കല്‍ക്കരിപ്പാടം അഴിമതി കേസ് സി ബി ഐ അട്ടിമറിക്കുന്നുവെന്ന് ആരോപണം

Posted on: May 3, 2016 12:25 am | Last updated: May 3, 2016 at 12:13 am

coal-mine-odishaന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെ ആരോപണ വിധേയരായ കല്‍ക്കരിപ്പാടം അഴിമതിക്കേസ് അന്വേഷിക്കുന്ന സി ബി ഐ തന്നെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുയരുന്നു. അന്വേഷണ സംഘത്തിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കാന്‍ കൈക്കുലി വാങ്ങിയതായാണ് ആക്ഷേപം.

അന്വേഷണ സംഘത്തില്‍ പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ സി ബി ഐ ഡയറക്ടര്‍ അനില്‍ സിന്‍ഹക്ക് അയച്ച കത്തിലാണ് ഏജ ന്‍സി യുടെയുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതര ആരോപണം ഉന്നയിച്ചത്. നാളെ കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സി ബി ഐ ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കത്തില്‍ പേര് വെളിപ്പെടുത്താതെ ‘സത്യസന്ധനായ അന്വേഷണ ഉദ്യോഗസ്ഥന്‍, സി ബി ഐ’ എന്നെഴുതിയാണ് ഒപ്പിട്ടിരിക്കുന്നത്.
അന്വേഷണം നേരിടുന്ന കമ്പനികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കേസ് ദുര്‍ബലപ്പെടുത്താന്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്. മൂന്ന് പേജുള്ള കത്ത് മാര്‍ച്ച് അവസാനമാണ് സി ബി ഐ ഡയറക്ടര്‍ക്ക് ലഭിച്ചത്. ഒരു പ്രമുഖ ദേശീയ പത്രമാണ് കത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. സുപ്രീം കോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ വിവരങ്ങള്‍ പങ്കുവെക്കാനാവില്ലെന്നും എന്നാല്‍, കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നുമാണ് സി ബി ഐ വൃത്തങ്ങളില്‍ നിന്നുള്ള പ്രതികരണം.