Connect with us

Kozhikode

മലബാര്‍ മെഡിക്കല്‍ കോളേജ് സമരം ഒത്തു തീര്‍പ്പായി

Published

|

Last Updated

കോഴിക്കോട്: നഴ്‌സിംഗ് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്യുകയും നാലു നഴ്‌സിംഗ് ട്രെയിനികളെ പുറത്താക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലെ നഴ്‌സുമാര്‍ കഴിഞ്ഞ 63 ദിവസമായി നടത്തിവന്ന സമരം ഒത്തു തീര്‍പ്പായി.

റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ സുനില്‍ കെ എം വിളിച്ചു ചേര്‍ത്ത യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികളുടേയും മലബാര്‍ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളുടേയും സംയുക്ത യോഗത്തിലാണ് ഒത്തുതീര്‍പ്പ് കരാറും സമരം അവസാനിപ്പിക്കാനുള്ള തീരുമാനവും ഉണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 28 നുണ്ടാക്കിയ കരാര്‍ പൂര്‍ണ്ണമായും നടപ്പിലാക്കും, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശ്രീമേഷിനെ നിരുപാധികം തിരിച്ചെടുക്കും, പുറത്താക്കിയ മുഴുവന്‍ പേരെയും തിരിച്ചെടുക്കും, 2 സെറ്റ് യൂണിഫോം ജൂണ്‍ 15 നകം നല്‍കും, യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെയോ പ്രവര്‍ത്തകര്‍ക്കെതിരെയോ സമരത്തിന്റെ ഭാഗമായി യാതൊരു നടപടിയും സ്വീകരിക്കാന്‍ പാടില്ല.

പരസ്പരം നല്‍കിയിട്ടുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കും എന്നീ കരാര്‍ വ്യവസ്ഥകള്‍ ആശുപത്രി മാനേജ്‌മെന്റ് അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ യു എന്‍ എ തീരുമാനിച്ചത്. സമരത്തിന്റെ ഭഗമായി സിസ്റ്റര്‍ സുനിത കഴിഞ്ഞ എട്ട് ദിവസമായി നിരാഹാരമിരിക്കുകയായിരുന്നു.
സമരത്തിനിടയില്‍ സമരസമിതി നേതാവ് ശ്രീമേഷിന്റെ വാഹനം തല്ലിത്തകര്‍ത്തതും സമരത്തില്‍ പങ്കെടുത്ത ഗര്‍ഭിണിയായ നഴ്‌സിനെ മാനേജ്‌മെന്റ് പൂട്ടിയിട്ടതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. യു എന്‍ എയെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി ജിതിന്‍ ലോഹി, ജില്ലാ ട്രഷറര്‍ മിഥുന്‍ രാജ്, ജില്ലാ പ്രസിഡണ്ട് രജിത് ചന്ദ്രന്‍, ജില്ലാ സെക്രട്ടറി സുബിത പി, യൂണിറ്റ് എക്‌സിക്യുട്ടീവ് അനുഷ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest