മണ്ഡലത്തില്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കും: പി കെ അബ്ദുര്‍റബ്ബ്‌

Posted on: May 7, 2016 11:20 am | Last updated: May 7, 2016 at 11:20 am

തിരൂരങ്ങാടി: അടുത്ത അഞ്ച് വര്‍ഷത്തില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് തിരൂരങ്ങാടി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പി കെ അബ്ദുര്‍റബ്ബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെന്നല, പെരുമണ്ണ ക്ലാരി പഞ്ചായത്തുകളിലായി 80 കോടി രൂപ ചെലവില്‍ മള്‍ട്ടി ജി പി ജലനിധി പദ്ധതിയുടെ പ്രവര്‍ത്തി പുരോഗമിക്കുകയാണ്.
നന്നമ്പ്ര പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതിക്ക് 38 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇവക്ക് പുറമെ വെള്ളിയാമ്പുറം കുടിവെള്ള പദ്ധതിക്ക് 50 ലക്ഷവും, കുടുക്കേങ്ങല്‍ കുടി വെള്ള പദ്ധതിക്ക് 50 ലക്ഷവും വകയിരുത്തി. വാളക്കുളം തിരുത്തി കുടിവെള്ള പദ്ധതിക്ക് 20 ലക്ഷവും കക്കാട് കുടിവെള്ള പദ്ധതിക്ക് 60 ലക്ഷവും വകയിരുത്തി പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 600 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിലെത്തിക്കാന്‍ സാധിച്ചു. അഞ്ച് പുതിയ പാലങ്ങള്‍, എല്ലാ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും കെട്ടിടം, എല്ലാ പഞ്ചായത്തിലും ഹോമിയോ ഡിസ്‌പെന്‍സറി, താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി, തിരൂരങ്ങാടി കേന്ദീകരിച്ച് വിദ്യാഭ്യാസ ജില്ല രൂപവത്കരിച്ചുവെന്നും അബ്ദുര്‍റബ്ബ് പറഞ്ഞു. പരപ്പനങ്ങാടി ഹാര്‍ബര്‍ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. വെന്നിയൂര്‍ ജംഗ്ഷന്‍ നവീകരണം ഇലക്ഷന്‍ കഴിഞ്ഞാലുടന്‍ ആരംഭിക്കും. ഇതിനായി ഏഴ് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജംഗ്ഷനില്‍ 20 മീറ്ററും അവസാനത്തേക്ക് 10 മീറ്ററുമാണ് വീതിയുണ്ടാകുക. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
നഷ്ടപരിഹാരത്തിനുള്ള തുകയടക്കം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ പി കെ തങ്ങള്‍, സി അബൂബക്കര്‍ ഹാജി, കെ കെ നഹ സംബന്ധിച്ചു.