നാവികനെ വിട്ടയക്കാന്‍ യു എന്‍ കോടതി ഉത്തരവെന്ന് ഇറ്റലി

Posted on: May 2, 2016 5:45 pm | Last updated: May 3, 2016 at 10:23 am

italian marineറോം: കടല്‍കൊലക്കേസില്‍ ഇന്ത്യയില്‍ തടവിലുള്ള ഇറ്റാലിയന്‍ നാവികന്‍ സാല്‍വതോര്‍ ഗിറോണിനെ മോചിപ്പിക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ്. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയമാണ് യു.എന്‍ മധ്യസ്ഥ കോടതിയുടെ (പി.സി.എ) വിധി പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഡല്‍ഹിയില്‍ നാലു വര്‍ഷത്തിലേറെയായി കഴിയുന്ന നാവികനെ വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു.നാവികനെ മോചിപ്പിക്കുന്ന കാര്യത്തില്‍ ഇന്ത്യയുമായി ഉടന്‍ ബന്ധപ്പെടുമെന്നും നാവികന്റെ മടങ്ങിവരവ് ഉറപ്പ് വരുത്തുമെന്നും ഇറ്റലി വ്യക്തമാക്കി.

കൊല്ലം പുറങ്കടലില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികള്‍ വെടിവെച്ചുകൊന്നതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ ഇന്ത്യ-ഇറ്റലി നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമായിരുന്നു. 2012 ഫെബ്രുവരി 15ന് കൊല്ലം നീണ്ടകരയില്‍ നിന്നു മത്സ്യബന്ധനത്തിന് പോയ സെന്റ് ആന്റണീസ് ബോട്ടിന് നേരേ കടല്‍ക്കൊള്ളക്കാരെന്നു തെറ്റിദ്ധരിച്ച് ഇറ്റാലിയന്‍ നാവികര്‍ നടത്തിയ വെടിവയ്പില്‍ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വലന്റൈന്‍ (50), കളിയാക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ അജീഷ് പിങ്കി (21) എന്നിവരാണു മരിച്ചത്. കേസില്‍ കുറ്റാരോപിതരായ രണ്ട് ഇറ്റാലിയന്‍ നാവികരില്‍ ഒരാളാണ് ഗിറോണ്‍. ഇടക്ക് ലഭിച്ച പരോള്‍ അല്ലാതെ ഇന്ത്യ വിടാന്‍ അതിനുശേഷം കഴിഞ്ഞിട്ടില്ല. കേസില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ നാവികനായ ലത്തോറെ മാര്‍സി മിലാനോക്ക് പക്ഷാഘാതമുണ്ടായതിനെതുടര്‍ന്ന് 2014ല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞു. മിലാനോക്ക് ഇന്ത്യയില്‍ തിരിച്ചത്തൊന്‍ സുപ്രീംകോടതി സെപ്റ്റംബര്‍ സമയം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വിചാരണക്ക് തുടര്‍ച്ചയായി താമസം നേരിട്ടതോടെയാണ് ഇറ്റലി അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.

എന്നാല്‍ കേസില്‍ മധ്യസ്ഥ കോടതി വിധി ഇറ്റലി ദുര്‍വ്യാഖ്യാനം ചെയ്യുന്നെന്ന് ഇന്ത്യ. നാവികരുടെ ജാമ്യവും മോചനവും കോടതി പരിഗണനയിലുള്ള വിഷയമെന്നും ഇന്ത്യ പ്രതികരിച്ചു.