Connect with us

International

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തില്‍: യു എന്‍

Published

|

Last Updated

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലെന്ന് യു എന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചെന്നും മതത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചെന്നും അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡം (യു എസ് സി ഐ ആര്‍ എഫ്) എന്ന സംഘടന പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
മതവിദ്വേഷം പരത്തുന്ന മതനേതാക്കളെ ഇന്ത്യന്‍ ഭരണകൂടം എന്തുകൊണ്ട് ശാസിക്കുന്നില്ലെന്ന് ഇവര്‍ ചോദിക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷമാണ് മതപരമായ അസഹിഷ്ണുതയും ആക്രമണങ്ങളും വര്‍ധിച്ചത്. വിദേശ ഏജന്‍സികള്‍ ഇത്തരം കാര്യങ്ങളില്‍ അന്വേഷണം നടത്തരുതെന്ന് ന്യായം നിരത്തി ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സംഘടനയുടെ അംഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിസാ അനുമതി നിഷേധിച്ചിരുന്നു.
ക്രിസ്ത്യന്‍, മുസ്്‌ലിം, സിഖ്, വിഭാഗത്തില്‍പെട്ട ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരോട് ആര്‍ എസ് എസുകാര്‍ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണ കക്ഷിയായ ബി ജെ പി ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും ഇത്തരം ആക്രമണങ്ങളില്‍ മതപരമായ വാക്കുകള്‍ ഉപയോഗിച്ച് തുടര്‍ ആക്രമണങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ടയര്‍-2 വിഭാഗത്തില്‍പെട്ട രാജ്യങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് കഴിയുന്നത് അരക്ഷിതരായിട്ടാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2009 മുതല്‍ ഇന്ത്യ ടയര്‍-2 രാജ്യങ്ങളുടെ കൂട്ടത്തില്‍ സംഘടന ഉള്‍പ്പെടുത്തി വരുന്നുണ്ട്.
അഫ്ഗാനിസ്ഥാന്‍, അസര്‍ബൈജാന്‍, ക്യൂബ, ഇന്തോനേഷ്യ, കസാക്കിസ്ഥാന്‍, ലാവോസ്, മലേഷ്യ, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ടയര്‍-2 വിഭാഗത്തില്‍ സംഘടന ഉള്‍പ്പെടുത്തിയിട്ടുള്ളത്. എട്ട് രാജ്യങ്ങളെ കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംഘടന ആവശ്യപ്പെടുന്നുണ്ട്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, ഈജിപ്ത്, ഇറാഖ്, നൈജീരിയ, പാക്കിസ്ഥാന്‍, സിറിയ, താജിക്കിസ്ഥാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണവ. വരുന്നഭാവിയല്‍ മ്യാന്‍മര്‍, ചൈന, എറിറ്റേറിയ, വടക്കന്‍ കൊറിയ, സഊദി അറേബ്യ, സുഡാന്‍, തുര്‍ക്കമെനിസ്ഥാന്‍, ഉസ്ബസ്‌ക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളെ കൂടി ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.