അന്വേഷണ മിടുക്ക് കുരുക്കഴിച്ച ഒരു കൊലക്കേസ്

Posted on: April 19, 2016 9:28 am | Last updated: April 19, 2016 at 9:28 am
SHARE

attingal murderമനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ചതില്‍ അന്വേഷണ സംഘത്തിന്റെ മിടുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമായി എഴുതിത്തള്ളുമായിരുന്ന കേസിലെ യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിച്ചത് അന്വേഷണ സംഘത്തിന്റെ അതിവിദഗ്ധമായ നീക്കം കൊണ്ട് മാത്രമാണ്.

അന്നത്തെ ആറ്റിങ്ങല്‍ ഡി വൈ എസ് പി ആയിരുന്ന ആര്‍ പ്രതാപന്‍ നായര്‍, സി ഐ ആയിരുന്ന എം അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് മൂന്ന് മണിക്കൂറിനകം പ്രതിയെ പിടികൂടാന്‍ സാധിച്ചത്.
സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ് തലനാരിഴക്ക് രക്ഷപ്പെട്ട ലിജീഷ് നല്‍കിയ മൊഴിയായിരുന്നു അന്വേഷണത്തില്‍ പ്രധാന വഴിത്തിരിവായത്. കൊലപാതകം നടത്തിയത് ആരെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം ഒട്ടും താമസിയാതെ നടത്തിയ അന്വേഷണത്തിലും തെരച്ചിലിനും ഒടുവിലാണ് തെളിവുകള്‍ സഹിതം കൊലപാതകം നടത്തിയ ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ നിനോ മാത്യു പിടിയിലായത്. അതിവിദഗ്ധമായി അനുശാന്തിയും നിനോ മാത്യുവും ആസൂത്രണം ചെയ്ത കുറ്റകൃത്യമാണ് അതിവിദഗ്ധമായ വഴികളിലൂടെ സഞ്ചരിച്ച് അന്വേഷണ സംഘം പൊളിച്ചത്.

അനുശാന്തിയെ സംശയമില്ലെന്ന രീതിയില്‍ പോലീസ് ബുദ്ധിപരമായി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് തന്റെ പങ്ക് അനുശാന്തി വെളിപ്പെടുത്തിയത്. നിനോ മാത്യുവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന അനുശാന്തി തങ്ങളുടെ തുടര്‍ന്നുള്ള ജീവിതത്തിന് ഭര്‍ത്താവും കുട്ടിയും തടസ്സമാകുമെന്ന് കരുതിയാണ് കൊലപാതകത്തിന് എല്ലാ ഒത്താശകളും ചെയ്ത് കൊടുത്തതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
ലിജീഷ്, മകള്‍ നാലുവയസ്സുകാരി സ്വസ്തിക, ലിജീഷിന്റെ മാതാവ് ഓമന എന്നിവരെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തി എന്ന് വരുത്തിത്തീര്‍ക്കാനുള്ള പദ്ധതിയായിരുന്നു നിനോ മാത്യുവും അനുശാന്തിയും തയ്യാറാക്കിയിരുന്നത്. എന്നാല്‍ ലിജീഷ് രക്ഷപ്പെട്ടതാണ് നിനോ മാത്യുവിന്റെയും അനുശാന്തിയുടെയും മോഹങ്ങള്‍ കെടുത്തിയത്. മോഷണം നടന്നതായി വരുത്തി തീര്‍ക്കാന്‍ ആഭരണങ്ങളും നിനോ എടുത്ത് മാറ്റിയിരുന്നു. വീട്ടിലെത്താനും വഴിയുടെ മാപ്പും റൂമുകളുടെയും വീടിന്റെയും ചിത്രങ്ങള്‍ സഹിതം അനുശാന്തി നിനോ മാത്യുവിന് വാട്ട്‌സ് ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു.

അന്വേഷണ വഴിയില്‍ ഇതെല്ലാം കണ്ടെത്താന്‍ സാധിച്ചത് പോലീസിന് കൂടുതല്‍ തെളിവുകളായി മാറി. കൂടാതെ ശാസ്ത്രീയമായ തെളിവുകളും ഐ ടി വിഭാഗം തെളിവുകളും നിനോ മാത്യുവിന്റെ ലാപ്‌ടോപ്പ് ദൃശ്യങ്ങളും ഉള്‍പ്പെടെ ശേഖരിച്ച് അതിവിദഗ്ധമായ രീതിയില്‍ കുറ്റപത്രം നല്‍കാനും സാധിച്ചു.
അന്തര്‍ സംസ്ഥാന മോഷ്ടാവ് ബണ്ടി ചോര്‍ കേസ്, രത്‌നവ്യാപാരി ഹരിഹരവര്‍മ വധക്കേസ്, ആറ്റിങ്ങല്‍ പോപ്പുലര്‍ ഫിനാന്‍സ് കവര്‍ച്ച കേസ്, കിളിമാനൂരിലെ തഹസില്‍ദാറുടെ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികളെ പിടികൂടിയതിലും ഇപ്പോള്‍ ഡി വൈ എസ് പിയായ ആര്‍ പ്രതാപന്‍ നായര്‍ മികവ് തെളിയിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here