യു ഡി എഫ് വരുമെന്ന് പ്രീ പോള്‍ സര്‍വേ

Posted on: May 3, 2016 9:20 am | Last updated: May 3, 2016 at 9:20 am

തിരുവനന്തപുരം: യു ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രീ പോള്‍ സര്‍വേ. യു ഡി എഫിന് 69-73 സീറ്റ് വരെയും എല്‍ ഡി എഫിന് 65-69 സീറ്റ് വരെയും കിട്ടാമെന്നാണ് സര്‍വേ. യു ഡി എഫ് പ്രചാരണ മേല്‍നോട്ടം വഹിക്കുന്ന പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍സ് എന്ന ഏജന്‍സിക്ക് വേണ്ടി മാര്‍സ് ആണ് സര്‍വേ നടത്തിയത്.

യു ഡി എഫിന് 45 ശതമാനവും എല്‍ ഡി എഫ് 43 ശതമാനവും മറ്റുള്ളവര്‍ക്ക് 12 ശതമാനവും വോട്ടുവിഹിതം ലഭിക്കും. ബി ജെ പി, ബി ഡി ജെ എസ് സഖ്യത്തിന് കാര്യമായ സ്വാധീനമില്ലെന്നും സര്‍വേ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 90 ശതമാനം പേരും മദ്യനിരോധത്തെ അനുകൂലിച്ചു. 50 ശതമാനം പേര്‍ ശക്തമായി അനുകൂലിച്ചവരാണ്. അടിസ്ഥാനസൗകര്യം സാമൂഹിക ക്ഷേമം എന്നിവയില്‍ സര്‍ക്കാര്‍ മികച്ച പ്രകടനം നടത്തിയെന്നും അത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും സര്‍വേ പറയുന്നു.
കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടിയെന്ന് സര്‍വേയില്‍ പങ്കെടുത്ത പകുതിയിലേറെ പേര്‍ പറഞ്ഞു. എന്നാല്‍ ഇത് എല്‍ ഡി എഫ് സ്വാധീനമുള്ള മണ്ഡലങ്ങളിലാണു കൂടുതല്‍. സോളര്‍ വിവാദം യു ഡി എഫിനെ ബാധിക്കുമെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു. എം എല്‍ എമാര്‍ പ്രകടന മികവില്‍ മുന്നിലാണെന്ന് 60 ശതമാനത്തിലധികം പേര്‍ അഭിപ്രായപ്പെട്ടു. യു ഡി എഫ് എം എല്‍ എമാരേക്കാള്‍ മികച്ച പ്രകടനമാണ് എല്‍ ഡി എഫ് എം എല്‍ എമാര്‍ കാഴ്ചവച്ചത്. ജനങ്ങളോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നവരും അവരാണ്. വോട്ടര്‍മാര്‍ക്കിടയില്‍ യു ഡി എഫും എല്‍ ഡി എഫുമായി ഏകദേശം തുല്യമായ ധ്രുവീകരണം ഉണ്ടെന്നും സര്‍വേ കണ്ടെത്തി.