സത്യവാങ്മൂലം: സ്ഥാനാര്‍ഥിക്കെതിരെ പരാതി നല്‍കുമെന്ന് സി മമ്മൂട്ടി

Posted on: May 7, 2016 11:24 am | Last updated: May 7, 2016 at 11:24 am

c mammoottyതിരൂര്‍: നാമനിര്‍ദേശ പത്രികയോടൊപ്പം എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി ലില്ലീസ് സമര്‍പ്പിച്ച സത്യവാങ്മൂലം തെറ്റിദ്ധരിപ്പിച്ചതായി ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി സി മമ്മൂട്ടി എം എല്‍ എ പറഞ്ഞു. തിരൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രചരണം നടത്തുകയും സത്യവാങ്മൂലത്തില്‍ സ്വതന്ത്രനെന്നു വെട്ടിക്കളഞ്ഞ് പകരം നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് എന്ന പാര്‍ട്ടിയുടെ പേര് എഴുതി ചേര്‍ത്താണ് സത്യമാങ്മൂലം സമര്‍പ്പിച്ചതെന്നും സി മമ്മൂട്ടി ചൂണ്ടിക്കാട്ടി. സത്യമാങ്മൂലത്തില്‍ പാര്‍ട്ടിക്കാരനായും പ്രചരണത്തില്‍ സ്വതന്ത്രനാണെന്ന് പറയുന്നതും ഇരട്ടത്താപ്പാണ്.
ഇടത് സ്ഥാനാര്‍ഥി ഏതു പാര്‍ട്ടിക്കാരനാണെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ താത്പര്യമുണ്ട്.
ഇത് എല്‍ ഡി എഫ് വ്യക്തമാക്കണം. അല്ലാത്തപക്ഷം ഈ നടപടി ജനങ്ങളോടുള്ള വഞ്ചനയാണെന്നും സത്യവാങ്മൂലത്തിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി കമ്മീഷന് പരാതി സമര്‍പ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.