ജിഷയുടെ കുടുംബത്തിന് സഹായഹസ്തവുമായി ഷിഫാ അല്‍ജസീറ ഗ്രൂപ്പ്

Posted on: May 4, 2016 7:56 pm | Last updated: May 4, 2016 at 7:56 pm
kt rabeehulla shifa aljazeera group
കെ.ടി റബിഉല്ല

മസ്‌കത്ത്: എറണാകുളം പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ നിരാലംബയായ അമ്മക്ക് കൈതാങ്ങായി ഷിഫാ അല്‍ ജസീറ ഗ്രൂപ്പ്. ജിഷയുടെ അമ്മക്ക് വീടുവെക്കാന്‍ അഞ്ച് സെന്റ് സ്ഥലവും മൂന്ന് ലക്ഷം രൂപയും നല്‍കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ടി റബിഉല്ല പത്രകുറിപ്പില്‍ അറിയിച്ചു. കനാല്‍ പുറമ്പോക്കിലെ തകര ഷീറ്റിട്ട ഒറ്റമുറി വീട്ടില്‍ ദാരിദ്രത്തോട് പടവെട്ടിയാണ് ജിഷ നിയമ ബിരുദം വരെ പഠിച്ചത്. സ്വന്തമായി സുരക്ഷിതത്വമുള്ള വീടെന്ന സ്വപ്നം പൂവണിയിക്കാനാകാതെയാണ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പ് ഈ ഉദ്യമം ഏറ്റെടുക്കുന്നത്.

സഹായം കൈമാറുന്നതിന് ഷിഫാ അല്‍ ജസീറ റിയാദ് പോളികഌനിക്ക് സി.ഇ.ഒ അഷ്‌റഫ് വേങ്ങാട്ട്, റൂവി ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ഷാക്കിര്‍, മീഡിയ വൈസ് പ്രസിഡന്റ് സതീഷ് എരിയാളത്ത് എന്നിവരെ ചുമതലപ്പെടുത്തിയതായും ഡോ.റബിഉല്ല പറഞ്ഞു. പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അമ്പതിനായിരം രൂപ വീതം ഷിഫാ അല്‍ ജസീറ സഹായം നല്‍കിയിരുന്നു. പ്രദേശത്തെ കുടിവെള്ള സ്രോതസുകള്‍ ഉപയോഗശൂന്യമായത് കണക്കിലെടുത്ത് നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ള വിതരണവും നടത്തിയിരുന്നു.