സഹോദരങ്ങളുടെ മരണ യാത്ര മധുവിധു തീരും മുമ്പെ

Posted on: May 1, 2016 10:34 am | Last updated: May 1, 2016 at 10:34 am

കോട്ടക്കല്‍: വൈവാഹിക ജീവിതത്തിന്റെ മധുവിധു തീരും മുമ്പെ സഹോദരങ്ങള്‍ യാത്രയായത് മരണത്തിലേക്ക്. പാലച്ചിറമാട് അപകടത്തില്‍ മരിച്ച സഹോദരങ്ങളായ ശംസീറിന്റെയും ഫൈസലിന്റെയും വിവാഹം രണ്ട് മാസം മുമ്പാണ് കഴിഞ്ഞത്. ഇവരെ വിദേശത്തേക്ക് യാത്രയയക്കാനാണ് പിതാവും സഹോദരങ്ങളും മരുമകനും അയല്‍വാസികളും അടങ്ങിയ സംഘം നെടുമ്പാശേരിയിലേക്ക് പുറപ്പെട്ടത്.
ശംസീര്‍ അടുത്തയിടെയാണ് വിദേശത്ത് നിന്നും നാട്ടില്‍ എത്തിയത്. ഇതിന് ശേഷമായിരുന്നു സഹോദരങ്ങളുടെ വിവാഹം. ഇരുവരും കണ്ണൂര്‍ ജില്ലയിലെ പള്ളൂര്‍ യൂനിറ്റ് എസ് വൈ എസ് അംഗങ്ങള്‍ കൂടിയാണ്. കരിപ്പൂരില്‍ നിന്നും വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചതോടെയാണ് ഈ ഭാഗത്തുള്ളവരും നെടുമ്പാശേരിയിലേക്ക് യാത്ര തിരിക്കേണ്ടി വന്നത്. ഇത് ഒരു കുടുംബത്തിലെ നാല് പേരുടെ ദാരുണമായ അന്ത്യമാകുകയായിരുന്നു. ഇവരുടെ ഒരു സഹോദരന്‍ പര്‍വേസ് ഉള്‍പ്പെടെ നാല് പേരാണ് മരണത്തിന് കീഴടങ്ങിയത്. മറ്റൊരു സഹോദരനും പിതാവും പരുക്കേറ്റ് ചികിത്സയിലാണ്. പിതാവ് മഅ്‌റൂഫ് മങ്ങാട് മഹല്ല് സെക്രട്ടറിയാണ്. രാത്രി പുറപ്പെട്ട സംഘം 1.45ന് കൊളപ്പുറത്തിറങ്ങി ചായ കുടിച്ചാണ് യാത്ര തുടര്‍ന്നത്. പലച്ചിറമാട് വളവില്‍ എത്തിയപ്പോള്‍ പിന്നില്‍ നിന്നും വന്‍ശബ്ദം കേട്ട ഓര്‍മ മാത്രമാണ് പരുക്കേറ്റ് ചികിത്സയിലുള്ള ഷിനോജിനുള്ളത്. രണ്ട് പേര്‍ ഇദ്ദേഹത്തിന്റെ മടിയില്‍ കിടന്നാണ് അന്ത്യയാത്രയായത്. വാഹനത്തിന്റെ മധ്യത്തില്‍ വാതിലിന് അടുത്താണ് ഇദ്ദേഹം ഇരുന്നത്. കാറിന് മുകളിലേക്ക് ലോറി മറിഞ്ഞപ്പോള്‍ വാതില്‍ തുറന്ന് നിന്നതാണ് ഇയാള്‍ക്ക് രക്ഷയായത്. വാഹനത്തില്‍ കുടുങ്ങി കിടന്ന ഇദ്ദേഹത്തെ അവസാനമാണ് പുറത്തെടുത്തത്. മരിച്ച അയല്‍വാസി ശംസീറും ഇദ്ദേഹവും ആലുവയില്‍ കടയില്‍ ജോലി ചെയ്യുകയാണ്. പതിവായി തീവണ്ടിയില്‍ യാത്ര ചെയ്യാറുള്ള ഇവര്‍ ശംസീറിനെയും ഫൈസലിനെയും യാത്രയയച്ച് ജോലി സ്ഥലത്തേക്ക് തിരിക്കാമെന്ന് കരുതിയാണ് ഇവരോടൊപ്പം യാത്രയില്‍ പങ്കാളികളായത്. മരണപ്പെട്ടവരും പരുക്കേറ്റവരുമെല്ലാം സമീപത്ത് തന്നെയുള്ള വീടുകളില്‍ താമസിക്കുന്നവരാണ്.