‘ജിഷ’ പറയുന്നത്

Posted on: May 5, 2016 6:44 am | Last updated: May 5, 2016 at 10:06 am

നിര്‍ഭയയെ പോലെ സമൂഹത്തിന് മുമ്പില്‍ ഒരു ചോദ്യ ചിഹ്നമാണ് ജിഷ. ഡല്‍ഹി സംഭവത്തെ തുടര്‍ന്ന് സ്ത്രീ സംരക്ഷണത്തിനായി പുതിയ നിയമങ്ങള്‍ ആവിഷ്‌കരിച്ചു. സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്കുള്ള ശിക്ഷകള്‍ കൂടുതല്‍ കഠിനമാക്കി. എന്നിട്ടും ഇവിടെ ഡല്‍ഹി മോഡല്‍ ആവര്‍ത്തിക്കുന്നുവെങ്കില്‍ രാജ്യത്തെ സമൂഹം ഇനി രക്ഷക്കായി ആരെ സമീപിക്കും?

അത്യന്തം ക്രൂരവും മൃഗീയവുമായിരുന്നു നിയമ വിദ്യാര്‍ഥിയായിരുന്ന ജിഷയുടെ കൊല. ബലാത്സംഗത്തിനിരയാക്കിയ ശേഷം അക്രമി അവരുടെ ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മാരകമായ രീതിയില്‍ കുത്തിപ്പരിക്കേല്‍പിച്ചതായാണ് അന്വേഷണോദ്യോഗസ്ഥരുടെ നിഗമനം. ജനനേന്ദ്രിയത്തില്‍ കൂടി കുടല്‍ പുറത്തു ചാടിയ നിലയിലായിരുന്നു. തലക്കും പരുക്കേറ്റിട്ടുണ്ട്. ഡല്‍ഹിയിലെ നിര്‍ഭയയുടെ കൊലയേക്കാള്‍ ഗുരുതരമാണ് സംഭവം. ജോലിക്ക് പോയിരുന്ന മാതാവ് വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കൊലപാതകത്തിനും ബലാത്സംഗത്തിനും ഉത്തരവാദികളായവരെ പിടികൂടുന്നതില്‍ നിയമപാലകര്‍ കാലതാമസവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധനയില്‍ ഉദാസീനതയും കാണിച്ചുവെന്ന് ആക്ഷേപമുണ്ട്. അതീവ ഗൗരവമുള്ളതാണിത്. തന്നെയും മാതാവിനെയും വീട്ടില്‍ നിന്ന് കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നതായും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് കൊല്ലപ്പെടുന്നതിന്റെ രണ്ടാഴ്ച മുമ്പ് ജിഷ പോലീസിന് പരാതി നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പോലീസ് അത് മുഖവിലക്കെടുത്തില്ല. വിഷയം കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി ആഭ്യന്തര വകുപ്പിനും അഭിപ്രായമുള്ളതായാണ് വിവരം.

ഡി ജി പി സെന്‍കുമാറിനോടും എറണാകുളം ജില്ലാ കലക്ടര്‍ രാജമാണിക്യത്തോടും അഡീ. ചീഫ് സെക്രട്ടറി നളിനിനെറ്റോ വിശദീകരണം തേടിയിരിക്കയാണ്.
ജിഷ ദളിത് വിഭാഗക്കാരിയായത് കൊണ്ടായിരിക്കണം ഉദാസീനതക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. മേല്‍ജാതിക്കാര്‍ക്കും കീഴ്ജാതിക്കാര്‍ക്കും ഇവിടെ രണ്ട് നീതിയാണല്ലോ. സാമൂഹിക നേതാക്കളും സ്ത്രീസംഘടനകളും മാധ്യമങ്ങളും വളരെ വൈകിയാണ് പ്രശ്‌നത്തില്‍ പ്രതികരിക്കാനും പ്രതിഷേധിക്കാനും മുന്നോട്ട് വന്നതെന്നതും പ്രസ്താവ്യമാണ്. സാമൂഹിക മാധ്യമങ്ങള്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെയാണ് പൊതുധാരാ മാധ്യമങ്ങളും സംഘനടകളും രംഗത്ത് വന്നത്. ജിഷയുടെ സ്ഥാനത്ത് ഒരു മേല്‍ജാതിക്കാരിയായിരുന്നു ഇരയെങ്കില്‍ ഇതാകുമായിരുന്നോ സ്ഥിതി?

വ്യാഴാഴ്ചയാണ് ജിഷ ആക്രമിക്കപ്പെട്ടത്. അന്ന് ഉച്ചക്ക് അവരുടെ വീട്ടില്‍ നിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടിട്ടും ആയല്‍വാസികള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ലെന്നത് കേരളത്തിന് മാനക്കേടാണ്. ശബ്ദം കേട്ടതായി അയല്‍വാസികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അക്രമത്തിന് ഇരയായപ്പോള്‍ ജിഷ സഹായമഭ്യര്‍ഥിച്ചു നിലവിളിച്ചതായിരിക്കാം. കേട്ട ശബ്ദമെന്താണെന്ന് അയല്‍ക്കാര്‍ അന്വേഷിച്ചിരുന്നെങ്കില്‍ വലിയൊരു ദുരന്തം ഒഴിവാകുമായിരുന്നു. ആരെങ്കിലും അപകടത്തില്‍ അകപ്പെടുകയോ അക്രമിക്കപ്പെടുകയോ ദുരന്തങ്ങള്‍ സംഭിക്കുകയോ ചെയ്യുമ്പോള്‍ ഇരകളെ രക്ഷപ്പെടുത്തുന്നതിന് പകരം സംഭവം മൊബൈലില്‍ പകര്‍ത്തി കൂട്ടുകാര്‍ക്കയച്ചു കൊടുക്കുന്നതില്‍ നിര്‍വൃതി കൊള്ളുന്ന മാനസികാവസ്ഥയിലേക്ക് തരംതാഴ്ന്നിരിക്കയാണല്ലോ ഇവിടെ മനുഷ്യര്‍.

സഹാനുഭൂതിയും കാരുണ്യവും വറ്റിവരണ്ട ഹൃദയശൂന്യരായി അധഃപതിച്ചിരിക്കുന്നു പൊതുവെ സമൂഹം. വീടിന് വെളിയില്‍ മാത്രമല്ല, വീടിനകത്തും പെണ്‍കുട്ടികള്‍ അരക്ഷിതാവസ്ഥയിലും ഭയപ്പാടോടെയും കഴിയേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ജിഷ സംഭവം വിളിച്ചോതുന്നു. സംരക്ഷകരാകേണ്ട പിതാവും സഹോദരന്മാരും പെണ്‍കൊടികളുടെ മാനം പിച്ചിച്ചീന്തുകയും വില്‍പ്പനച്ചരക്കാക്കുകയും ചെയ്യുന്ന കാലമാണ് ഇത്. പെറ്റുപോറ്റിയ മാതാവ് പോലും കൂട്ടിക്കൊടുപ്പുകാരിയായി മാറുന്നു. ഭരണകൂടമാണോ നീതിപാലകരാണോ നീതിപീഠമാണോ സമൂഹമാണോ ഈയൊരു അവസ്ഥാവിശേഷത്തിന് കാരണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

തീര്‍ച്ചയായും ഒന്നാം പ്രതി സമൂഹം തന്നെയാണ്. സമൂഹം ധാര്‍മികതയില്‍ നിന്നകലുകയും വഴിവിട്ട ലൈംഗികത പാപമായി കണ്ടിരുന്ന മനോനില നഷ്ടമാകുകയും ചെയ്തതിന്റെ അനന്തരഫലമാണിത്. ഫ്രീസെക്‌സാണ് പുതുതലമുറയില്‍ ചിലരെങ്കിലും ആവശ്യപ്പെടുന്നത്. അവരുടെ മൊബൈലുകളിലും കമ്പ്യൂട്ടറുകളിലുമെല്ലാം സെക്‌സ് ചിത്രങ്ങളുടെയും വീഡിയോകളുടെയും അതിപ്രസരമാണ്. മാന്യന്മാരെന്ന് വിലയിരുത്തപ്പെടുന്നവര്‍ പോലും ഇതില്‍ നിന്ന് മുക്തരല്ല. നിയമസഭയില്‍ വരെ ജനപ്രതിനിധികള്‍ മൊബൈലില്‍ സെക്‌സ് കണ്ടാസ്വദിക്കുന്ന ദൈന്യാവസ്ഥ.

ഈയൊരു സാമൂഹികാന്തരീക്ഷത്തിന് മാറ്റം വരുത്താത്ത കാലത്തോളം സ്ത്രീപീഡനത്തിന് അറുതി വരില്ല. പുതിയ തലമുറക്ക് സ്ത്രീ കേവലം ഒരു ഉപഭോഗ വസ്തുവാണിന്ന്. പൈങ്കിളി വാരികകളും സീരിയലുകളും സിനിമകളും സ്ത്രീകളെ കുറിച്ച് ഇത്തരമൊരു ചിത്രമാണ് അവരുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. സെക്‌സ് ഒരു പാപമല്ലെന്ന സന്ദേശമാണ് നല്‍കുന്നത്. സാമൂഹികാന്തരീക്ഷം വഷളാക്കുകയും ധാര്‍മിക ബോധം നശിപ്പിക്കുകയും ചെയ്യുന്ന ഇത്തരം വിനോദ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. നിയമങ്ങളല്ല മെച്ചപ്പെടേണ്ടത് മനുഷ്യന്റെ നടപ്പുരീതിയും സാമൂഹികാന്തരീക്ഷവുമാണ്.