ജിഷയുടെ ഘാതകന് വധശിക്ഷ ഉറപ്പു വരുത്തണമെന്ന് വിഎം സുധീരന്‍

Posted on: May 6, 2016 11:10 am | Last updated: May 6, 2016 at 5:16 pm

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊടും പീഡനമേറ്റ് കൊല ചെയ്യപ്പെട്ട ജിഷയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും പ്രതിക്ക് പരമാവധി വധശിക്ഷ നല്‍കണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കേരളം പോലൊരു സംസ്ഥാനത്ത് ഇതു പോലുള്ള ദുരന്തം നടന്നത് ഖേദകരമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ക്രൂരമായി കൊല നടത്തിയ പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. ഈ തരത്തില്‍ മഹാപാതകം ചെയ്തയാളെ വധശിക്ഷക്ക് വിധേയനാക്കണം. സി.പി.എം പെരുമ്പാവൂരില്‍ നടത്തുന്ന രാപ്പകല്‍ സമരം വേണ്ടിയിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ ചെയ്തത് ശരിയായില്ലെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

ജിഷയുടെ കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും കുറ്റവാളിയെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എം.കെ മുനീറും ആവശ്യപ്പെട്ടു.