ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ പ്രാഥമിക ചികിത്സാ പരിശീലനം നേടിയിരിക്കണം

Posted on: May 6, 2016 4:43 pm | Last updated: May 7, 2016 at 3:00 pm

RTA LOGദുബൈ: ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ പ്രാഥമിക ചികിത്സാ പരിശീലനം നേടിയിരിക്കണമെന്ന് ആര്‍ ടി എ വ്യക്തമാക്കി. ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമാണ് നടപടി. അപേക്ഷകര്‍ അത്യാഹിത പരിശീലനവും പൂര്‍ത്തീകരിച്ചിരിക്കണം. ലൈസന്‍സുമായി ബന്ധപ്പെട്ട പരിശീലന പദ്ധതികളുടെ ഗുണനിലവാരം ഉയര്‍ത്താനുള്ള ശ്രമത്തിന്റെയുംകൂടി ഭാഗമാണ് പുതിയ ചട്ടം. ദുബൈ സര്‍ക്കാരിന്റെ സ്മാര്‍ട് ഗവണ്‍മെന്റ് പരിപാടിയുടെ ഭാഗമായാണ് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഇത്തരം പരിശീലന നിര്‍ബന്ധമാക്കിയിരിക്കുന്നതെന്ന് ആര്‍ ടി എ. സി ഇ ഒ അഹ്മദ് ഹാഷിം ബഹ്‌റൂസിയാന്‍ പറഞ്ഞു. ഹൃദയാഘാതം മുതലായ അസുഖങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് പ്രാഥമിക ചികിത്സയിലും അത്യാഹിത ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പരിശീലനം അത്യന്താപേക്ഷിതമാണ്. ഹൃദയാഘാതം സംഭവിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നറിയാതെ അന്ധാളിക്കുന്ന ഘട്ടങ്ങളില്‍ പരിശീലനം ലഭിച്ച ഡ്രൈവര്‍മാര്‍ വാഹനത്തില്‍ ഉണ്ടാവുന്നത് രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ഉപകാരപ്പെട്ടേക്കും.
ഡ്രൈവിംഗ് പരിശീലന പാഠ്യപദ്ധതിയില്‍ ഇവ രണ്ടും ഉള്‍പെടുത്തും. ഇത്തരം ഘട്ടങ്ങളില്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് പൊതുജനങ്ങള്‍ക്ക് അറിയില്ല. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനായി ഡ്രൈവിംഗ് ലൈസന്‍സ് പാഠ്യപദ്ധതിയില്‍ ആരോഗ്യവും അത്യാഹിത ഘട്ടവും തരണം ചെയ്യേണ്ടുന്നതിനുള്ള പരിശീലനം അധികം വൈകാതെ ഉള്‍പെടുത്തും. പ്രാഥമിക ചികിത്സയിലും അത്യാഹിത ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ആവശ്യമായ പരീക്ഷണ പരിശീലനം ആര്‍ ടി എ നടത്തിവരികയാണ്.
ഈ വിഷയത്തില്‍ സൗത്ത് കൊറിയന്‍ സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവരികയാണെന്ന് ഡി ഡി സി(ദുബൈ ഡ്രൈവിംഗ് സെന്റര്‍) പരിശീലന മാനേജര്‍ ഇയാന്‍ ലിറ്റില്‍ഫീല്‍ഡ് വെളിപ്പെടുത്തി. കൊറിയയില്‍ 10 വര്‍ഷമായി പരിശീലനം നിര്‍ബന്ധമാക്കിയിട്ട്.
ദുബൈയില്‍ നിലവിലുള്ളത് ഏറ്റവും മുന്തിയ ഡ്രൈവിംഗ് പരിശീലന സംവിധാനമാണ്. ഡ്രൈവിംഗ് പരിശോധകരെക്കുറിച്ചുള്ള പേടിയാണ് ദുബൈയില്‍ ലൈസന്‍സിന് ശ്രമിക്കുന്നവര്‍ പരാജയപ്പെടുന്നതിന് ഇടയാക്കുന്നത്. ഇതിന് തടയിടാന്‍കൂടി ലക്ഷ്യമിട്ടാണ് അത്യാധുനിക കംപ്യൂട്ടര്‍വല്‍കൃത ഡ്രൈവിംഗ് പരിശോധനാ രീതി നടപ്പാക്കിയിരിക്കുന്നത്. ഇതോടെ വാഹനം ഓടിക്കുന്ന ആളെ മനപൂര്‍വം ഡ്രൈവിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ തോല്‍പിച്ചെന്ന പരാതി ഇല്ലാതാക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.