകാര്‍ പട്ടിണികിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ എന്നില്‍പ്പെട്ടവനല്ലെന്ന പ്രവാചക സൂക്തവും പലരും മറന്നു. ആഡംബര വീടുകള്‍ക്ക് വന്‍മതിലുകള്‍ ആവശ്യമായതിനാല്‍ പുറം കാഴ്ചകള്‍ എളുപ്പമായിരുന്നില്ല. ഭൂരിപക്ഷം പേരും ‘ഞാന്‍, എന്റെ കുടുംബം’ എന്നതിലേക്ക് ചുരുങ്ങി.
അധ്വാനിക്കുന്നവനെയും കൃഷിക്കാരനെയും പുച്ഛത്തോടെ നോക്കുന്ന മാനസിക ഭാവം ഇടക്കെപ്പോഴോ സംജാതമായി. പുറമ്പോക്കില്‍ കുടില്‍കെട്ടി താമസിക്കുന്നവര്‍ ദുഃശകുനങ്ങളായി. ദരിദ്രര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്കും നേതാക്കള്‍ക്കും വിലയില്ലാതായി.
ഗുജറാത്തില്‍ ഒരു അവസരം കൂടി തരൂ എന്നും രക്തം കൊണ്ട് തിലകം, വെടിയുണ്ടകള്‍ കൊണ്ട് ആരതി എന്നും ആക്രോശിക്കുന്നവര്‍ക്ക് കേരളത്തിലും സ്വീകാര്യത ലഭിച്ചു. കൂട്ടബലാത്സംഗങ്ങള്‍ക്കു അവസരം തേടി നടക്കുന്നവരാണ്, ജിഷയുടെ മാതാവിനെ കെട്ടിപ്പിടിച്ച്, കാപട്യത്തിന്റെ കണ്ണീരൊഴുക്കുന്നത്.
കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക ഘടനയില്‍ വീണ്ടു വിചാരം ആവശ്യമായി വന്നിരിക്കുന്നു. ക്ഷേമ പദ്ധതികള്‍ തിരിച്ചുകൊണ്ടു വരേണ്ടിയിരിക്കുന്നു. ഗള്‍ഫ് പണമാണ്, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നത് എന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍, എല്ലാ കാലവും ഗള്‍ഫ് പണത്തെ ആശ്രയിക്കാന്‍ കഴിയില്ല. ടൂറിസം അടക്കം സാധ്യതകള്‍ കണ്ടെത്തി, ആഭ്യന്തരോത്പാദനം വര്‍ധിപ്പിക്കണം. ഖജനാവ് സമൃദ്ധമായാല്‍, ദരിദ്ര്യരെ കൈപിടിച്ചുയര്‍ത്താന്‍ പ്രയാസം വരില്ല. ജിഷയുടേത് പോലുള്ള കുടുംബങ്ങളെ കണ്ടെത്തി ക്ഷേമ പദ്ധതികള്‍ വീട്ടുപടിക്കല്‍ എത്തണം.
സാമ്പത്തിക സുരക്ഷിതത്വം കൈവരിച്ചാല്‍ കുറ്റകൃത്യങ്ങള്‍ കുറേ ഒഴിവായിക്കിട്ടും. സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെട്ടാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും പരിരക്ഷ നല്‍കുന്നതിന് പോലീസിന് ഔത്സുക്യം കൂടും. (ജീവിത പ്രാരാബ്ധങ്ങള്‍ വര്‍ധിക്കുമ്പോഴാണ് പോലീസുകാര്‍ അഴിമതിക്കാരും പിടിച്ചുപറിക്കാരും ആയി മാറുന്നത്. കേസന്വേഷണം അലസമാകുന്നത്).
അന്യ സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ധാരാളം കുറ്റവാളികളും കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍, ദുബൈയിലെ ഒരു വാണിജ്യ പ്രമുഖന്റെ തൃശൂരിലെ വീട് കൊള്ളയടിച്ചത്, നേപ്പാളിലെ കൊള്ളസംഘമാണത്രെ. അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന വ്യാജേന എത്തിയാണ് ഇവര്‍ കൃത്യം നടത്തിയത്. ഈ കേസ് തെളിയിക്കപ്പെടാതെ കിടക്കുന്നു.
ഗള്‍ഫില്‍, ഉന്നത വിദ്യാഭ്യാസം ഏറെ പണച്ചെലവുള്ളതിനാല്‍ മക്കളെ മാതാപിതാക്കള്‍ നാട്ടില്‍ ബന്ധുവീട്ടിലോ ഹോസ്റ്റലിലോ താമസിപ്പിച്ച് പഠിപ്പിക്കുന്നു. ഇവരുടെ സുരക്ഷിതത്വത്തില്‍ മാതാപിതാക്കള്‍ക്ക് എപ്പോഴും വേവലാതിയാണ്. ജിഷയുടെ കൊലപാതകം അത്തരം രക്ഷിതാക്കളില്‍ ആധി ഇരട്ടിപ്പിച്ചിരിക്കുന്നു.
ജിഷയുടെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ മലയാളികളുടെ ആശങ്ക വര്‍ധിച്ചുകൊണ്ടേയിരിക്കും. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജിഷയുടെ അമ്മയുടെ രോദനം ജലരേഖയാകും.
മണ്ണാര്‍ക്കാടിനടുത്ത് രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പോലും നാട്ടില്‍ സൈ്വര വിഹാരം നടത്തുന്നു. ജിഷയുടെ ഘാതകന്‍ അല്ലെങ്കില്‍ ഘാതകര്‍, അധികാര കേന്ദ്രങ്ങളില്‍ സ്വാധീനമുള്ളവരാണെങ്കില്‍, കുറ്റം തെളിയിക്കപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ല.