ഉത്തരാഖണ്ഡിലെ കാട്ടുതീ മനുഷ്യ നിര്‍മിതമെന്ന് കേന്ദ്രം

Posted on: May 3, 2016 12:40 am | Last updated: May 3, 2016 at 12:17 am

FIREഡെറാഡൂണ്‍/ ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഉണ്ടായ കാട്ടുതീ മനുഷ്യനിര്‍മിതമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം നടക്കുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, കാട്ടുതീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉത്തരാഖണ്ഡില്‍ പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവിക സേന എന്നിവരെ കൂടാതെ 6,000ത്തോളം അഗ്നിശമന വാഹനങ്ങളും തീ നിയന്ത്രണവിധേയമാക്കുന്നതിനായി രംഗത്തുണ്ട്. ഭീംതാല്‍ തടാകത്തില്‍ നിന്ന് ജലം കൊണ്ടുവരുന്നതിന് വ്യാമസേനയുടെ എംഐ 17 ഹെലികോപ്ടര്‍ ഉപയോഗിക്കുന്നുണ്ട്. പ്രത്യേക ബക്കറ്റുകള്‍ ഘടിപ്പിച്ച ഹെലിക്കോപ്ടര്‍ വഴി 4000 ലിറ്റര്‍ വരെ ജലമാണ് തീയണക്കാനായി ഒരോ തവണയും എത്തിച്ച് ആകാശത്തുനിന്ന് ചീറ്റുന്നത്.
ദേശീയ ദുരന്ത നിവാരണ സേന1 (എന്‍ ഡി ആര്‍ എഫ്) 13 മേഖലകളായി തിരിഞ്ഞാണ് തീകെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങള്‍ അനുസരിച്ച്, ഉത്തരാഖണ്ഡില്‍ പടര്‍ന്നുപിടിച്ച് കാട്ടുതീ ഏതാണ്ട് 70 ശതമാനവും അണക്കാനായതായി എന്‍ ഡി ആര്‍ എഫ് ഡയരക്ടര്‍ ജനറല്‍ ഒ പി സിംഗ് വ്യക്തമാക്കി. 427 മേഖലകളിലാണ് നേരത്തെ തീപിടിത്തം രേഖപ്പെടുത്തിയിരുന്നത്. പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം ഇപ്പോള്‍ 110 മുതല്‍ 115 വരെ മേഖലകളില്‍ മാത്രമാണ് തീ അവശേഷിക്കുന്നത്. ഇത് അടുത്ത ദിവസങ്ങളില്‍ തന്നെ കെടുത്താന്‍ കഴിയുമെന്നും ഒ പി സിംഗ് അറിയിച്ചു. കാട്ടുതീയില്‍ അകപ്പെട്ട മൃഗങ്ങളെ രക്ഷിക്കുന്നതിനും എന്‍ ഡി ആര്‍ എഫ് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മൂന്ന് മാസമായി ഉത്തരാഖണ്ഡിന്റെ വനമേഖലയില്‍ ചെറുതും വലുതുമായ തീപ്പിടിത്തങ്ങള്‍ സാധാരണമായിട്ടുണ്ട്. ഇക്കാലയളവില്‍ ഏതാണ്ട് 3000 ഏക്കര്‍ വനഭൂമിയാണ് കത്തിനശിച്ചത്. കഴിഞ്ഞ മാസം മാത്രം 1200 ഏക്കര്‍ വനം അഗ്നിക്കിരയായി. ഏഴ് പേര്‍ കാട്ടിതീയില്‍പ്പെട്ട് മരിച്ചു. ചമോലി, പൗരി, രുദ്രപ്രയാഗ്, തെഹ്‌രി, ഉത്തരകാശി, പിതോരാഗഢ്, അല്‍മോറാ, നൈനിത്താള്‍ എന്നീ ജില്ലകളിലാണ് കാട്ടു തീ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഇതുവരെ ആയിരത്തോളം കാട്ടു തീ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഉത്തരാഖണ്ഡ് സംസ്ഥാന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അദ്ദേഹം ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ കാട്ടുതീയെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും അടിയന്തിര സഹായമായി അഞ്ച് കോടി രൂപ അനുവദിക്കുകയാണെന്നും പരസ്ഥിതി മന്ത്രി പ്രകാശേ ജാവ്‌ദേക്കര്‍ അറിയിച്ചു.