സഊദി ബിന്‍ലാദന്‍ ഗ്രൂപ്പ് 77,000 വിദേശ തൊഴിലാളികളെ പിരിച്ചുവിടുന്നു

Posted on: May 4, 2016 10:32 am | Last updated: May 4, 2016 at 10:32 am

laboursറിയാദ്: സഊദി നിര്‍മാണ കമ്പനിയായ സഊദി ബിന്‍ലാദന്‍ ഗ്രൂപ്പ് 77,000 വിദേശ തൊഴിലാളികളെ പിരിച്ചുവിടുന്നു. ഇതിന് പുറമേ ആയിരക്കണക്കിന് സഊദി സ്വദേശികളെയും ജോലിയില്‍ നിന്നു പിരിച്ചുവിടാന്‍ കമ്പനി പദ്ധതിയിടുന്നതായി ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 77,000 വിദേശ തൊഴിലാളികള്‍ക്ക് ബിന്‍ലാദന്‍ കമ്പനി എക്‌സിറ്റ് വിസയടിച്ചതിനാല്‍ അവര്‍ക്ക് രാജ്യം വിടേണ്ടി വരും. ഇതിന് പുറമെ 17,000 സ്വദേശി ജോലിക്കാരില്‍ 12,000 പേരെ കമ്പനി പിരിച്ചുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂപ്പര്‍വൈസര്‍മാര്‍, ഭരണവിഭാഗം, എന്‍ജിനീയറിംഗ് വിഭാഗം, മാനേജ്‌മെന്റ് വിഭാഗം എന്നിവയില്‍ ജോലിചെയ്യുന്ന സ്വദേശികളെയാണ് പിരിച്ചുവിടുകയെന്ന് പേര് വെളിപ്പെടുത്താത്ത കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ വതന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ മേഖലയിലെ ആവശ്യത്തിന് അനുസരിച്ച് സഊദിയിലെ നിര്‍മാണ കമ്പനികള്‍ വിദേശ ജോലിക്കാരെ നിയമിക്കുകയോ പിരിച്ചുവിടുകയൊ ചെയ്യുന്നത് പതിവാണ്. എന്നാല്‍ സ്വദേശികളെ വന്‍തോതില്‍ പിരിച്ചുവിടുന്നത് അപൂര്‍വമാണ്. നിയമപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നതിനാലും പണച്ചെലവേറിയതുകൊണ്ടുമാണിത്. സഊദിയിലെ വന്‍ കമ്പനിയായ ബിന്‍ലാദനില്‍ ഏകദേശം രണ്ട് ലക്ഷത്തോളം ജീവനക്കാരുണ്ട്.

എന്നാല്‍ പത്രവാര്‍ത്തയോട് പ്രതികരിച്ച ബിന്‍ലാദന്‍ കമ്പനി തൊഴില്‍ നഷ്ടപ്പെടുന്നവരുടെ കൃത്യമായ എണ്ണം വെളിപ്പെടുത്താന്‍ തയ്യാറായില്ല. അതേസമയം തങ്ങളുടെ കമ്പനിയിലെ ജോലിക്കാരുടെ ആള്‍ബലം ഏറ്റെടുക്കുന്ന പ്രൊജക്ടുകള്‍ക്കനുസരിച്ചായിരിക്കുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു. തൊഴിലാളികളുടെ അംഗസംഖ്യയില്‍ മാറ്റം വരുത്തുന്നത് സാധാരണമാണ്. പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോഴും അതിനടുത്തെത്തുമ്പോഴും കരാര്‍ പ്രകാരം ജോലിക്കെടുത്തവരെയും മറ്റും ഒഴിവാക്കാറുണ്ടെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം ജോലി നഷ്ടപ്പെടുന്നവര്‍ക്ക് അത് എളുപ്പത്തില്‍ മറികടക്കാനാകില്ലെന്നതിനാല്‍ ഇത് മാനിച്ച് നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുമെന്നും കമ്പനി പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മക്കയിലെ ഗ്രാന്‍ഡ് പള്ളിയില്‍ 107 പേര്‍ മരിച്ച ക്രെയിന്‍ അപകടം നടന്നതിന് ശേഷം ബിന്‍ലാദന്‍ കമ്പനി കടുത്ത സമ്മര്‍ദത്തിലാണ്. അപകടത്തെത്തുടര്‍ന്ന് പുതിയ നിര്‍മാണ ജോലികളുടെ കരാര്‍ ഏല്‍പ്പിക്കുന്നതില്‍ നിന്നും കമ്പനിയെ സര്‍ക്കാര്‍ മാറ്റിനിര്‍ത്തിയിരിക്കുകയാണ്.