Connect with us

Ongoing News

പുലിയെ തളച്ചവനെ പിടിച്ചുകെട്ടാന്‍ ആരുണ്ട്?

Published

|

Last Updated

2006ലെ നിയമസഭാ തിരഞ്ഞെടുപ്പുല്‍ കുറ്റിപ്പുറത്ത് മുസ്‌ലിം ലീഗിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നല്‍കിയ കെ ടി ജലീല്‍ രണ്ടാം തവണയും തവനൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമ്പോള്‍ തികഞ്ഞ പ്രതീക്ഷയിലാണ് ഇടത് പാളയം. എന്നാല്‍ കോണ്‍ഗ്രസിന്റെ യുവ രക്തം പി ഇഫ്തിഖാറുദ്ദീനാണ് എതിരാളിയെന്നതിനാല്‍ കരുതലോടെയാണ് പ്രചാരണവുമായി മുന്നേറുന്നത്.
അധ്യാപകരാണെന്നതും ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും ഇരുവരുടെയും പ്ലസ് പോയിന്റുകളാണ്. കെ ടി ജലീല്‍ തിരൂരങ്ങാടി പി എസ് എം ഒ കോളജിലെയും ഇഫ്തിഖാറുദ്ദീന്‍ എടപ്പാള്‍ ദാറുല്‍ ഹിദായ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും അധ്യാപകരാണ്. കന്നി അങ്കത്തിനിറങ്ങുമ്പോള്‍ നാട്ടുകാരനെന്ന പരിഗണന ഇഫ്തിഖാറുദ്ദീന് ലഭിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കെ ടി ജലീല്‍ മണ്ഡലത്തിലെ ജനങ്ങളുമായുണ്ടാക്കിയ മികച്ച ബന്ധവും അദ്ദേഹം നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ഇടതുപക്ഷത്തിന്റെ ആത്മ വിശ്വാസം വര്‍ധിപ്പിക്കുന്നു. മുസ്‌ലിം ലീഗുകാരുടെ പുലിക്കുട്ടി പി കെ കുഞ്ഞാലിക്കുട്ടിയെ കൂട്ടിലടച്ച കെ ടി ജലീലിനെ വീഴ്ത്താന്‍ ആദ്യമായി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്ന ഇഫ്തിഖാറുദ്ദീന് സാധ്യമാകുമോ എന്നത് കണ്ടറിയണം. രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ മൂലം സ്ഥാനാര്‍ഥിയായ ഇഫ്തിഖാറുദ്ദീന് കോണ്‍ഗ്രസിന്റെ ഒന്നടങ്കമുള്ള പിന്തുണയുണ്ട്. വിജയിക്കുകയാണെങ്കില്‍ ഇത്തവണയാണ് അതിനുള്ള അവസരമെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്.
2006ല്‍ പി കെ കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ച് കുറ്റിപ്പുറത്തു നിന്നു തുടങ്ങിയ ജലീലിന് ഇത് മൂന്നാം മത്സരമാണ്. ലീഗ് വിട്ട് സി പി എമ്മിലേക്ക് ചേക്കേറിയ ജലീലിന് അന്ന് 8781 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2011ലെ തിരഞ്ഞെടുപ്പോടെ മണ്ഡലം പുനര്‍നിര്‍ണയത്തില്‍ കുറ്റിപ്പുറം ഇല്ലാതാകുകയും തവനൂര്‍ രൂപവത്കരിക്കുകയുമായിരുന്നു. കഴിഞ്ഞ തവണ കെ പി സി സി സെക്രട്ടറി വി വി പ്രകാശിനെതിരെ 6854 വോട്ടിനാണ് ജലീല്‍ തിരഞ്ഞെടുക്കപ്പെട്ടത്. തവനൂര്‍, എടപ്പാള്‍, കാലടി, വട്ടംകുളം, തൃപ്രങ്ങോട്, മംഗലം, പുറത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് നടത്തിയത്.
മംഗലം ഒഴിച്ചുള്ള പഞ്ചായത്തുകള്‍ ഇടതുമുന്നണി സ്വന്തമാക്കി. 2000ത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ട് പഞ്ചായത്തുകള്‍ മാത്രമുണ്ടായിരുന്നിടത്ത് ഇത്തവണ ആറ് പഞ്ചാത്തുകളുടെ ഭരണം നേടാനും കഴിഞ്ഞു. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നുള്ള എല്‍ ഡി എഫ് ഭൂരിപക്ഷം 9170 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 8500ലെത്തി. യു ഡി എഫ് വോട്ടുകളിലെ ചോര്‍ച്ചയാണ് ഇഫ്തിഖാറുദ്ദീന് ഭീഷണിയാകുക. വോട്ടുകളെല്ലാം കൃത്യമായി യു ഡി എഫിന് തന്നെ ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ്- ലീഗ് പോര് പാരയാകുമെന്ന ആശങ്കയുമുണ്ട്. വികസന രംഗത്ത് കഴിഞ്ഞ അഞ്ച് വര്‍ഷം തവനൂര്‍ മണ്ഡലം വട്ടപൂജ്യമാണെന്ന ആക്ഷേപമാണ് പ്രചാരണങ്ങളില്‍ യു ഡി എഫ് ഉയര്‍ത്തുന്നത്. കാര്‍ഷിക എന്‍ജിനീയറിംഗ് കോളജിന്റെ വികസനം, കേളപ്പന്‍ സ്മാരകം, എടപ്പാളിലെ മേല്‍പ്പാലം, പുഴയോര സ്‌നേഹപാത എന്നിവ നടക്കാത്തതെ പോയത് എം എല്‍ എയുടെ പിടിപ്പുകേടുകൊണ്ടാണെന്നും ആരോപിക്കുന്നു.
സര്‍ക്കാറിന്റെ പൊതുഫണ്ടില്‍ ഉള്‍പ്പെടുത്തിയ കുറ്റിപ്പുറം-ചമ്രവട്ടം ബൈപ്പാസ് പോലും സ്വന്തം അക്കൗണ്ടിലാണ് ജലീല്‍ ഉള്‍പ്പെടുത്തിയതെന്നും യു ഡി എഫ് ആരോപിക്കുന്നു. എന്നാല്‍ പ്രതിപക്ഷത്തായിട്ടും മണ്ഡലത്തില്‍ നടത്തിയ വികസനങ്ങളും ജനങ്ങള്‍ക്കിടയില്‍ “ലൈവായിരുന്നുവെന്നും തെളിവുകള്‍ സഹിതം ഇടതുപക്ഷം വിശദീകരിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടായ ഉണര്‍വും പുതിയ റോഡുകളും വികസന അടയാളങ്ങളായി എല്‍ ഡി എഫ് ഉയര്‍ത്തുന്നു. ബൈക്കില്‍ സഞ്ചരിച്ചായിരുന്നു പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ കെ ടി ജലീല്‍ വോട്ടര്‍മാരെ കണ്ടിരുന്നതെങ്കില്‍ ഇപ്പോഴത് തുറന്ന വാഹനത്തിലാക്കി. ശബ്ദ പ്രചാരണവും ആരംഭിച്ച് കഴിഞ്ഞു.
ഇഫ്തിഖാറുദ്ദീന് പിന്നില്‍ ശക്തമായ യുവ നിര പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ യുവാക്കളുടെ വോട്ടുകളില്‍ യു ഡി എഫ് കണ്ണ്‌വെക്കുന്നുണ്ട്. എന്‍ ഡി എ സ്ഥാനാര്‍ഥിയായി ബി ജെ പി നേതാവ് രവി തേലത്തും മത്സരിക്കുന്നുണ്ട്. എസ് ഡി പി ഐ- എസ് പി സ്ഥാനാര്‍ഥി പി കെ അബ്ദുല്‍ ജലീല്‍, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുഹമ്മദ് പൊന്നാനി, പി ഡി പിയുടെ അലി കാടാമ്പുഴ എന്നിവരും പ്രചാരണ രംഗത്ത് സജീവമാണ്.

Latest