അഞ്ചു മാസമായി ശമ്പളമില്ല; ദമാമിലെ അഞ്ഞൂറോളം തൊഴിലാളികള്‍ ദുരിതത്തില്‍

Posted on: April 20, 2016 8:13 pm | Last updated: April 20, 2016 at 8:13 pm
SHARE
തൊഴിലാളികള്‍  ഷിബു കുമാറിനും വിത്സണ്‍ ഷാജിയ്ക്കും ഒപ്പം
തൊഴിലാളികള്‍ ഷിബു കുമാറിനും വിത്സണ്‍ ഷാജിയ്ക്കും ഒപ്പം

ദമാം: അഞ്ചു മാസമായി ശമ്പളം കിട്ടാതെ ആഹാരത്തിനു പോലും വകയില്ലാതെ ദുരിതത്തിലായ അഞ്ഞൂറോളം തൊഴിലാളികള്‍ ഇന്ത്യന്‍ എംബസ്സിയുടെയും, സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ ജോലി ചെയ്യുന്ന കമ്പനിയ്‌ക്കെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുന്നു.

റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു പ്രമുഖ കോണ്ട്രാക്റ്റിങ്ങ് കമ്പനിയിലെ ദമാമിലുള്ള ജോലിക്കാരാണ് അഞ്ചു മാസമായി ശമ്പളം കിട്ടാതെ ദുരിതത്തിലായത്. ദമാമില്‍ ഒരു വലിയ കമ്പനിയുടെ പ്രൊജെക്റ്റില്‍ സബ്‌കൊണ്ട്രാക്റ്റ് ജോലിയ്ക്കായി കൊണ്ടു വന്ന തൊഴിലാളികള്‍ക്ക്, നല്ല താമസസൌകര്യങ്ങളോ, ജീവിതസാഹചര്യങ്ങളോ കമ്പനി നല്കിയില്ല. സാമ്പത്തികപ്രതിസന്ധിയുടെ പേരുപറഞ്ഞ് ആനുകൂല്യങ്ങള്‍ നിഷേധിച്ച കമ്പനി, കാലാവധി പൂര്‍ത്തിയായ തൊഴിലാളികളെ വെക്കേഷന് വിടുക പോലും ചെയ്യാറില്ലായിരുന്നു. പല പ്രാവശ്യവും കമ്പനി അധികൃതരോട് പരാതിപ്പെട്ടിട്ടും നിഷേധാത്മമായ നിലപാടായിരുന്നു അവര്‍ എടുത്തത്.

ഒടുവില്‍ സഹികെട്ട 76 തൊഴിലാളികള്‍ റാക്കയിലുളള ഇന്ത്യന്‍ എംബസ്സി വി.എഫ്.എസ് വോളന്റീര്‍ ഹെല്‍പ്‌ഡെസ്‌കില്‍ എത്തി പരാതി പറയുകയായിരുന്നു. ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു തൊഴിലാളികളില്‍ ഭൂരിഭാഗവും. അവിടെ ഉണ്ടായിരുന്ന ഇന്ത്യന്‍ എംബസ്സി വോളന്റീര്‍മാരായ എബ്രഹാം വലിയകാല, താജുദ്ദീന്‍, രാജന്‍ ഖത്തീഫ്, കുപ്പംകുഞ്ഞു, നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷിബു കുമാര്‍, സാമൂഹികപ്രവര്‍ത്തകന്‍ വിത്സണ്‍ ഷാജി എന്നിവര്‍ തൊഴിലാളികളുമായി സംസാരിച്ച് വിവരങ്ങള്‍ മനസ്സിലാക്കിയ ശേഷം, ഹെല്‍പ് ഡെസ്‌കില്‍ പരാതി രേഖപ്പെടുത്തുകയും, ഇന്ത്യന്‍ എംബസ്സിയെ അറിയിയ്ക്കുകയും ചെയ്തു. കമ്പനി ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച ഇന്ത്യന്‍ എംബസ്സി വോളന്റീര്‍മാര്‍ തൊഴിലാളികളുടെ ദയനീയമായ അവസ്ഥ നേരിട്ടു മനസ്സിലാക്കുകയും ചെയ്തു.

ഈ തൊഴിലാളികളെ കൊണ്ട് ലേബര്‍ കോടതിയില്‍ കേസ് കൊടുക്കാന്‍ നിര്‍ദ്ദേശിച്ച ഇന്ത്യന്‍ എംബസ്സി, അതിനുള്ള ചുമതല ഇന്ത്യന്‍ എംബസ്സി വോളന്റീറും, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യ വിഭാഗം കണ്‍വീനറുമായ ഷാജി മതിലകത്തെ ഏല്‍പ്പിച്ചു.

ഈ കമ്പനി റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്നതിനാല്‍ എല്ലാ തൊഴിലാളികളുടെയും ഇക്കാമ റിയാദിലായിരുന്നു രെജിസ്റ്റര്‍ ചെയ്തിരുന്നത്. അതിനാല്‍ കേസ് കൊടുക്കാന്‍ റിയാദ് ലേബര്‍ കോടതിയില്‍ പോകേണ്ടി വരും എന്നൊരു നിയമപ്രശ്‌നം ഉണ്ടായി. തുടര്‍ന്ന് ഷാജി മതിലകം നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് കേസ് ദമാം ലേബര്‍ കോടതിയിലേയ്ക്ക് മാറ്റാന്‍ സൌദി അധികാരികളുടെ അനുമതി ലഭിച്ചു.

തൊഴിലാളികള്‍ കേസിന് പോകുമെന്ന് മനസ്സിലായ കമ്പനി ഇന്ത്യന്‍ എംബസ്സിയില്‍ പരാതിപ്പെട്ട 76 പേരില്‍ 35 പേരെ അന്നു രാത്രി തന്നെ റിയാദിലെയ്ക്ക് സ്ഥലം മാറ്റി. എങ്കിലും മറ്റുള്ളവര്‍ കേസ് കൊടുക്കുന്നതില്‍ തന്നെ ഉറച്ചു നിന്നു.

ഷിബു കുമാറിന്റെയും, വിത്സണ്‍ ഷാജിയുടെയും കൂടെ ഇന്ന് ദമാം ലേബര്‍ കോടതിയില്‍ എത്തിയ തൊഴിലാളികള്‍, ഷാജി മതിലകത്തിന്റെ സഹായത്തോടെ കേസ് ഫയല്‍ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here