Connect with us

Kerala

അന്താരാഷ്ട്ര സഖാഫി കോണ്‍ഫറന്‍സിന് അന്തിമ രൂപമായി

Published

|

Last Updated

കോഴിക്കോട്: മര്‍കസില്‍ നടക്കുന്ന സഖാഫികള്‍ക്കുള്ള ദഅ്‌വാ കോണ്‍ഫറന്‍സിനും ഖത്മുല്‍ ബുഖാരി ആത്മീയ സമ്മേളനത്തിനും അന്തിമരൂപമായി. 10ന് ഉച്ചക്ക് രണ്ടിന് നേരത്തെ തിരഞ്ഞെടുക്കപ്പെട്ട ആയിരം സഖാഫികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ തയ്യാറാക്കിയ ദുല്‍തസം സ്‌ക്വയറില്‍ വൈകീട്ട് നാലിന് സയ്യിദ് യൂസുഫ് കോയ തങ്ങള്‍ വൈലത്തൂര്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനം ആരംഭിക്കും. അബൂദബി വഖ്ഫ് മിനിസ്ട്രി ഡയറക്ടര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര പണ്ഡിതര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ഉത്തരേന്ത്യന്‍ സാരഥികള്‍, സമസ്ത, മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം നേതാക്കള്‍ പ്രസംഗിക്കും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി നിര്‍ദേശം നല്‍കും. വൈകുന്നേരം ഏഴിന് നടക്കുന്ന അന്താരാഷ്ട്ര ദഅ്‌വ ചര്‍ച്ചാ സംഗമത്തിന് ഈജിപ്ത് അല്‍ അസ്ഹര്‍ ചരിത്രവിഭാഗം തലവന്‍ ഡോ. ഉസാമ സയ്യിദ് അല്‍ അസ്ഹരി നേതൃത്വം നല്‍കും. ശൈഖ് സൈനുല്‍ ആബീദീന്‍ അല്‍ ഹാമിദ് (മലേഷ്യ), ശൈഖ് സ്വലാഹുദ്ദീന്‍(ചെച്‌നിയ), ശൈഖ് ശബീബ് അഹ്മദ്(ഒമാന്‍), ശൈഖ് ഹാശിം സ്വാഹി(യു എ ഇ) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
11 രാവിലെ അഞ്ചിനും വൈകീട്ട് അഞ്ചിനും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഹദീസ് ദര്‍സ് നടക്കും. രാവിലെ 8.30ന് ആരംഭിക്കുന്ന ഫിഖ്ഹ് സെമിനാറില്‍ കോടാമ്പുഴ ബാവ മുസ്‌ലിയാര്‍, ബശീര്‍ ഫൈസി വെണ്ണക്കോട്, ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി തുടങ്ങിയവര്‍ ക്ലാസ്സെടുക്കും.
ഉച്ചക്ക് 1.30ന് ആരംഭിക്കുന്ന ദഅ്‌വ സെഷനില്‍ ഡോ. ഉസാമ അസ്ഹരി, സി. മുഹമ്മദ് ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രബന്ധമവതരിപ്പിക്കും. വൈകീട്ട് 5.30ന് നടക്കുന്ന ദാഈ സെമിനാറില്‍ കശ്മീര്‍, ഗുജറാത്ത്, ബംഗാള്‍, ഡല്‍ഹി, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, യു പി തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ വേദി പങ്കിടും.
വൈകുന്നേരം ഏഴിന് നടക്കുന്ന തസവ്വുഫ് കോണ്‍ഫറന്‍സില്‍ ലബനാന്‍ മുഫ്തി ശൈഖ് ഉസാമ അല്‍ രിഫാഇ, ശൈഖ് അഫീഫുദ്ദീന്‍ ജീലാനി (മലേഷ്യ), ശൈഖ് അബ്ദുല്‍ ഫത്താഹ് അല്‍ മൂറ് (തുണീഷ്യ), സയ്യിദ് ഹാമിദ് അഹ്മദ് ഹബീബ് (മദീന) തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
മെയ് 12ന് വ്യാഴാഴ്ച രാവിലെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ദര്‍സിന് ശേഷം ദഅ്‌വ സംബന്ധിയായ മുഖാമുഖത്തിന് ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി നേതൃത്വം നല്‍കും. രാവിലെ 10 മുതല്‍ മര്‍കസ് മെയിന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്പൂര്‍ണ സഖാഫി സംഗമത്തിന് ബാച്ച് തല രജിസ്‌ട്രേഷന്‍ ആരംഭിക്കും. ആറായിരത്തില്‍പരം സഖാഫികള്‍ പങ്കെടുക്കുന്ന ഉലമാ സമ്മേളനം അറബ് ലീഗ് അംബാസിഡര്‍ ഡോ. മാസിന്‍ അബുല്‍ അബ്ബാസ് നായിഫ് അല്‍ മസ്ഊദി (ഈജിപ്ത്) ഉദ്ഘാടനം ചെയ്യും.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ അലി മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ ക്ലാസെടുക്കും. മൂന്നിന് വിവിധ കേന്ദ്രങ്ങളില്‍ ബാച്ച്തല സഖാഫി സംഗമങ്ങള്‍ നടക്കും. അസര്‍ നിസ്‌കാരാനന്തരം മുതല്‍ രാത്രി 9 മണി വരെ നടക്കുന്ന ഖത്മുല്‍ ബുഖാരി ആത്മീയ സമ്മേളനത്തില്‍ പതിനായിരങ്ങള്‍ സംബന്ധിക്കും.